നാവിക അഭ്യാസം നടത്തുന്നതിനിടെ കുര്‍സ്‌ക് മുങ്ങി; വിവരം പുറത്ത് പോകാതിരിക്കാന്‍ അന്താരാഷ്ട്ര സഹായം തേടാന്‍ പുട്ടിന്‍ തയ്യാറായില്ല; അന്തര്‍വാഹിനി അപകടം മൂടി വെയ്ക്കാന്‍ പുട്ടിന്‍ നടത്തിയ ശ്രമങ്ങള്‍ എടുത്തത് 118 നാവികരുടെ ജീവന്‍; ആ കഥ ബില്‍ ക്ലിന്റണ്‍ പറയുമ്പോള്‍
വാഷിങ്ടണ്‍: റഷ്യയുടെ അഭിമാനമായിരുന്ന കുര്‍സ്‌ക് എന്ന അന്തര്‍വാഹിനിയുടെ ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. 2000 ആഗസ്റ്റ് 14ന് ബാരന്റസ് കടലില്‍ വെച്ചാണ് ഈ കൂറ്റന്‍ അന്തര്‍വാഹിനി മുങ്ങിയത്. 118 നാവികരുമായി മോസ്‌കോയിലെ കോലാപെനിന്‍സുലയില്‍ നിന്നു പുറപ്പെട്ടതായിരുന്നു അന്തര്‍വാഹിനി. രണ്ട് ആണവ റിയാക്ടറുകള്‍ ഈ മുങ്ങിക്കപ്പലിലുണ്ടായിരുന്നു. അവ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വലിയ ആണവദുരന്തം സംഭവിച്ചേനെ.
എന്നാല്‍ ആണവ ദുരന്തമൊന്നും ഇതില്‍ നിന്നുണ്ടായില്ല. എന്നാല്‍ കുറേയധികം നാവികരുടെ മരണത്തില്‍ ഇത് കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ലിന്റന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ മൂടി വെയ്ക്കുക ആയിരുന്നു എന്നാണ്. പകരം രാജ്യത്തിന് ബലി നല്‍കേണ്ടി വന്നത് 118 നാവികരുടെ ജീവനായിരുന്നു എന്നാണ് ക്ലിന്റന്‍ പറയുന്നത്. പുട്ടിന്‍ അധികാരത്തില്‍ എത്തി മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഈ ദുരന്തം നടന്നത്.
നാവിക അഭ്യാസം നടത്തുന്നതിനിടെ ആയിരുന്നു കുര്‍സ്‌ക് മുങ്ങിയത്. വിവരം പുറത്ത് പോകാതിരിക്കാന്‍ അന്താരാഷ്ട്ര സഹായം തേടാന്‍ പുട്ടിന്‍ തയ്യാറായിരുന്നില്ല. അത് കൊണ്ട് തന്നെ നാവികരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ആരുടേയും സഹായം റഷ്യക്ക് ലഭിച്ചിരുന്നില്ല. ദിവസങ്ങളോളം ജീവനക്കാര്‍ അവരുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു. കുര്‍ക്സ് ടെന്‍ ഡെയ്സ് ദാറ്റ് ഷേപ്പ്ഡ് പുട്ടിന്‍ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയിലാണ് ബില്‍ക്ലിന്റണ്‍ ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്.
അന്തര്‍വാഹിനി അപകടം മൂടി വെയ്ക്കാന്‍ പുട്ടിന്‍ നടത്തിയ ശ്രമങ്ങളിലൂടെ എങ്ങനെയാണ് 118 നാവികര്‍ കൊല്ലപ്പെട്ടതെന്നാണ് ഈ പരിപാടിയില്‍ ക്ലിന്റന്‍ വിശദീകരിക്കുന്നത്. റഷ്യയുടെ ആണവായുധ രഹസ്യങ്ങള്‍ പുറത്തു വരാതിരിക്കാനാണ് സ്വന്തം നാവികരെ പുട്ടിന്‍ കൊലയ്ക്ക് കൊടുത്തതെന്നാണ് ഇതിന്റെ ചുരുക്കം. രാവിലെ 11.28 നാണ് കുര്‍ക്സ് അന്തര്‍വാഹിനിക്ക് അപകടം സംഭവിക്കുന്നത്. സമീപത്ത് ഉണ്ടായിരുന്ന അമേരിക്കയുടെ അന്തര്‍വാഹിനികള്‍ക്ക് പെട്ടെന്ന് തന്നെ അപകടം മനസിലായി. തുടര്‍ന്ന് അവര്‍ രക്ഷാപ്രവര്‍ത്തനം നടത്താമെന്ന് റഷ്യയെ അറിയിച്ചു.
എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. മൂന്ന് ദിവസം ഇത്തരത്തില്‍ മൗനം പാലിച്ചിട്ടാണ് പിന്നീട് റഷ്യ അന്താരാഷ്ട്ര സഹായം തേടിയത്. അപ്പോഴേക്കും അന്തര്‍വാഹിനിയിലെ ജീവനക്കാരെല്ലാം മരിച്ചിരുന്നു. നേര്‍വ്വേയുടേയും ബ്രിട്ടന്റെയും മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായെങ്കിലും റഷ്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ ഇതിന് തടസം നില്‍ക്കുകയായിരുന്നു. കപ്പല്‍ മുങ്ങിയ സ്ഥാനം സംബന്ധിച്ച കൃത്യമായ മാപ്പ് നല്‍കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല എന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
ഓഗസ്റ്റ് ഇരുപതാം തീയതി മുങ്ങല്‍ വിദഗ്ധര്‍ അന്തര്‍വാഹിനിക്ക് സമീപം എത്തിയെങ്കിലും എല്ലാ നാവികരും മരിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. താന്‍ നേരിട്ട് പുട്ടിനെ ഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു എങ്കിലും സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് ക്ലിന്റന്‍ പറയുന്നത്. നാവികരുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ സംഭവം മൂടി വെയ്ക്കാനായിരുന്നു പുട്ടിന്‍ താല്‍പ്പര്യം കാട്ടിയതെന്നാണ് ക്ലിന്റന്‍ ആരോപിക്കുന്നത്.
അപകടം ഒരു സൈനിക ദുരന്തമല്ല രാഷ്ട്രീയ ദുരന്തമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. റഷ്യ- അമേരിക്ക ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ പുട്ടിന്‍ ഒരിക്കലും സഹായകരമായ നിലപാടല്ല സ്വീകരിച്ചതെന്നും ക്ലിന്റന്‍ കുറ്റപ്പെടുത്തുന്നു.