നട്ടുച്ച സമയത്ത് മ്യാന്മർ നഗരത്തെ പിടിച്ചുലച്ച ഭൂകമ്പം; കുട്ടികളെയും എടുത്ത് പ്രാണരക്ഷാർത്ഥം ഓടി ജനങ്ങൾ; പാതി അറ്റ നിലയിൽ ശരീരഭാഗങ്ങൾ; തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുങ്ങി ജീവന് വേണ്ടി അപേക്ഷിക്കുന്ന മനുഷ്യർ; എങ്ങും വിലാപം; ആയിരത്തിലേറെ മരണങ്ങൾ; 2500ലധികം പേർക്ക് പരിക്ക്; തിരച്ചിൽ തുടരുന്നു; ഇന്ത്യയിലും ചൈനയിലും പ്രകമ്പനം; ഭൂചലനത്തിൽ നടുങ്ങി ഏഷ്യൻ ഭൂഖണ്ഡം!
ബാങ്കോക്ക്: ഇന്നലെ ഉച്ചയ്ക്കാണ് മ്യാന്മറിനെ തന്നെ ഞെട്ടിച്ച ഭൂകമ്പം ഉണ്ടായത്. ഭൂമി കുലുങ്ങിയപ്പോൾ അവർ വിചാരിച്ചില്ല നൂറ്റാണ്ടിലെ തന്നെ വലിയ ഭൂകമ്പത്തെയാണ് അവർ നേരിടാൻ പോകുന്നതെന്ന്. മണിക്കൂറുകൾ നേരം മ്യാന്മർ നഗരത്തെ ഭൂകമ്പം പിടിച്ചുലയ്ക്കുകയായിരുന്നു. കുട്ടികളെയും എടുത്ത് പ്രാണരക്ഷാർത്ഥം ജനങ്ങൾ ഓടി. പാതി അറ്റ നിലയിൽ ശരീരഭാഗങ്ങൾ. തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുങ്ങി ജീവന് വേണ്ടി അപേക്ഷിക്കുന്ന മനുഷ്യർ. എങ്ങും സങ്കട കാഴ്ചകൾ മാത്രം ആയിരന്നു.ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 1000 കടന്നതായി റിപ്പോർട്ടുകൾ. 2500ലധികം ആളുകൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.
ഇതിനിടെ, ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയും ചെയ്തു. മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഓരോ പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.
ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകര്‍ന്നു വീണാണ് കൂടുതല്‍ മരണം സംഭവിച്ചത്. പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിര്‍മാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ 43 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടം തകര്‍ന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. മ്യാന്‍മാറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
സഹായിക്കാന്‍ ഇന്ത്യ തയ്യാര്‍
മ്യാന്‍മാറിലും തായ്‌ലന്‍ഡിലുമുള്ള ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. 'മ്യാന്‍മാറിലും തായ്‌ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. മ്യാന്‍മറിലും തായ്‌ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,' അദ്ദേഹം വ്യക്തമാക്കി.