വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അര നൂറ്റാണ്ടോളം; നിരപരാധിയെന്ന് കോടതി വിധിച്ചത് കഴിഞ്ഞവര്‍ഷവും; ഒരു വര്‍ഷത്തിനിപ്പുറം ഇവാവോ ഹകമാഡയ്ക്ക് ലഭിക്കുന്നത് 1.44 മില്യണ്‍ ഡോളര്‍; ജപ്പാന്‍ ഭരണകൂടം പ്രഖ്യാപിച്ചത് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നഷ്ടപരിഹാരത്തുക
നിരപരാധിയെന്ന് കോടതി വിധിച്ച ജപ്പാന്‍ സ്വദേശി ഇവാവോ ഹകമാഡയ്ക്ക് റെക്കോഡ് നഷ്ടപരിഹാരത്തുക
ടോക്കിയോ: ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയാറുണ്ട്. എന്നാല്‍, ചെയ്യാത്ത തെറ്റിന് അര നൂറ്റാണ്ടോളം ജയില്‍ ശിക്ഷ അനുഭവിച്ച് ഒടുവില്‍ നിരപരാധിയെന്ന് കോടതി വിധിച്ച ജപ്പാന്‍ സ്വദേശി ഇവാവോ ഹകമാഡയ്ക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് ജപ്പാന്‍ ഗവണ്‍മെന്റ്. 1.44 മില്യണ്‍ ഡോളറാണ് ഇവാവോ ഹകമാഡക്ക് ലഭിക്കുക.ജപ്പാനില്‍ ഇതുവരെ അനുവദിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ക്രിമിനല്‍ നഷ്ടപരിഹാരതുകയാണ് ഇത്.
50 വര്‍ഷത്തോളം തെറ്റായി തടഞ്ഞുവയ്ക്കപ്പെടുകയും തന്റെ 88 മത്തെ വയസ്സില്‍ കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തത്. ഈ കാരണത്താല്‍ തന്നെയാണ് രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുക നല്‍കി രാഷ്ട്രം തന്നെ ഇദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നത്. യുദ്ധാനന്തരമുള്ള ജപ്പാന്റെ ചരിത്രത്തില്‍ പുനര്‍വിചാരണയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ മാത്രം വധശിക്ഷാ തടവുകാരനാണ് ഹകമാഡ. ജപ്പാനില്‍ ജനങ്ങളുടെ തന്നെ പിന്തുണയുള്ളതിനാല്‍ ഇപ്പോഴും നടപ്പാക്കി വരുന്ന ശിക്ഷാവിധിയാണ് വധശിക്ഷ. അതേസമയം, ഹകമാഡ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാന്‍ ഈ പണം വളരെ കുറവാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.
ആരാണ് ജപ്പാന്‍കാരന്‍ ഇവാവോ ഹകമാഡ..88 മത്തെ വയസ്സില്‍ രാഷ്ട്രം മാപ്പ് ചോദിച്ചത് എന്തിന്?
ചെയ്യാത്ത തെറ്റിന് 46 വര്‍ഷം കുറ്റവാളിയായിക്കണ്ട ഇവാവോ ഹകമാഡ 2024ല്‍ തന്റെ 88 മത്തെ വയസ്സിലാണ് കുറ്റവിമുക്തനായി പുറത്തുവന്നത്. അതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാള്‍ക്കാണ് ഒടുവില്‍ നാല് പതിറ്റാണ്ടിനു ശേഷം നീതി കിട്ടിയത്.ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവില്‍ കഴിയേണ്ടി വന്നയാള്‍ കൂടിയായിരിക്കണം ഒരുപക്ഷേ 88 -കാരനായ ഇവാവോ ഹകമാഡ. കൊലപാതകക്കേസിലാണ് മുന്‍ ബോക്സര്‍ കൂടിയായ ഇവാവോ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
1966ല്‍ തന്റെ തൊഴിലുടമയെയും കുടുംബത്തെയും കൊലപ്പെടുത്തി എന്ന കേസിലാണ് ഹകമാഡ ജയിലിലായത്.സംസ്‌കരണ പ്ലാന്റില്‍ ജോലി ചെയ്തു വരികയായിരുന്ന ഇവാവോ ഹകമാഡ പ്രഫഷനല്‍ ബോക്സര്‍ കൂടിയായിരുന്നു.സംസ്‌കരണ പ്ലാന്റിലെ ടാങ്കില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.കൊലപാതകം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അന്വേഷണ സംഘം രക്തക്കറ പുരണ്ട വസ്ത്രം തെളിവായ് കണ്ടെത്തുന്നത്. പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കുറ്റസമ്മതം നടത്തിയെങ്കിലും പിന്നീട് മൊഴി പിന്‍വലിച്ചിരുന്നു.
പുനരന്വേഷണത്തിനായി അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീംകോടതി അത് പരിഗണിച്ചില്ല. 2008ലാണ് സഹോദരി രണ്ടാമതും അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. 2014ല്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. വര്‍ഷങ്ങള്‍ക്കുശേഷം, വസ്ത്രത്തിലെ രക്തം ഹകമാഡയുടെയോ ഇരകളുടേതോ അല്ലെന്ന് ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള തെളിവുകള്‍ വെളിപ്പെടുത്തി.പിന്നാലെയാണ് തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്നത്.ഹകമാഡയുടെ സഹോദരി 91 കാരിയായ ഹിഡെക്കോയാണ് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനായ് നിയമ പോരാട്ടം നടത്തിയത്.
കുറ്റവിമുക്തനായതിനു പിന്നാലെ, 88 കാരനായ ഹകമാഡയോട് ജാപ്പനീസ് പൊലീസ് മേധാവി ക്ഷമാപണം നടത്തിയിരുന്നു.പൊലീസ് മേധാവി തകയോഷി സുഡ അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ടാണ് വ്യക്തിപരമായി ക്ഷമാപണം നടത്തുന്നുവെന്ന് പറഞ്ഞത്. അറസ്റ്റിന്റെ സമയം മുതല്‍ 58 വര്‍ഷത്തോളം പറഞ്ഞറിയിക്കാനാവാത്ത മാനസിക സമ്മര്‍ദവും വിഷമവും ഉണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നാണ് സന്ദര്‍ശനത്തിന് ശേഷം പൊലീസ് മേധാവി പറഞ്ഞത്. മാത്രവുമല്ല വീഴ്ച പറ്റിയതില്‍ സൂക്ഷ്മവും സുതാര്യവും ആയ അന്വേഷവും നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
പൊലീസും പ്രോസിക്യൂട്ടര്‍മാരും ഹകമാഡയ്‌ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനും കുറ്റം ചെയ്തതായി സ്ഥാപിക്കാനും ശ്രമിച്ചുവെന്നും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ഹകമാഡ സംഭവത്തെക്കുറിച്ച് പറഞ്ഞത്.