'പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു; നിയുക്ത മേയറും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടു; തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരില്‍; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്; പാര്‍ട്ടി വിപ്പ് കൈപ്പറ്റിയില്ല; അനുനയിപ്പിക്കാന്‍ നീക്കം; തൃശ്ശൂര്‍ മേയറെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Update: 2025-12-26 04:58 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡോ.നിജി ജസ്റ്റിനെ കഴിഞ്ഞ ദിവസം മേയറായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ലാലി ജെയിംസ് കടുത്ത ആരോപണവുമായി രംഗത്ത് വന്നു. പണം കൈപ്പറ്റിയാണ് മേയര്‍ പദവിയില്‍നിന്ന് തന്നെ തഴഞ്ഞതെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉയര്‍ത്തി. ഇന്ന് നടക്കാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് വിപ്പ് സ്വീകരിക്കാന്‍ ലാലി തയ്യാറായില്ല. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴയുകയായിരുന്നെന്നും അവര്‍ തുറന്നടിച്ചു.

പണം ഇല്ലാത്തതിന്റെ പേരിലാണ് പാര്‍ട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അര്‍ഹതപ്പെട്ട മേയര്‍ പദവി വിറ്റത്. തന്നെ മേയര്‍ ആക്കില്ലെന്ന് അറിഞ്ഞപ്പോള്‍ തേറമ്പലിനെ പോയി കണ്ടിരുന്നു. തന്റെ മകള്‍ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോള്‍ ചങ്ക് പിടഞ്ഞു പോയി. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വര്‍ഷമെങ്കിലും മേയര്‍ ആക്കുമോ എന്ന് താന്‍ ചോദിച്ചു. ഇടയ്ക്ക് ഒരു വര്‍ഷം നല്‍കാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാര്‍ട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.

'എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോയെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. എന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവര്‍ത്തനത്തെ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി നല്‍കി. മിനിയാന്ന് രാത്രിയും വിളിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. ടി.എന്‍.പ്രതാപന്‍,വിന്‍സെന്റ്,ടാജറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ ടേമിലേക്ക് സ്വീകരിക്കുമോ എന്ന് ചോദിച്ചു. എന്നെ പ്രഥമ പരിഗണനയില്‍നിന്ന് മാറ്റാനുള്ള കാര്യത്തെ കുറിച്ച് എനിക്കറിയില്ല. ആദ്യത്തെ ഒരു വര്‍ഷം മാത്രം മതി, ബാക്കി നാലുവര്‍ഷം ഒരാള്‍ക്ക് കൊടുത്തോളൂവെന്ന് പറഞ്ഞു. അത് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മുന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും അവര്‍ അറിയിച്ചു. നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കില്‍ സുധി ബാബുവിന് രണ്ടാം ഘട്ടം കൊടുത്തോളൂവെന്നും എന്നെ ഒഴിവാക്കിക്കോ എന്നും ഞാന്‍ പറഞ്ഞു' ലാലി പറഞ്ഞു.

'എന്റെ കൈയില്‍ നല്‍കാന്‍ ചില്ലികാശില്ല. പാര്‍ട്ടി ഫണ്ടോ മറ്റു കാര്യങ്ങളോ കൊടുക്കാന്‍ തയ്യാറുള്ള ഒരാളെ തിരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയം ഉണ്ട്. പണവുമായി ഭാര്യയും ഭര്‍ത്താവും പോകുന്നുവെന്ന് പുറത്തുള്ളവര്‍ പറഞ്ഞിരുന്നു. എനിക്കിപ്പോള്‍ സംശയമുണ്ട്' ലാലി ജെയിംസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിജി ജസ്റ്റിനെ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ തേറമ്പില്‍ രാമകൃഷ്ണന്‍ വഴി ലാലിയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

അതേസമയം ലാലി ഉയര്‍ത്തിയ ആരോപണങ്ങളും വിമര്‍ശനങ്ങളും നിജി ജസ്റ്റിന്‍ തള്ളി. ലാലിക്കുള്ള മറുപടി നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല. 28 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനമാനങ്ങള്‍ വരും പോകും. മേയര്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടും. അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുണ്ട്. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും' നിജി പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുമെന്നും നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പറഞ്ഞു. തൃശ്ശൂര്‍ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതിന് പ്രഥമ പരിഗണനയെന്നും നിജി ജസ്റ്റിന്‍ പറഞ്ഞു. നഗരസഭ ചുമതലയ്ക്കിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. തൃശ്ശൂര്‍ നഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിന്‍ പറഞ്ഞു.

Tags:    

Similar News