ചാംപ്യന്‍സ് ട്രോഫി വന്നതോടെ ഒരു വിഭാഗം സ്‌പോര്‍ട്‌സ് ചാനലിലേക്ക്; ഷൈനിയുടെയും കുട്ടികളുടെയും മരണവും കാസര്‍കോട്ടെ ആത്മഹത്യയും സിപിഎം സംസ്ഥാന സമ്മേളനവും വാര്‍ത്തയില്‍ നിറഞ്ഞെങ്കിലും വാര്‍ത്താ ചാനലുകള്‍ക്ക് പ്രേക്ഷക പ്രീതിയില്‍ ഇടിവ്; ഒന്നാമനായി എതിരാളികളില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്; ബാര്‍ക് റേറ്റിംഗ് ഒന്‍പതാം ആഴ്ചയില്‍
ഒന്നാമനായി എതിരാളികളില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്; ബാര്‍ക് റേറ്റിംഗ് ഒന്‍പതാം ആഴ്ചയില്‍
തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്ക് വാര്‍ത്താ ചാനലുകളോട് അകലം പാലിച്ച് തുടങ്ങിയോ? അതിനാടകീയമായ അവതരണ ശൈലികള്‍ കൊണ്ട് പോലും പ്രേക്ഷകരെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ അവതാരകര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെ? കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള ബാര്‍ക് റേറ്റിംഗ് പരിശോധിക്കുമ്പോള്‍ പ്രേക്ഷകരുടെ ഇടിവ് പ്രകടമാണ്. പോയവാരം വാര്‍ത്താക്ഷാമം ഒന്നും ഉണ്ടായിരുന്നില്ല. ഏറ്റുമാനൂരില്‍ പെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടിയുള്ള ഷൈനിയുടെ മരണവും കാസര്‍കോട്ടെ പതിനഞ്ചുകാരിയുടെയും അയല്‍വാസിയായ 42കാരന്റെയും മരണവും കേരളത്തിന്റെയൊന്നാകെ നൊമ്പരമായി മാറി. ഇതോടൊപ്പം പിണറായി വിജയന്റെ സമഗ്രാധിപത്യം വീണ്ടും ഉറപ്പിച്ച സിപിഎം സംസ്ഥാന സമ്മേളനവും വാര്‍ത്തകളായി. കൂടാതെ ആശവര്‍ക്കര്‍മാരുടെ നിയമസഭ മാര്‍ച്ചും പ്രതിഷേധവും പി സി ജോര്‍ജിന്റെ അറസ്റ്റും ലൗ ജിഹാദ് ആരോപണവും ഇടുക്കിയിലെ ഭൂമി കയ്യേറ്റവും കുരിശു കൃഷിയുമൊക്കെ കേരളം ചര്‍ച്ച ചെയ്തു.
എന്നാല്‍ സംസ്ഥാനത്തെ വാര്‍ത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തത്തില്‍ കാര്യമായ ഇടിവാണ് ഒന്‍പതാം ആഴ്ചയിലും ബാര്‍ക് റേറ്റിംഗില്‍ പ്രകടമായത്. രണ്ടാഴ്ചയായി തുടരുന്ന പ്രേക്ഷക പങ്കാളിത്തത്തിലെ കുറവ് ഏറ്റവും അവസാനം പുറത്തുവന്ന ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) റേറ്റിങ്ങിലും പോയിന്റ് നില കുറയുകയാണ്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് കേരള ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ 75.2 പോയിന്റ് മാത്രമേയുളളു. ബാര്‍ക് റേറ്റിങ്ങില്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോയിന്റ് നിലയാണിത്.
പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസ് തന്നയാണ് മറ്റുചാനലുകളെ അപേക്ഷിച്ച് മുന്നില്‍. എന്നാല്‍ പോയിന്റ് നില പരിശോധിച്ചാല്‍ വലിയ ഇടിവ് ഏഷ്യാനെറ്റിന് സംഭവിച്ചിരിക്കുന്നു. 100 ഉം, 90 ഉം, 80 ഉം പോയിന്റ് സ്വന്തമാക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയില്‍ 77.54 പോയിന്റായിരുന്നു. ഈ ആഴ്ചയില്‍ 76. 51 ആയി കുറഞ്ഞു. ഒരു പോയിന്റോളം നഷ്ടമാണ് ഏഷ്യാനെറ്റ് നേരിട്ടത്.
ഇന്ന് പുറത്ത് വന്ന 9-ാം ആഴ്ചയിലെ കേരളാ ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തിലെ ബാര്‍ക് റേറ്റിങ്ങിലാണ് 76.51 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഒന്നാം സ്ഥാനം നിലനിര്‍ത്താനായെങ്കിലും തൊട്ടുമുന്നിലുളള ആഴ്ചയിലേക്കാള്‍ 0.9 പോയിന്റ് കുറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായി. 67 പോയിന്റുമായി റിപോര്‍ട്ടര്‍ ടിവിയാണ് റേറ്റിങ്ങ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്ത്. മുന്‍പത്തെ ആഴ്ചയിലേക്കാള്‍ 0.6 പോയിന്റ് വര്‍ദ്ധിപ്പിച്ചാണ് റിപോര്‍ട്ടര്‍ 67 പോയിന്റിലേക്ക് എത്തിയത്.
61.74 പോയിന്റുമായി ട്വന്റി ഫോര്‍ ന്യൂസാണ് മൂന്നാം സ്ഥാനത്തുളളത്, ട്വന്റി ഫോറിനും മുന്‍പത്തെ ആഴ്ചയിലേക്കാള്‍ 1.2 പോയിന്റ് കൂടിയിട്ടുണ്ട്. മെയില്‍ എബി 22+ വിഭാഗത്തില്‍ റിപോര്‍ട്ടറിനെ പിന്തളളി ട്വന്റി ഫോര്‍ ന്യൂസ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. ആദ്യ മുന്‍നിര ചാനലുകളില്‍ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് മാത്രമാണ് നേരിയ നിലയില്‍ പോയിന്റ് കുറഞ്ഞത്.
ടെലിവിഷനില്‍ വാര്‍ത്ത കാണുന്നവരില്‍ നല്ലൊരു വിഭാഗം ചാംപ്യന്‍സ് ട്രോഫി ടൂര്‍ണ്‍മെന്റ് സംപ്രേഷണം ചെയ്യുന്ന സ്‌പോര്‍ട്‌സ് ചാനലുകളിലേക്ക് പോയി. പ്രേക്ഷകരെ പിടിച്ചിരുത്താനും ആകര്‍ഷിക്കാനും കഴിയുന്ന സ്‌തോഭ ജനകമായ സംഭവങ്ങളോ വാര്‍ത്തകളോ വാര്‍ത്താ ചാനലുകളുടെ ഉളളടക്കത്തില്‍ ഇല്ലായിരുന്നു.
നാല്‍പത് വയസിന് മുകളിലുളളവരാണ് ഇപ്പോഴും കേരളത്തില്‍ ടെലിവിഷനില്‍ വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും ശ്രദ്ധിക്കുന്നത്. നാല്‍പ്പതില്‍ താഴെയുളള തലമുറയ്ക്ക് വാര്‍ത്തകളോട് മമതയില്ല. ഇനി വാര്‍ത്തയുമായി ബന്ധപ്പെട്ട റീല്‍സോ ഷോട്‌സോ കണ്ടാല്‍ തന്നെ അത് മൊബൈല്‍ സ്‌ക്രീനിലായിരിക്കും. നാല്‍പ്പതിന് മുകളിലുളളവര്‍ തന്നെയാണ് ഇപ്പോഴും ക്രിക്കറ്റും ടെലിവിഷനില്‍ കാണുന്നത്. ചാംപ്യന്‍സ് ട്രോഫി വന്നതോടെ സ്‌പോര്‍ട്‌സ് ചാനലിലേക്ക് പോയതാണ് മലയാളത്തിലെ വാര്‍ത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയാന്‍ കാരണം.
മൂന്നാഴ്ചയായി റേറ്റിങ്ങില്‍ നാലാം സ്ഥാനം നിലനിര്‍ത്തുന്ന മനോരമ ന്യൂസ് ഒന്‍പതാം വാരത്തിലും നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ നാലാം സ്ഥാനത്തേക്കുളള പോരാട്ടത്തില്‍ മനോരമക്ക് തൊട്ടുപിന്നില്‍ ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ഇക്കുറി വന്‍വ്യത്യാസത്തിലേക്കാണ് അഞ്ചാം സ്ഥാനത്ത് തുടരുന്നത്. കേരളാ ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ മനോരമ 36.6 പോയിന്റ് നേടിയപ്പോള്‍ മാതൃഭൂമി ന്യൂസിന് 29.8 പോയിന്റ് മാത്രമാണുളളത്. കഴിഞ്ഞയാഴ്ച ലഭിച്ച 31.3 പോയിന്റില്‍ നിന്നാണ് മാതൃഭൂമി ന്യൂസ് 29.8 പോയിന്റിലേക്ക് വീണത്.
പതിവ് പോലെ ജനം ടിവിയാണ് ആറാം സ്ഥാനത്ത്. ജനത്തിന് 9-ാം ആഴ്ചയില്‍ 17.4 പോയിന്റാണ് ലഭിച്ചത്. മുന്‍പുളള ആഴ്ചയിലേക്കാള്‍ കുറഞ്ഞ പോയിന്റാണ് ജനം ടിവിക്ക് ലഭിച്ചത്. ജനം ടിവി17.44 ആയി കുറഞ്ഞു
സി.പി.എം സംസ്ഥാന സമ്മേളനകാലം ആയിട്ടും റേറ്റിങ്ങില്‍ ഉയര്‍ന്ന പോയിന്റ് നേടാന്‍ കൈരളി ന്യൂസിന് കഴിഞ്ഞിട്ടില്ല. 13.4 പോയിന്റാണ് ഏഴാം സ്ഥാനത്തുളള കൈരളി ന്യൂസിന്റെ സമ്പാദ്യം. 12.5 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. 6.6 പോയിന്റുമായി മീഡിയാ വണ്‍ ചാനലാണ് ഒന്‍പതാം സ്ഥാനത്ത്. കേരളാ വിഷന്റെ പ്രൈം ബാന്‍ഡ് നേടിയാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തുള്ളത്. 24 ന്യൂസ് ആകട്ടെ രണ്ടാമത്തെ പ്രൈം ബാന്‍ഡും നേടി. ഇതോടെയാണ് മറ്റ് പരമ്പരാഗത വാര്‍ത്താ പവര്‍ഹൗസുകളെ ഇവര്‍ പിന്നിലാക്കിയത്.