ക്രിപ്‌റ്റോ കറന്‍സിയിലും മണി 'ഹായ്‌സ്റ്റ്'; ഡിജിറ്റല്‍ കറന്‍സിയായ എതെറിയത്തിന്റെ 1.5 ബില്യണ്‍ ഡോളര്‍ അടിച്ചുമാറ്റി ഹാക്കര്‍മാര്‍; ഇത് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ കൊള്ള; കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ്

ക്രിപ്‌റ്റോ കറന്‍സിയിലും മണി 'ഹായ്‌സ്റ്റ്'

Update: 2025-02-25 12:03 GMT

രിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മോഷണത്തിലെ കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ്, സൈബര്‍ സുരക്ഷാ മേഖലയിലെ പ്രമുഖരോട് അഭ്യര്‍ത്ഥിച്ചു. 1.5 ബില്യണ്‍ ഡോളറാണ് ഹാക്കര്‍മാര്‍ അടിച്ചുമാററിയത്. ഏറ്റവും വലിയ ഒറ്റ ഡിജിറ്റല്‍ മോഷണമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ബിറ്റ്‌കോയിന് ശേഷമുള്ള ഏറ്റവും ജനപ്രിയ ഡിജിറ്റല്‍ കറന്‍സികളില്‍ ഒന്നായ എതെറിയത്തിന്റെ ഒരു വാലറ്റിന്റെ നിയന്ത്രണമാണ് ഇവര്‍ നേടിയത്. അതിന്റെ ഉള്ളടക്കം മുഴുവനും അജ്ഞാതമായ ഒരു വിലാസത്തിലേക്ക് മാറ്റിയതായും ദുബായ് ആസ്ഥാനമായി പ്രവ്രര്‍ത്തിക്കുന്ന ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം പറഞ്ഞു.

ബൈബിറ്റ് ഇതിന് തൊട്ടു പിന്നാലെ തന്നെ തങ്ങളുടെ ക്രിപ്‌റ്റോകറന്‍സി ഹോള്‍ഡിംഗുകള്‍ സുരക്ഷിതമാണെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട കറന്‍സി സ്ഥാപനത്തിന് തിരികെ നല്‍കിയില്ലെങ്കിലും പണം നഷ്ടമായ എല്ലാവര്‍ക്കും ബൈബിറ്റ് റീഫണ്ട് ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

പണം തിരിച്ചുപിടിച്ചില്ലെങ്കിലും ബൈബിറ്റ് എല്ലാ ഉപഭോക്താക്കളുടെയും നഷ്ടമായ പണം തിരികെ നല്‍കുന്ന കാര്യം ഉറപ്പാണെന്നാണ് ബൈബിറ്റിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ ബെന്‍ഷൗ അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് 20 ബില്യണ്‍ ഉപഭോക്തൃ ആസ്തികള്‍ ഉണ്ടെന്നും, തിരിച്ചുപിടിക്കാത്ത ഫണ്ടുകള്‍ സ്വയം അല്ലെങ്കില്‍ പങ്കാളികളില്‍ നിന്നുള്ള വായ്പകള്‍ വഴി നികത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമായി 60 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുമാണ് ബൈബിറ്റ്. സ്ഥാപനം ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ നിരവധി പേര്‍ പണം പിന്‍വലിക്കാനായി

രംഗത്ത് വന്നതായും ബെന്‍ഷൗ വ്യക്തമാക്കി. ഇത്തരത്തില്‍ മൂന്നര ലക്ഷത്തോളം അപേക്ഷകളാണ് കിട്ടിയത്. ഇവ പ്രോസസ് ചെയ്യാന്‍ അല്‍പ്പം സമയം കൂടി വേണ്ടി വരുമെന്നും സി.ഇ.ഒ പറഞ്ഞു. എക്സ്ചേഞ്ചിലെ എല്ലാ വാലറ്റുകളേയും ഹാക്കിംഗ് ദോഷകരമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്തിയപ്പോള്‍ അമേരിക്കയെ ഭൂമിയിലെ ക്രിപ്റ്റോ തലസ്ഥാനം ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ക്രിപ്റ്റോ മേഖലക്ക് വലിയ തോതിലുള്ള വളര്‍ച്ചയാണ് നല്‍കിയത്. എന്നാല്‍ ഈ ഹാക്കിംഗ് അതിനെ ദോഷകരമായി ബാധിച്ചിരുന്നു. ഹാക്കിംഗിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായില്ലെങ്കിലും ഉത്തരകൊറിയയിലെ ലാസറസ് ഗ്രൂപ്പ് പോലെയുള്ള ഏതെങ്കിലും ഹാക്കര്‍മാര്‍ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

2022-ല്‍ ബ്ലോക്ക്‌ചെയിന്‍ പ്രോജക്റ്റായ റോണിന്‍ ഗ്രൂപ്പില്‍ നിന്ന് 615 മില്യണ്‍ ഡോളര്‍ മോഷ്ടിച്ചതിന് പിന്നിലും ഇവരാണെന്നാണ് ആരോപണം ഉയര്‍ന്നത്.

Tags:    

Similar News