ചികിത്സിച്ച 300 കുട്ടികളെ പീഡിപ്പിച്ച സര്‍ജന്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു; പല കുഞ്ഞുങ്ങളെയും ബലാത്സംഗം ചെയ്തത് അനസ്‌തേഷ്യ കൊടുത്ത് മയക്കി: ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കുട്ടി പീഡകന്റെ വിശദാംശങ്ങള്‍ പുറത്ത്

Update: 2025-02-25 03:51 GMT

പാരീസ്: ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ പീഡോഫൈല്‍ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. ചികിത്സിച്ച 300 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 74 കാരനായ ജോയല്‍ ലെ സ്‌കൗര്‍നെക് ഒടുവില്‍ കുറ്റം സമ്മതിച്ചതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ പീഡോഫൈല്‍ കേസിന്റെ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്. ബീജ് ജമ്പറും കറുത്ത ജാക്കറ്റും ധരിച്ച് വെള്ള മുടിയുള്ള സ്‌കൗര്‍നെക് തന്റെ പീഡനത്തിന് ഇരയായവരുടെ മുന്നിലേക്കാണ് കഴിഞ്ഞ ദിവസം എത്തിയത്.

മൂന്നു പതിറ്റാണ്ടോളമാണ് ഇയാള്‍ സര്‍ജനായി സേവനം അനുഷ്ഠിച്ചത്. അതിനിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കമുള്ള 299 പേരെ ആക്രമിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലുടനീളം ജോലി ചെയ്തിരുന്ന സ്‌കൗര്‍നെക് പലരെയും അനസ്തേഷ്യയ്ക്ക് വിധേയരാക്കി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. 2020ല്‍ അയല്‍വാസിയായ ആറ് വയസുകാരനെയും നാല് വയസുള്ള ഒരു രോഗിയെയും അയാളുടെ രണ്ട് മരുമക്കളെയും ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലെ സ്‌കൗര്‍നെക് നിലവില്‍ 15 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.

2017ല്‍ ആറ് വയസുകാരിയായ പെണ്‍കുട്ടി തന്റെ മാതാപിതാക്കളോട് പൂന്തോട്ടത്തില്‍ വച്ച് സ്‌കൗര്‍നെക് തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് അയാള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി വ്യക്തമായത്. ഉടന്‍ തന്നെ അവര്‍ പോലീസിനെ ബന്ധപ്പെട്ടു.

തുടര്‍ന്ന് ജോണ്‍സാകിന്റെ സ്‌കൗര്‍നെകിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാലപീഡനം ചിത്രീകരിക്കുന്ന ഞെട്ടിക്കുന്ന തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. 300,000 ഫോട്ടോകളും വീഡിയോകളും ഇരകളുടെ പേരുകള്‍, ആക്രമണങ്ങളുടെ വിവരണങ്ങള്‍, തീയതികള്‍ എന്നിവയുള്‍പ്പെടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അദ്ദേഹത്തിന്റെ മുഴുവന്‍ ആക്രമണങ്ങളുടെയും സൂക്ഷ്മമായ വിവരങ്ങള്‍ അടങ്ങിയ ഡയറിക്കുറിപ്പുകളാണ് പോലീസ് കണ്ടെത്തിയത്.

മാത്രമല്ല, വീടിന്റെ പാര്‍ക്കറ്റ് ഫ്ലോറിംഗിനടിയില്‍ നിന്നും ഇയാള്‍ പേരുകള്‍ നല്‍കിയ ഒരു കൂട്ടം പാവകളേയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഡയറിക്കുറിപ്പില്‍ സ്‌കൗര്‍നെക് കൊന്നവരുടെ കൂട്ടത്തില്‍ ഈ പേരുകളും ഉണ്ടെന്ന് പൊലീസ് ഞെട്ടലോടെയാണ് കണ്ടെത്തിയത്. ഡയറിയിലെ ഒരു കുറിപ്പില്‍ 'ഞാന്‍ ഒരു പീഡോഫൈല്‍ ആണ്, ഞാന്‍ എപ്പോഴും അങ്ങനെ തന്നെയായിരിക്കും' എന്നും സ്‌കൗര്‍നെക് സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇയാളുടെ ഡയറിക്കുറിപ്പുകള്‍ വച്ചാണ് പൊലീസ് പല ഇരകളേയും കണ്ടെത്തിയത്.

എന്നാല്‍ അവരില്‍ പലരെയും മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതിനാല്‍ ഈ സംഭവം പലര്‍ക്കും ഓര്‍മ്മ പോലും ഉണ്ടായിരുന്നില്ല. മറ്റു ചിലര്‍ ആത്മഹത്യയിലേക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായോ മാറുകയും സാമൂഹിക ബന്ധങ്ങള്‍ പോലും സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഭര്‍ത്താവ് ഡൊമിനിക്കിന്റെ നിര്‍ദ്ദേശപ്രകാരം ഗിസെലെ പെലിക്കോട്ട് എന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത 51 പുരുഷന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് ശേഷം ഫ്രാന്‍സിനെ പിടിച്ചുകുലുക്കിയ രണ്ടാമത്തെ വലിയ ലൈംഗിക പീഡന കേസാണിത്.

Similar News