ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കത്തിച്ചത് ശവകൂടീരത്തിന്റെ മാതൃക; പക്ഷേ പ്രചാരണം ഖുര്‍ആന്‍ കത്തിച്ചെന്ന്; തുടര്‍ന്നുണ്ടായത് വന്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥകള്‍ക്കുനേരെ ലൈംഗികാതിക്രമം; നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കയാണ് നൂറ്റാണ്ടുകള്‍ക്ക് മരിച്ച മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്. ഈയിടെ 'ഛാവ' എന്ന ഹിന്ദി ചിത്രത്തിലെ റിലീസിനുശേഷം സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ യുദ്ധം തെരുവിലേക്ക് വ്യാപിക്കയാണ്. ശിവാജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജും, ക്രൂരനായ ഔറംഗസീബ് ചക്രവര്‍ത്തിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. ഇതില്‍ കണ്ണില്‍ച്ചോരയില്ലാത്ത ഔറംഗസീബ് ചക്രവര്‍ത്തിയായി വരുന്നത് നടന്‍ അക്ഷയ് ഖന്നയാണ്. എന്നാല്‍ ചിത്രത്തോടൊപ്പം വിവാദവും സജീവമാണ്. ചരിത്രം വളച്ചൊടിച്ച സിനിമയാണ് ഇതെന്നും, ഔറംഗസേബ് ഒരിക്കലും ഒരു മതഭ്രാന്തനായിരുന്നില്ലെന്നും, സമൂഹത്തിന് ഒരുപാട് നേട്ടങ്ങള്‍ നല്‍കിയ, ലളിത ജീവിതം നയിച്ച ചക്രവര്‍ത്തിയാണെന്നും, പറഞ്ഞ് സമാജ്വാദി പാര്‍ട്ടിയിലെ ചിലര്‍ രംഗത്തെത്തിയിരിക്കയാണ്. ബിജെപി ഇവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചതോടെ വിവാദം കൊഴുത്തു.
അതിനിടെയാണ് ഔറംഗസേബിന്റെ ശവകുടീരം സാംബാജി നഗര്‍ ജില്ലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗദള്‍ പൂനയില്‍ പ്രതിഷേധ പരിപാടി നടത്തിയത്. ഈ പരിപാടിയില്‍ ഖുറാന്‍ കത്തിച്ചെന്ന വ്യാജ പ്രചാരണം നടന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. പക്ഷേ കത്തിച്ചത് ഔറംഗസേബിന്റെ ശവകുടീരത്തിന്റെ മാതൃകയായിരുന്നുവെന്ന ക്യാമറാ ദൃശ്യങ്ങങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ നവമാധ്യമങ്ങളില്‍ ഖുര്‍ആന്‍ കത്തിച്ചു എന്ന് പ്രചാരണം വന്നതോടെ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ നാഗ്പൂരില്‍ സംഘടിച്ചെത്തുകയായിരുന്നു. നാഗ്പൂരിലെ ചിട്ട്നിസ് പാര്‍ക്ക് ഏരിയയില്‍ മാര്‍ച്ച് 17നാണ് നടന്ന സംഘര്‍ഷത്തില്‍ 34 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഹിന്ദുക്കളുടെ കടകളും മറ്റും ആക്രമിക്കുകയും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയുണ്ടായിരുന്നു. സംഭവം ആസുത്രിതമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.
പിന്നില്‍ മൈനോറിറ്റി ഡെമോക്രാറ്റിക് പാര്‍ട്ടി
മൈനോറിറ്റി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന എംഡിപിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. കലാപാഹ്വാനത്തിന് എംഡിപി നേതാവ് ഫഹീം ഷമീം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗത്തിലൂടെ ഇയാള്‍ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമികള്‍ ലൈംഗികമായി ഉപദ്രവിച്ചതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഖുറാന്‍ കത്തിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയതും ഫഹീം ഖാന്‍ ആണെന്ന് പൊലീസ് കണ്ടെത്തി. എംഡിപിയെ പ്രതിനിധീകരിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫഹീം ഖാന്‍ മത്സരിച്ചിരുന്നു. എന്നാല്‍ 6.5 ലക്ഷം വോട്ടുകള്‍ക്ക് നിതിന്‍ ഗഡ്കരിയാണ് ഇവിടെ ജയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 60-ലധികം പേര്‍ അറസ്റ്റിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
അക്രമികള്‍ വനിതാ പൊലീസിനെ ലൈംഗികമായി ഉപദ്രവിച്ചതായും എഫ്‌ഐആറിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കലാപം നേരിടാന്‍ ചുമതലയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെയാണ് ആള്‍ക്കൂട്ടം ഉപദ്രവിച്ചത്. നഗരത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായും പോലീസ് എഫ്‌ഐആറിലുണ്ട്. മാര്‍ച്ച് 17ന് വൈകിട്ട് നാലുമണി മുതല്‍ രാത്രി 11.30 വരെ നഗരത്തില്‍ അരങ്ങേറിയ കലാപത്തില്‍ നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും ഹിന്ദുക്കളുടെ ബിസിനസ് സ്ഥാപനങ്ങളും വാഹനങ്ങളുും തകര്‍ത്തുവെന്ന് എഫ്ഐആറിലുണ്ട്. അറുനൂറോളം പേരെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കലാപത്തിന് ശ്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് വ്യക്തമാക്കിയിരുന്നു. നാഗ്പൂരിലെ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനജ്ഞ തുടരുകയാണെന്നും നിലവില്‍ സ്ഥിതി ശാന്തമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.