ഹീലിയം ചോർച്ച മുതൽ മസ്ക്ക് വരെ; സുനിതയും ബുച്ചും ശൂന്യാകാശത്ത് പ്രതിസന്ധികളെ താണ്ടിയത് ഒമ്പത് മാസം; എല്ലാം ആത്മധൈര്യത്തോടെ നേരിട്ടു; അധിക ജോലി ചെയ്ത് സ്പേസ് സ്റ്റേഷനിൽ ജീവിതം; ഭൂമിയിൽ തിരിച്ചെത്തുന്നത് 17 മണിക്കൂര്‍ യാത്ര ചെയ്ത്; കൂടെ ബഹിരാകാശത്തെ ഒരു റെക്കോർഡും സ്വന്തമാക്കി രാജ്ഞി; 'ഡ്രാഗണ്‍' പേടകത്തെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ!
ന്യൂയോർക്ക്: ഇനി ഉറ്റവരെ എന്ന് കാണും എന്ന് വിചാരിച്ചു ജീവിക്കുന്ന മാനസിക അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ അത് ആർക്കും ഉൾകൊള്ളാൻ കൂടി സാധിക്കില്ല. പക്ഷെ അവിടെ സുനിതയും ബുച്ചും ഒരു മാതൃക ആയിരിക്കുകയാണ്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ അവർ ഒമ്പത് മാസമാണ് തള്ളിനീക്കിയത്. അവർ എല്ലാം അവിടെ വളരെ ആത്മധൈര്യത്തോടെ നേരിടുകയും ചെയ്തു. നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് എന്നുള്ള വാർത്ത വളരെ ആവേശത്തോടെയാണ് ലോകം കേൾക്കുന്നത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ തന്നെ 3.27-ന് ഭൂമിയില്‍ ഇറങ്ങും.
യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍മൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്. ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ആണ് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പാരാഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. പുലര്‍ച്ചെ 3.27-ന് പേടകം ഭൂമിയില്‍ ഇറങ്ങും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ വ്യക്തമാക്കി.
സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കുന്നത്.
ഫ്ലോറിഡ തീരത്താണ് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെയടക്കം നാല് പേരെ വഹിച്ച് സ്പേസ് എക്സിന്‍റെ ഫ്രീഡം ഡ്രാഗണ്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്യുക. ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം 17 മണിക്കൂറെടുത്തായിരിക്കും ഈ പറന്നിറങ്ങല്‍. ഐഎസ്എസില്‍ നിന്ന് മണിക്കൂറില്‍ 28,800 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ഡ്രാഗണ്‍ പേടകം ഭൂമിയിലെത്താന്‍ എന്തിന് ഇത്രയധികം സമയം വേണ്ടിവരുന്നു എന്ന സംശയം പലര്‍ക്കും കാണും. ഐഎസ്എസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം റഷ്യന്‍ പേടകമായ സോയുസ് 3.5 മണിക്കൂറില്‍ മൂന്ന് അംഗങ്ങളെ ഭൂമിയില്‍ തിരിച്ചെത്തിച്ചിരുന്നു. വളരെ ശ്രദ്ധയോടെ സ്പേസ് എക്സും നാസയും ഡ്രാഗണ്‍ ക്യാപ്‌സൂളിന്‍റെ ഡീഓര്‍ബിറ്റ്, സ്‌പ്ലാഷ്‌ഡൗണ്‍ എന്നിവ പൂര്‍ത്തിയാക്കുന്നതാണ് ക്രൂ-9 സംഘം ഭൂമിയിൽ എത്താൻ കാലതാമസത്തിന് കാരണം.
അതുപോലെ, 2025 ജനുവരി 31, ബഹിരാകാശ നടത്തത്തിൽ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ചരിത്രം കുറിച്ച ദിനം കൂടി ആയിരിന്നു ഇന്ന്. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് ചെയ്ത വനിത എന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്തമായ ദിനം. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും 9 മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാൻ സാധിച്ചിരിക്കുന്നത്. നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രിക പെഗ്ഗി വിൻസ്റ്റണിന്‍റെ റെക്കോർഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടിരിക്കുന്നത്.
അതേസമയം, നാസയിലെ മുൻ ബഹിരാകാശ യാത്രികൻ കാഡി കോൾമാന്‍റെ അഭിപ്രായത്തിൽ, ബഹിരാകാശ യാത്രികർക്ക് ശമ്പളമാണ് പ്രധാനമായും നല്‍കുന്ന പ്രതിഫലം. ബഹിരാകാശ യാത്രികരുടെ ഗതാഗതം, താമസം, ഭക്ഷണം എന്നീ ചിലവുകളും നാസ വഹിക്കും. കൂടാതെ 'ഇന്‍സിഡന്‍റല്‍സ്' എന്ന ഇനത്തില്‍ ഒരു ചെറിയ ദൈനംദിന അലവൻസുമുണ്ട്. എനിക്കങ്ങനെ ലഭിച്ച ഇന്‍സിഡന്‍റല്‍സ് തുക ഒരു ദിവസം ഏകദേശം നാല് ഡോളർ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
2010-11ലെ 159 ദിവസത്തെ ദൗത്യത്തിനിടെ, കാഡി കോൾമാന് ഏകദേശം 636 ഡോളർ ( 55,000 രൂപയിൽ കൂടുതൽ) അധിക ശമ്പളം ലഭിച്ചു. ഈ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസിനും ബുച്ച് വിൽമോറിനും കുറഞ്ഞത് 1,148 ഡോളർ അധിക ഇന്‍ഡിസന്‍റ്സ് ഇനത്തില്‍ പ്രതിഫലം ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം ഒരുലക്ഷം ഇന്ത്യൻ രൂപയാണ് ഇരുവര്‍ക്കും ലഭിക്കാനിടയുള്ള ഓവര്‍ടൈം സാലറി എന്നുപറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സുനിത വില്യംസും ബുച്ച് വിൽമോറും യുഎസിലെ ജനറൽ പേ ഷെഡ്യൂളിലെ ഏറ്റവും ഉയർന്ന റാങ്കായ GS-15-ൽ ഉൾപ്പെടുന്നു. GS-15 സർക്കാർ ജീവനക്കാർക്ക് അവരുടെ ജനറൽ ഷെഡ്യൂൾ ഘട്ടത്തെ ആശ്രയിച്ച് 1,25,133 ഡോളർ മുതൽ 1,62,672 ഡോളർ വരെ (ഏകദേശം 1.08 കോടി രൂപ മുതൽ 1.41 കോടി രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കുന്നു. ജനറൽ ഷെഡ്യൂൾ (GS) വർഗ്ഗീകരണവും ശമ്പള സംവിധാനവും പ്രൊഫഷണൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിലുള്ള ഭൂരിഭാഗം സിവിലിയൻ വൈറ്റ്-കോളർ ഫെഡറൽ ജീവനക്കാരെയും ഉൾക്കൊള്ളുന്നു. ജനറൽ ഷെഡ്യൂളിൽ 15 ഗ്രേഡുകളുണ്ട്. GS-1 (ഏറ്റവും താഴ്ന്നത്) മുതൽ GS-15 (ഏറ്റവും ഉയർന്നത്) എന്നിങ്ങനെയാണ് അവ.
ഐഎസ്‌എസിലെ ഒമ്പത് മാസത്തെ നീണ്ട കാലയളവിലെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആനുപാതികമായി ലഭിച്ച ശമ്പളം 93,850 ഡോളറിനും 122,004 ഡോളറിനും ഇടയിലാണ്. അതായത് ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ. ഇൻസിഡന്‍റൽ സാലറിയായി 1,148 ഡോളർ (ഏകദേശം ഒരുലക്ഷം) രൂപ കൂടി ചേർക്കുന്നതോടെ ദൗത്യത്തിനിടയിലെ അവരുടെ ആകെ പ്രതിഫലം 94,998 ഡോളർ മുതൽ 1,23,152 ഡോളർ വരെ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഇത് ഏകദേശം 82 ലക്ഷം രൂപ മുതൽ 1.06 കോടി ഇന്ത്യന്‍ രൂപ വരെ വരും.
അതേസമയം 2011 മുതൽ നാസ നടപ്പിലാക്കിയ ഇൻസിഡന്‍റൽ ഡയലി അലവൻസിൽ ഉണ്ടായേക്കാവുന്ന വർധനവുകൾക്ക് ഈ കണക്കുകൂട്ടൽ ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോൾമാന്‍റെ അനുഭവം അവരുടെ ദൗത്യത്തിനിടെ പ്രതിദിനം നാല് ഡോളർ അലവൻസിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, പണപ്പെരുപ്പമോ മറ്റ് ഘടകങ്ങളോ കാരണം വർഷങ്ങളായി തുകയിൽ മാറ്റം വന്നിരിക്കാം.
അതിനാൽ, സുനിത വില്യംസ്, ബുച്ച് വിൽമോർ തുടങ്ങിയ ബഹിരാകാശ യാത്രികർക്കുള്ള ഇന്‍സിഡന്‍റല്‍സ് നഷ്‍ടപരിഹാരം, അതിന് ശേഷം നാസ ദൈനംദിന അലവൻസിൽ വരുത്തിയ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ലോകം ഇപ്പോൾ അവരുടെ സുരക്ഷിതമായ മടങ്ങിവരവിൽ ഒരുപോലെ കാത്തിരിക്കുകയാണ്. ഇതിനിടെ, ഇന്ത്യൻ പ്രധനമന്ത്രി നരേന്ദ്ര മോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും വലിയ വർത്തയായിരുന്നു.