പത്താം ക്ലാസില്‍ ഫസ്റ്റ് ക്ലാസോടെ പ്രിഡിഗ്രി പഠനത്തിനായി കോളേജിലേക്ക; റാഗിങ് മനസ് തകര്‍ത്തതോടെ വീട്ടില്‍ സ്വയം തീര്‍ത്ത തടവറയിലൊതുങ്ങി; സ്വന്തം കണ്ണുപോലും ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ച മനോനില: ഉള്ളുലച്ച് സാവിത്രി മടങ്ങി

റാഗിങ് തകര്‍ത്ത മനസ്സുമായി 29 വര്‍ഷം; ഉള്ളുലച്ച് സാവിത്രി മടങ്ങി

Update: 2025-03-18 02:04 GMT

കാസര്‍കോട്: കാമ്പസ് റാഗിങ് കൗമാര മനസ്സിനെ പലവിധത്തിലാണ് സ്വാധീനിക്കുന്നത്. പലരുടെയും മനസ്സിനെ ഇത് ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്ന് വരാം. പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി പഠനത്തിനായി കോളേജിലേക്ക് എത്തിയതോടെ റാഗിങിന് ഇരയായ സാവിത്രി എന്ന കൗമാരക്കാരി ഉലഞ്ഞുപോയ മനസ്സുമായി 29 വര്‍ഷമാണ് സ്വയം തീര്‍ത്ത തടവറയില്‍ കഴിഞ്ഞത്. വീടിനും നാടിനും സങ്കടമായി മാറിയ വെങ്ങാട്ടെ മുണ്ടുവളപ്പില്‍ സാവിത്രി (45) ഒടുവില്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. പനിയെത്തുടര്‍ന്നുള്ള അണുബാധ മൂലമാണു മരിച്ചത്. മഞ്ചേശ്വരം സ്‌നേഹാലയ റീഹാബിലിറ്റേഷന്‍ സെന്റര്‍ അന്തേവാസിയായിരുന്നു.

റാഗിങ് കൗമാരമനസ്സിലേല്‍പിച്ച മുറിവുമായി 29 വര്‍ഷമാണ് സാവിത്രി ജീവിച്ചത്. സ്വന്തം കണ്ണുപോലും ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ച മാനസിക നിലയിലേക്കാണ് കാമ്പസ് റാഗിങ് ആ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചത്. സാവിത്രിക്ക് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ കെ.പി.അമ്പു മരിച്ചിരുന്നു. അമ്മ വട്ടിച്ചിയാണ് സാവിത്രി ഉള്‍പ്പെടെ നാലു പെണ്‍മക്കളെ വളര്‍ത്തിയത്. പഠനത്തില്‍ മിടുക്കി ആയിരുന്ന സാവിത്രി പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ ജയിച്ചു. തുടര്‍ പഠനത്തിനായി 1996 ജൂലൈയിലാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നത്.

നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന സാവിത്രി കോളേജിലെത്തി ആദ്യദിവസം മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്നു റാഗിങ് നേരിട്ടു. ഇതോടെ ഭയന്നു പോയ സാവിത്രിയുടെ മനോനിലയെ ഇത് സാരമായി ബാധിച്ചു. കോളേജിലെത്തി മൂന്നാംദിനം മുതല്‍ മുറിയില്‍നിന്നു പുറത്തിറങ്ങാതായി. ഇനി കോളേജിലേക്ക് പോകേണ്ടന്ന് തീരുമാനിച്ചു. നന്നായി പഠിച്ചിരുന്ന കുട്ടി വീട്ടില്‍ അടച്ചിരിക്കുന്നതു നാട്ടില്‍ സംസാരമായെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. ഇതിനിടെ പല ആശുപത്രികളില്‍ ചികിത്സ തേടി. പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. 2005 ല്‍ സ്വയം ചൂഴ്ന്നെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

സാമ്പത്തികമായി പിന്നാക്കമെങ്കിലും അമ്മ എം.വി. വട്ടിച്ചിയും സഹോദരിമാരും ദീര്‍ഘകാലം സാവിത്രിയെ ചികിത്സയ്ക്ക് വിധേയമാക്കി. തിരുവനന്തപുരത്തെ ചിത്തരോഗ ആസ്പത്രിയിലായിരുന്നു പത്തുവര്‍ഷം. രോഗം ഭേദമായതിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലായിരുന്നു. അവിടെവെച്ചുള്ള വീഴ്ചയില്‍ പരിക്കേറ്റ് മംഗളൂരുവിലും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ചികിത്സയിലായിരുന്നു.

മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് 2010 ല്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, സാവിത്രിക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നു കലക്ടര്‍ക്കും റാഗിങ് തടയാന്‍ കര്‍ശനനടപടിയെടുക്കണമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിജിപി എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. ചികിത്സ തിരുവനന്തപുരത്തായതിനാല്‍ മകളെ കാണാനാകുന്നില്ലെന്ന അമ്മയുടെ സങ്കടം മലയാള മനോരമ 2021ല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് മഞ്ചേശ്വരം സ്‌നേഹാലയയിലേക്കു മാറ്റിയത്. സഹോദരങ്ങള്‍: ശാന്ത, തങ്കമണി (ഇരുവരും ദിനേശ് ബീഡി റിട്ട. തൊഴിലാളികള്‍), സുകുമാരി (ദിനേശ് ബീഡി തൊഴിലാളി, വെങ്ങാട്).

Tags:    

Similar News