കോവിഡിന് ശേഷം മലവെള്ളം പോലെ പാഞ്ഞെത്തിയ നഴ്സുമാരെ കുറിച്ചും കെയറര്‍മാരെ കുറിച്ചും സ്വതന്ത്ര അന്വേഷണം; മലയാളികള്‍ അടക്കമുള്ളവരുടെ ജീവിത നിലവാരം പരിതാപകാരമെന്ന് റിപ്പോര്‍ട്ട്: ബ്രിട്ടണില്‍ കെയര്‍ മേഖലയെ കുറിച്ച് സമഗ്ര അന്വേഷണം വരും

Update: 2025-03-10 04:18 GMT

ലണ്ടന്‍: ബ്രിട്ടണില്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തോഴിലാളികള്‍ ചൂഷണത്തിന് വിധേയമാകുന്നതായി റിപ്പോര്‍ട്ട്. ചൂഷണം സഹിക്കാതെ ജോലി വിടാന്‍ തീരുമാനിച്ചാല്‍ കരാറിലെ റീപേയ്‌മെന്റ് ക്ലോസ് ഉപയോഗിച്ച് തൊഴിലുടമകള്‍ അവരില്‍ നിന്നും പതിനായിരക്കണക്കിന് പൗണ്ട് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ സി എന്‍ ഉപദേശക സമിതിക്ക് ലഭിച്ച ഫോണ്‍കോളുകള്‍ വിശകലനം ചെയ്തതില്‍, സോഷ്യല്‍ കെയര്‍ മേഖലയില്‍ ചൂഷണത്തിന് വിധേയരാവുന്നവരുടെ ഫോണ്‍ വിളികളുടെ എണ്ണം എട്ട് മടങ്ങോളം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് തെളിയുന്നത്.

2020-ല്‍ ചൂഷണത്തിനു വിധേയരായ 12 പേരാണ് വിളിച്ചതെങ്കില്‍ 2024 ല്‍ അത് 110 ആയി ഉയര്‍ന്നു എന്ന് ആര്‍ സി എന്‍ ഡാറ്റ പറയുന്നു. പുതിയ ഒരു സിംഗിള്‍ എന്‍ഫോഴ്സ്‌മെന്റ് സമിതിയെ ഉപയോഗിച്ച് ഇക്കാര്യം അന്വേഷിക്കുയ്‌മെന്ന് തെരഞ്ഞെടുപ്പിന് മുന്‍പായി ഇപ്പോഴത്തെ ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, അത് 2026 വസന്തകാലത്തിനു മുന്‍പായി സംഭവിക്കില്ല എന്നാണ് ആര്‍ സി എന്‍ പറയുന്നത്. ഇതില്‍ ഉണ്ടാകുന്ന കാലതാമസം നൂറുകണക്കിന് പേര്‍ ചൂഷണത്തിന് വിധേയരാകാന്‍ ഇടയാക്കുന്നു എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്നാണ് ആര്‍ സി എന്‍ പറയുന്നത്. കെയര്‍ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ട്രേഡ് യൂണിയന്‍ അംഗങ്ങളല്ല. മറ്റു പലരും ഭീഷണിയില്‍ ഭയന്ന് പരാതി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്. പീഢനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്നവരെ കൈവിടില്ലെന്ന് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പിന് മുന്‍പായി വാഗ്ദാനം നല്‍കിയീ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ ഹോം സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

വാഗ്ദാനം പ്രവൃത്തിയില്‍ കാണിക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്നും കത്തില്‍ ഹോം സെക്രട്ടറിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഹോം ഓഫീസും ബന്ധപ്പെട്ട മറ്റ് ഓഫീസുകളും സോഷ്യല്‍ കെയര്‍ മേഖലയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ചും പീഢനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നാണ് ആര്‍ സി എന്‍ ആവശ്യപ്പെടുന്നത്. ചൂഷണം മടുത്ത് ജോലി വിടാന്‍ ഒരുങ്ങിയാല്‍ റീപേയ്‌മെന്റ് ക്ലോസ് ഉപയോഗിച്ച് വന്‍ തുക തന്നെ തൊഴിലുടമകള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെടും. ഒരു നഴ്സിനോട്, ജോലി വിട്ടു പോകാന്‍ 25,000 പൗണ്ടാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെന്ന് പ്രൊഫസര്‍ നിക്കോള പറയുന്നു.

എന്‍ എച്ച് എസ് എംപ്ലോയേര്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പരമാവധി 3000 പൗണ്ട് വരെ മാത്രമാണ് നഷ്ട്പരിഹാരം ആവശ്യപ്പെടാന്‍ കഴിയുക, അതും ജീവനക്കാര്‍ ജോലിക്ക് കയറി ഒരു വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞുപോയാല്‍ മാത്രം. ഒരു വര്‍ഷം കഴിഞ്ഞാണ് പിരിഞ്ഞു പോകുന്നതെങ്കില്‍ പരമാവധി 1500 പൗണ്ട് വരെയും രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കില്‍ പരമാവധി 750 പൗണ്ട് വരെയും മാത്രമെ നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയുകയുള്ളു.

Tags:    

Similar News