സ്വന്തം പാര്‍ട്ടിക്ക് വേണ്ടി കോടികള്‍ വകമാറ്റി ചെലവഴിച്ചു; ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് നാല് വര്‍ഷം തടവ്; അഞ്ചുവര്‍ഷത്തേക്ക് മത്സര വിലക്ക്; അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന്റെ എതിരാളിയായ ലെ പെന്നിന് ശക്തമായ തിരിച്ചടി; വിധിയെ അപലപിച്ച് നേതാക്കള്‍
മറീന്‍ ലെ പെന്നിന് ശക്തമായ തിരിച്ചടി
പാരിസ്: ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ നേതാവായ മറീന്‍ ലെ പെന്നിന് ശക്തമായ തിരിച്ചടി. സാമ്പത്തിക ക്രമക്കേട് കേസില്‍ കുറ്റക്കാരിയെന്ന് പാരീസ് കോടതി കണ്ടെത്തിയതോടെ ഫ്രഞ്ച് നാഷണല്‍ റാലി നേതാവ് മറീന്‍ ലെ പെന്നിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 56 കാരിയായ ലെ പെന്നിന് അഞ്ചുവര്‍ഷത്തേക്ക് മത്സര വിലക്കും ഏര്‍പ്പെടുത്തി. ഇതോടെ, 2027 ല്‍ ഇമ്മാനുവല്‍ മക്രോണിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലെ പെന്നിന് കഴിയില്ല.
നാലുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമേ 84,000 യൂറോ പിഴയും ചുമത്തി. നാലുവര്‍ഷത്തെ തടവുശിക്ഷയില്‍ കോടതി രണ്ടുവര്‍ഷം ഇളവ് അനുവദിച്ചു. അവശേഷിക്കുന്ന രണ്ടുവര്‍ഷത്തെ ശിക്ഷ, ജയിലിന് പുറത്ത് ഇലക്ട്രോണിക് ബ്രേസ്ലറ്റ് ധരിച്ച് അനുഭവിച്ചാല്‍ മതിയാകും. എന്തായാലും കോടതി വിധിക്കെതിരെ ലെ പെന്‍ അപ്പീല്‍ നല്‍കും.
2027 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന നാഷണല്‍ റാലി പാര്‍ട്ടിയുടെ നേതാവിന് കോടതി വിധി വന്‍ തിരിച്ചടിയായെന്ന് പറയേണ്ടതില്ല. ഫ്രഞ്ച് പസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള തന്റെ നാലാമത്തെയും അവസാനത്തെയും ശ്രമമായിരിക്കും ഈ മത്സരമെന്നു ലെ പെന്‍ നേരത്തെ പറഞ്ഞിരുന്നു.
ലെ പെന്നും, നാഷണല്‍ റാലി പാര്‍ട്ടിയിലെ 24-ഓളം നേതാക്കളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 ദശലക്ഷം ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ടിയിരുന്ന പണം വകമാറ്റി ഫ്രാന്‍സില്‍ എന്‍ആര്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
2004 മുതല്‍ 2016 വരെയുള്ള കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. ഫണ്ട് വകമാറ്റലില്‍ മുഖ്യ പങ്കുവഹിച്ചത് മറീന്‍ ലെ പെന്നാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പണം ചെലവഴിച്ചത് നിയമവിധേയമായിട്ടാണ് എന്നായിരുന്നു മറീന്റെയും സംഘത്തിന്റെയും വാദം. എന്നാല്‍, കോടതി ഇത് തള്ളി. 2004 മുതല്‍ 2017 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു മറീന്‍. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ ലെ പെന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഫ്രാന്‍സില്‍ സാധാരണയായി അപ്പീല്‍ നടപടി ക്രമങ്ങള്‍ മന്ദഗതിയിലാണ് നടക്കുക. തിരഞ്ഞെടുപ്പിന് മുന്‍പേ പുനര്‍വിചാരണ നടന്നാലും നിലവിലെ വിധിയില്‍ മാറ്റംവരാനും സാധ്യത കുറവാണ്.
കോടതി വിധിക്ക് പിന്നാലെ നിരവധി തീവ്രവലതുപക്ഷ രാഷ്ട്രീയ സഖ്യകക്ഷികള്‍ മറീന്‍ ലെ പെന്നിന് പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. കേസില്‍ പെടാത്ത നാഷണല്‍ റാലി പാര്‍ട്ടി അദ്ധ്യക്ഷന്‍ ജോര്‍ദ്ദാന്‍ ബാര്‍ദേല(29) യാണ് ഇനി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള നേതാവ്.