കെയറര്‍ വിസ തട്ടിപ്പില്‍ പെട്ട് യുകെയില്‍ എത്തി കുടുങ്ങിയ മലയാളികള്‍ക്ക് വേണ്ടി രംഗത്തിറങ്ങി ബിബിസി; 15 ലക്ഷം വരെ വാങ്ങി യുകെയില്‍ എത്തിച്ച് പണിയില്ലാതെ മടങ്ങേണ്ടി വന്നവര്‍ക്ക് പ്രതീക്ഷ; കുടുങ്ങിയവരില്‍ ഏറെയും ഡോമിസൈല്‍ കെയര്‍ വിസക്കാര്‍

Update: 2025-03-23 02:32 GMT

ലണ്ടന്‍: നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്ത് സ്വരുക്കൂട്ടിയ 15,000 പൗണ്ടായിരുന്നു അരുണ്‍ ജോര്‍ജ്ജ് (പേര് യഥാര്‍ത്ഥമല്ല) തന്റെ ഭാര്യയ്ക്ക് ഒരു കെയര്‍ വിസ ലഭിക്കുവാനായി അല്‍ചിത കെയര്‍ എന്ന സ്ഥാപനത്തിലെ മാനേജര്‍മാര്‍ക്ക് നല്‍കിയത്. എന്നാല്‍, ഏതാനും മാസങ്ങല്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്ലാം നഷ്ടപ്പെട്ട് ഭാര്യയ്ക്ക് തിരികെ മടങ്ങേണ്ടതായി വന്നു. കേരളത്തിലെ ഒരു ഏജന്റ് വഴിയായിരുന്നു അരുണ്‍, ബ്രാഡ്‌ഫോര്‍ഡിലെ അല്‍ചിത കെയര്‍ എന്ന സ്വകാര്യം ഡോമിസിലിയറി കെയര്‍ ഹോമിന് വിസയ്ക്കായി പണം നല്‍കിയതെന്ന് രേഖകള്‍ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭിന്നശേഷിയുള്ള തങ്ങളുടെ കുട്ടിക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കും എന്ന ചിന്തയായിരുന്നു ഒരു ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് ലഭിച്ച പണം ചെലവഴിച്ച് യു കെയില്‍ എത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. എന്നാല്‍, ഏറെ പ്രതീക്ഷയോടെ അവര്‍ ബ്രിട്ടനിലെത്തിയപ്പോഴാണ് ജോലിയില്ല എന്നറിയുന്നത്. കെയര്‍ ഹോമുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അവര്‍ ഓരോ ഒഴിവുകഴിവു പറഞ്ഞ് ഇരുവരെയും ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാനം, വേതനമില്ലാത്തചില പരിശീലന പരിപാടികളില്‍ അവരെ പങ്കെടുപ്പിച്ചെങ്കിലും, അങ്ങനെ മുന്നോട്ട് പോകാന്‍ ആകാതായതോടെ അവര്‍ ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു മടങ്ങുകയായിരുന്നു.

കമ്പനിയുടെ തട്ടിപ്പ് അരുണിനെ സാമ്പത്തികമായി ഒരു പതിറ്റാണ്ട് പുറകോട്ട് കൊണ്ടു പോവുകയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, റിക്രൂട്ടര്‍മാരുടെയും, കെയര്‍ ഹോമുകളുടെയും, ഏജന്റുമാരുടെയും ചതിക്കിരയായി ബ്രിട്ടനിലെത്തി നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് മലയാളികളില്‍ ഒരാള്‍ മാത്രമാണ് അരുണ്‍ എന്ന് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ പലരും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന ആശയൊക്കെ നശിച്ഛിരിക്കുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട് അല്‍ചിത കെയറുമായി ബി ബി സി ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏതായാലും വിദേശ കെയര്‍ വര്‍ക്കര്‍മാരെ സ്പോണ്‍സര്‍ ചെയ്യാനുള്ള ലൈസന്‍സ് ഇപ്പോള്‍ ഈ സ്ഥാപനത്തിന് നഷ്ടമായിരിക്കുകയാണ്. അല്‍ചിത കെയര്‍ ഇത്തരത്തില്‍ കബളിപ്പിച്ച മറ്റ് മൂന്ന് മലയാളികള്‍ കൂടി തങ്ങളുമായി ബന്ധപ്പെട്ടു എന്നും ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ ഒരാള്‍ ഇപ്പോഴും ബ്രിട്ടനില്‍ തുടരുകയാണത്രെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ചാരിറ്റി ഷോപ്പുകളില്‍ നിന്നുള്ള റൊട്ടിയും പാലും കഴിച്ചാണ് ആ വ്യക്തി ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയായിരുന്നു ഇവര്‍ അല്‍ചിത കെയറിന് വിസയ്ക്കായി പണം നല്‍കിയത്. അതുകൊണ്ടു തന്നെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ വ്യക്തി.

രോഗബാധിതരും, പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവരുമായവരെ അവരുടെ വീടുകളില്‍ എത്തി കെയര്‍ സേവനം നല്‍കുക എന്നതാണ് ഡോമിസൈല്‍ കെയര്‍ വര്‍ക്കറുടെ ദൗത്യം. ഇതിനായാണ് ഡൊമിസൈല്‍ കെയര്‍ വര്‍ക്കര്‍ വിസ നല്‍കുന്നത്. എന്നാല്‍, തനിക്ക് വാഗ്ദാനം ചെയ്ത എട്ട് മണിക്കൂര്‍ ജോലി ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്നാണ് ശ്രീദേവി എന്ന (പേര് യഥാര്‍ത്ഥമല്ല) മറ്റൊരു ഇര പറഞ്ഞത്. വാടകയ്ക്കും ഭക്ഷണത്തിനും പണം തികയാതെ ക്ലേശിക്കുകയാണ് ഇവര്‍.

കഴിഞ്ഞ കോവിഡ് കാലത്ത് കെയര്‍ വര്‍ക്കര്‍മാരെ കൂടി ബ്രിട്ടന്റെ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്നും ആയിരക്കണക്കിന് നഴ്സുമാരായിരുന്നു ബ്രിട്ടനിലേക്ക് കുടിയേറാന്‍ ഒരുങ്ങിയത്. കുടുംബത്തെ കൂടി കൂടെ കൂട്ടാം എന്നുള്ളതിനാല്‍ അവരില്‍ പലരും കെയര്‍ വിസ ഒരു മികച്ച ജീവിതത്തിലേക്കുള്ള ടിക്കറ്റ് ആയാണ് കരുതിയത്. എന്നാല്‍, ഇവരില്‍ പലരും കബ്ബളിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തട്ടിപ്പിനിരയായ 10 പേരെയെങ്കിലും താന്‍ സഹായിച്ചതായി കേംബ്രിഡ്ജ് മേയര്‍ ആയ ബൈജു തിട്ടാല പറയുന്നു.

പലപ്പോഴും ഇത്തരം കേസുകളില്‍ പണം നല്‍കിയത് നാട്ടില്‍ വെച്ചു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ജൂറിസ്ഡിക്ഷന്‍ പരിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ബ്രിട്ടനില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നതില്‍ പല പരിമിതികളുമുണ്ട്. രണ്ടാമതായി, നിയമനടപടികള്‍ക്കുള്ള ചെലവ് വളരെ വലുതാണ്. കടക്കെണിയില്‍ വീണ് സാമ്പത്തിക ബാദ്ധ്യത അനുഭവിക്കുന്ന ഇരകള്‍ക്ക് അത് താങ്ങാന്‍ ആയെന്നു വരില്ല. കേരളത്തില്‍ നിന്നും മാത്രം ഏകദേശം 2000 ഓളം പേര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട് എന്നാണ് ബൈജു പറയുന്നത്.

കേരളത്തിലെ വിവിധ പട്ടണങ്ങളിലും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവ്ധി പേരെ കാണാം. കോതമംഗലത്തു മാത്രം ഇത്തരത്തില്‍ ചതിക്കപ്പെട്ട 30 പേരുമായി സംസാരിച്ചു എന്നാണ് ബി ബി സി പറയുന്നത്. അവരെല്ലാവരും വിരല്‍ ചൂണ്ടുന്നത് ഹെന്റി പൗലോസ് എന്ന ഏജന്റിനും അയാളുടെ, യു കെയിലും ഇന്ത്യയിലുമുള്ള ഗ്രേസ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിക്കും നേരെയാണെന്നും ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ ചിലരെ ഇല്ലാത്ത വിസ അപ്പോയിന്റ്‌മെന്റിനായി ഇയാള്‍ ഡല്‍ഹി വരെ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News