ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പില്ലെങ്കില്‍ ഗാസാ മുനമ്പിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് നീക്കം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷതയിലേക്ക്

Update: 2025-03-22 05:19 GMT

ജെറുസലേം: ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പില്ലെങ്കില്‍ ഗാസാ മുനമ്പിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍. ഗാസയുടെ പ്രധാന ഭാഗങ്ങള്‍ ശാശ്വതമായിട്ടായിരിക്കും പിടിച്ചെടുക്കുക എന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് അറിയിച്ചു.

ഗാസയിലെ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പറഞ്ഞ കാറ്റ്സ് ഉപരോധം ഏര്‍പ്പെടുത്തിയ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അവേശഷിക്കുന്ന മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നത് വരെ സൈനിക നടപടി തുടരാനാണ് കാറ്റ്സ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈയാഴ്ച ആദ്യം മുതല്‍ തന്നെ ഇസ്രയേല്‍ സൈന്യം കരയുദ്ധം ആരംഭിക്കുകയും സുപ്രധാനമായ നെററ്സരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്കുള്ള യാത്ര ഇപ്പോള്‍ അസാധ്യമായി തീര്‍ന്നിരിക്കുകയാണ്.

ഏറ്റെടുക്കേണ്ട മേഖലകളില്‍ ജനങ്ങളെ ഒഴിപ്പിച്ച് ആ മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ വിസമ്മതിക്കുന്നിടത്തോളം കാലം അത്രയും പ്രദേശങ്ങള്‍ അവര്‍ക്ക് നഷ്ടമാകുമെന്ന് ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ജനതയേയും സൈനികരേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ സൈനിക നീക്കം നടത്താനും സ്ഥലങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദ്ദേശം നല്‍കിയതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

എന്നാല്‍ ഗാസയുടെ പല ഭാഗങ്ങളും സ്ഥിരമായി പിടിച്ചെടുക്കും എന്ന ഇസ്രയേല്‍ സര്‍ക്കാരിന്റെ ഭീഷണി ഫലസ്തീന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആണെന്ന വിമര്‍ശനവും ലോകമെമ്പാടും ഉയരുകയാണ്. യു.കെയിലെ ലിബറല്‍ ഡെമോക്രാറ്റുകളുടെ വക്താവായ കാലും മില്ലര്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. അതേ സമയം ഹമാസ് ഭീകരര്‍ അവരുടെ കൈവശമുള്ള ബന്ദികളെ അടിയന്തരമായും നിരപാധികമായും വിട്ടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തടവില്‍ കഴിയുമ്പോഴും മോചിപ്പിക്കുമ്പോഴും ബന്ദികളോടുള്ള ഹമാസ് പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്നും കാലും മില്ലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇസ്രയേല്‍ ഗാസയില്‍ ബോംബാക്രമണം അവസാനിപ്പിച്ച്് വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഹമാസ് ബന്ദികളെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഗാസയിലെ മേഖലകള്‍ പിടിച്ചെടുക്കാനുള്ള നീക്കം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും യു.കെയിലെ ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എം.പിയുമായ എമിലിതോണ്‍ബറിയും അഭിപ്രായപ്പെട്ടു.

ഇസ്രയേല്‍ കരുതുന്നത് ഇപ്പോഴും 59 ബന്ദികള്‍ ഹമാസ് തടവറയില്‍ ഉണ്ടെന്നാണ് എന്നാല്‍ ഇവരില്‍ എത്ര പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News