മരണ ഭയത്താല്‍ മകനെ ആദ്യം മുറിയിലാക്കി പൂട്ടിയ ശേഷം ഉറങ്ങിയ അശോകന്‍; ഭാര്യയെ കൊന്ന് ഇളയ മകന്‍ ആത്മഹത്യ ചെയ്ത ശേഷം ആ അച്ഛന് മൂത്തമകനെ കൊണ്ട് സമാധാനവും പോയി; സ്വര്‍ണ്ണമെന്ന് കരുതി കൊലയ്ക്ക് ശേഷം ഊരിയെടുത്തത് ചെമ്പ് മോതിരം; വില്‍ക്കാനുളള സുധീഷിന്റെ ശ്രമം തകര്‍ന്നത് അച്ഛന്റെ ഇരട്ട മോതിരം ധരിക്കല്‍; പനായിയെ നടുക്കി അശോകന്‍ മടങ്ങുമ്പോള്‍

Update: 2025-03-26 04:10 GMT

ബാലുശ്ശേരി: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ സുധീഷ് കൊലപാതക ശേഷം മോതിരവും കവര്‍ന്നെന്ന് കണ്ടെത്തല്‍. സ്വര്‍ണമാണെന്നു കരുതി ബാലുശ്ശേരിയിലെ കടയില്‍ വില്‍ക്കാന്‍ നല്‍കിയപ്പോഴാണു അത് ചെമ്പ് മോതിരമാണെന്ന് അറിഞ്ഞത്. ഒരു പവനോളം വരുന്ന സ്വര്‍ണ മോതിരവും ചെമ്പ് മോതിരവും അശോകന്‍ പതിവായി ധരിക്കാറുണ്ടായിരുന്നു. ഇതില്‍ ചെമ്പ് മോതിരമാണ് മകന്‍ മോഷ്ടിച്ചത്. പനായി ചാണോറ അശോകനെ (71) ആണ് മകന്‍ സുധീഷ് (35) തിങ്കളാഴ്ച രാത്രി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം അശോകന്റെ രണ്ട് മോതിരങ്ങളില്‍ ഒന്നാണ് സുധീഷ് കവര്‍ന്നത്. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച കമ്പി വീടിനുള്ളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഇരുപതിനായിരത്തില്‍ അധികം രൂപയും കൊല്ലപ്പെടുന്ന സമയത്ത് അശോകന്റെ കൈവശം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ദിവസം രാവിലെ അടയ്ക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. 2015 ജനുവരി 6ന് ആണ് അമ്മ ശോഭനയെ കൊലപ്പെടുത്തി ഇളയമകന്‍ സുമേഷ് വിഷം കഴിച്ചു മരിച്ചത്. കൊലപാതക ശേഷം പുറത്തു പോയ സുധീഷ് രാത്രി തിരികെ വന്നപ്പോള്‍ വീട്ടിലും പരിസരത്തും ആളുകളെ കണ്ട് പറമ്പിലൂടെ മുകള്‍ ഭാഗത്തേക്ക് ഓടിപ്പോയി. കുറച്ചകലെ നിന്നാണു സുധീഷിനെ നാട്ടുകാരും പൊലീസും പിടികൂടിയത്. ബാലുശേരി പനായിയില്‍ യുവാവ് അച്ഛനെ കൊലപ്പെടുത്തിയത് വലിയ ഇരുമ്പ് ദണ്ഡുപയോഗിച്ച് തലയ്ക്കടിച്ചാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

അടിയേറ്റ് തലയോട്ടി പൊട്ടിയതായും ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. തിങ്കള്‍ രാത്രിയാണ് ബാലുശേരി പനായി ചാണോറ അശോകനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടില്‍ വെളിച്ചം കാണാത്തതിനാല്‍ അയല്‍വാസികള്‍ വന്നുനോക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകന്‍ സുധീഷാണ് കൃത്യം നിര്‍വഹിച്ചത്. രാവിലെ വീട്ടില്‍വച്ച് അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പിന്നാലെയുണ്ടായ കൊലപാതകത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘവും വടകരയില്‍നിന്ന് വിരലടയാള വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു.

13 വര്‍ഷംമുമ്പ് ഇളയ മകന്‍ സുമേഷ് അമ്മ ശോഭനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മക്കളുടെ ക്രൂരതയാല്‍ ഇല്ലാതായത് ഒരു കുടുംബംതന്നെയായിരുന്നു. മാനസിക രോഗിയായ സുധീഷ് ലഹരിയും ഉപയോഗിക്കാറുണ്ടായിരുന്നു. ഭാര്യ മരിച്ചതിനുശേഷം അശോകനും മകനും തനിച്ചാണ് വീട്ടില്‍ താമസം. റാണി ബീഡി ഏജന്റായി പ്രവര്‍ത്തിക്കുന്ന അശോകന് മകന്റെ അവസ്ഥയില്‍ ദുഃഖമുണ്ടായിരുന്നു. കോവിഡ് സമയത്ത് ഒന്നര വര്‍ഷക്കാലം അപകടംപറ്റി കിടപ്പിലായപ്പോള്‍ അശോകനെ പരിചരിച്ചിരുന്നത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായിരുന്നു.

തിങ്കളാഴ്ച സുധീഷും അശോകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനുശേഷമായിരിക്കാം സുധീഷ് അശോകനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. വീട് വിട്ടിറങ്ങിയ സുധീഷ് ബാലുശേരിയിലും പനായിയിലും കറങ്ങിനടക്കുകയായിരുന്നു. മുന്‍പും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അന്നു വലത് കൈക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതു കൊണ്ടാണു അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ ആദ്യം മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്.

2 മാസം മുന്‍പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവര്‍ത്തകന്‍ മുഹ്‌സിന്‍ കീഴമ്പത്ത് പറഞ്ഞു. തുടര്‍ ചികിത്സ മുടങ്ങി. പ്രതിയായ മകന്‍ സുധീഷിനെ ചോദ്യം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മരണ വിവരം അറിഞ്ഞ് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വീട്ടില്‍ എത്തിയിരുന്നു.

Tags:    

Similar News