ആഴും തോറും കയത്തിലേക്ക് വലിച്ചു താഴ്ത്തുന്ന ഡിജിറ്റല്‍ ലോകത്തിലേക്ക് കുഞ്ഞ് മനസ്സുകള്‍ അകപ്പെടുന്നു; ഡിജിറ്റല്‍ അറിവ് അവര്‍ക്ക് വേണം... പക്ഷെ നിയന്ത്രണം വേണം; കുട്ടികളില്‍ കൂടുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യന്ത്രി; ലഹരിയെ നേരിടാന്‍ കര്‍മ്മ പദ്ധതി വരും
തിരുവനന്തപുരം: കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാന്‍ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയെ നേരിടാന്‍ പ്രത്യേക കര്‍മ്മ പദ്ധതി വരും.
സര്‍ക്കാര്‍ നടപടി കൊണ്ടു മാത്രം പൂര്‍ണമായും ഇതിനു അറുതി വരുത്താന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ സാമൂഹിക മാനസിക കാരണം കൂടി ഉണ്ട്. ലഹരി വേരോടെ അറുത്തു മാറ്റുന്നതിനു സാമൂഹിക ഇടപെടല്‍ കൂടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് നമുക്ക് കൂട്ടായി ആലോചിച്ചു എടുക്കണം. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ആണ് യോഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവര്‍ നിര്‍ദേശങ്ങള്‍ നല്‍കണം. അധ്യാപകര്‍ക്ക് ചിലപ്പോള്‍ പ്രത്യേക പരിശീലനം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കൂടി. ലഹരി ഉപയോഗ വര്‍ധനവ് ആഗോള തലത്തില്‍ ഉണ്ടാകുന്ന പ്രതിഭാസമാണെന്ന് അദേഹം പറഞ്ഞു.
ലോകമാകെ നേരിടുന്ന പ്രശ്‌നം ആയതുകൊണ്ട് നമുക്ക് കൈയും കെട്ടി നോക്കി ഇരിക്കാനാവില്ല. അവരെ നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യം ആണ് ഏറ്റുടുക്കേണ്ടതെന്ന് മുഖ്യമന്തി പറഞ്ഞു. ലഹരി മാഫിയയുടെ കണ്ണി അറുക്കണം. സംസ്ഥാന അതിര്‍ത്തി കടന്ന് ലഹരി മരുന്ന് എത്തുന്നത് തടയണം. 2024ല്‍ 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി സൂചപ്പിച്ചു.
കര്‍ക്കശമായ നടപടി ഉണ്ടാകുന്നുണ്ടെന്ന് മയക്കുമരുന്ന് ലോബിക്ക് അറിയാം. ഏറ്റവും ഉയര്‍ന്ന ശിക്ഷ നിരക്ക് കേരളത്തില്‍ ആണ്. 98.19 ശതമാനമാണ് കേരളത്തിലെ മയക്കുമരുന്ന് കേസുകളിലെ ശിക്ഷ നിരക്ക്. ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ ആണ്. കുട്ടികള്‍ മയക്കുമരുന്നിലേക്കും, അക്രമത്തിലേക്കും കടക്കുന്നതിന്റെ സാമൂഹ്യ കാരണങ്ങള്‍ കണ്ടെത്തണം. എങ്ങനെയാണ് സ്വന്ത ബന്ധങ്ങളെ പോലും കൊല്ലാനുള്ള മാനസിക നിലയിലേക്ക് ഇവര്‍ എത്തുന്നത്. മയക്കു മരുന്ന് മുതല്‍ ഓജോ ബോര്‍ഡുകള്‍ വരെയുണ്ട്. അന്ധവിശ്വാസവും, ദുര്‍മന്ത്രവാദവും അക്രമത്തിലേക്ക് നയിക്കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം ചിലവിടാന്‍ കഴിയാത്ത സാഹചര്യം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഴും തോറും കയത്തിലേക്ക് വലിച്ചു താഴ്ത്തുന്ന ഡിജിറ്റല്‍ ലോകത്തിലേക്ക് കുഞ്ഞ് മനസ്സുകള്‍ അകപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ അറിവ് അവര്‍ക്ക് വേണം, പക്ഷെ നിയന്ത്രണം വേണം. കുട്ടിയെപറ്റി അമിതമായ ജാഗ്രത വച്ചുപുലര്‍ത്തുമ്പോള്‍ കുട്ടിയില്‍ സമ്മര്‍ദ്ദം വരുന്നു. കുട്ടികള്‍ക്ക് കളിക്കാനും മറ്റുള്ളവരുമായി ഇടപെടാനും സമയം വേണം. കളിക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥ. അങ്ങനെ കുട്ടികള്‍ വീട്ടിലെ മുറിയില്‍ ഒറ്റപ്പെടുന്നു. ഇത് കുട്ടിയുടെ മനസിനെ വല്ലാതെ താളം തെറ്റിക്കുന്നു. സമയ പ്രായക്കാര്‍ അല്ലാത്ത മയക്കുമരുന്ന് ഏജന്റുമാര്‍ ഇത്തരം കുട്ടികളെ ബന്ധപ്പെട്ട് സ്വാധീനത്തില്‍ ആക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.