അമേരിക്കന്‍ എണ്ണ കപ്പലിന് ബ്രിട്ടീഷ് തീരത്ത് വച്ച് തീപിടിച്ചു; 18000 ടണ്‍ എണ്ണ കടലിലേക്ക് ഒഴുകി; മിലിട്ടറി ജെറ്റ് ഫ്യൂവലുമായി നീങ്ങിയ കപ്പലിന് തീ പിടിച്ചതോടെ സംഭവിക്കാന്‍ പോകുന്നത് വമ്പന്‍ നാശനഷ്ടങ്ങള്‍

Update: 2025-03-11 05:02 GMT

ലണ്ടന്‍: യു.കെ. തീരത്തെ ഈസ്ററ് യോര്‍ക്ക്ഷയറില്‍ എണ്ണക്കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു. രണ്ട് കപ്പലുകളിലേയും ജീവനക്കാരായ 36 പേരെ ബ്രിട്ടീഷ് തീര സംരക്ഷണ സനേ കരക്കെത്തിച്ചു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടേയും ആരോഗ്യനില ഗുരുതരം ആണെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

സമീപ പ്രദേശങ്ങളില്‍ നിന്ന് ഹെലികോപ്ടറും ലൈഫ് ബോട്ടുകളും തീയണയ്ക്കാന്‍ സംവിധാനമുള്ള കപ്പലുകളും സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്റ്റെനാ ഇമ്മാക്കുലേറ്റ് എന്ന അമേരിക്കന്‍ പതാക വഹിക്കുന്ന ചരക്ക് ടാങ്കറും പോര്‍ച്ചുഗലിലെ സ്വയംഭരണ പ്രദേശമായ മദീരയുടെ പതാകയുള്ള സോളാംഗ് എന്ന കണ്ടയ്നര്‍ കപ്പലുമാണ് അപകടത്തില്‍ പെട്ടത്. ദുരന്തത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീരത്ത് നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെ നിന്ന് കട്ടിയുള്ള കറുത്ത പുകയും തീജ്വാലകളും ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

18000 ടണ്‍ എണ്ണയാണ് കപ്പലില്‍ നിന്ന്് കടലിലേക്ക് ഒഴുകിയത്. മിലിട്ടറി ജെറ്റ് ഫ്യൂവലുമായി നീങ്ങിയ കപ്പലിന് തീ പിടിച്ചതോടെ സംഭവിക്കാന്‍ പോകുന്നത് വമ്പന്‍ നാശനഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ കപ്പലിലെ ഒരു ജീവനക്കാരനെ കാണാതായതായി കമ്പനി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍ രണ്ട് കപ്പലുകളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച പ്രാദേശിക സമയം 11.28 നാണ് അപകടത്തെ കുറിച്ചുള്ള ആദ്യ സന്ദേശം ലഭിച്ചതെന്നാണ് ആംബുലന്‍സ് സര്‍വ്വീസുകാര്‍ അറിയിക്കുന്നത്. അപകടത്തെ തുടര്‍ന്ന് രണ്ട് കപ്പലുകളിലേയും ജീവനക്കാര്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനിനായി എത്തിയ പല ലൈഫ്ബോട്ടുകളും തീപിടുത്തം നേരിടാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് കാരണം മടക്കി അയക്കേണ്ടി വന്നിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണമാണോ അപകടം ഉണ്ടായത് എന്ന് സംശയിക്കപ്പെടുന്നുണ്ട്. മൂടല്‍മഞ്ഞും കൊടും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

അപകടത്തില്‍ പെട്ട സ്റ്റെല്ലാ ഇമ്മാക്കുലേറ്റ് എന്ന എണ്ണ ടാങ്കറില്‍ 142000 ബാരല്‍ മിലിട്ടറി ജെറ്റ് ഫ്യൂവലാണ് ഉണ്ടായിരുന്നത്. ചരക്ക് കപ്പലായ സോളാംഗ് എന്ന ചരക്കു കപ്പലില്‍ 15 കണ്ടയിനറുകള്‍ നിറയെ സോഡിയം സയനേഡാണ് ഉണ്ടായിരുന്നത്. ഇവ രണ്ടും പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമോ എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. അമേരിക്കന്‍ പ്രതിരോധസേനക്ക്് വേണ്ടി ജെറ്റ് ഫ്യൂവലുമായി പോകുകയായിരുന്നു സ്റ്റെനാ ഇമ്മാക്യുലേറ്റ് എന്ന ഓയില്‍ ടാങ്കര്‍. ഗ്രീസിലെ കൊറിന്തിലെ ഒരു ഓയില്‍ റിഫൈനറിയില്‍ നിന്നും എണ്ണ നിറച്ചതിന് ശേഷമാണ് ഈ ടാങ്കര്‍ യാത്ര തിരിച്ചത്.

കപ്പലപകടം നടന്നതിന് സമീപമാണ് ബ്രിട്ടനിലെ അപൂര്‍വ്വ പക്ഷികള്‍ ഉള്‍പ്പെടുന്ന പക്ഷി സങ്കേതങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കടലില്‍ എണ്ണ പരക്കുന്നത് പരിസ്ഥിതി നാശം ഉണ്ടാക്കുകയും പക്ഷികള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്നും പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Similar News