പാലത്തില്‍ വച്ചു കണ്ടപ്പോള്‍ തന്നെ മര്‍ദിച്ചത് പ്രകാശും കൂടെ വന്നവരുമെന്ന് ശരതിന്റെ മൊഴി; അടി കൊണ്ടപ്പോള്‍ തിരിച്ചടി; പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പങ്കില്ല; കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു; അച്ചന്‍കോവിലിലെ ചാടിമരണം ആത്മഹത്യ

Update: 2025-04-02 03:57 GMT

പത്തനംതിട്ട: പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു. അഴൂരിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വലഞ്ചുഴി താല്‍ക്കാലിക പാലത്തില്‍ നിന്ന് ആറ്റില്‍ ചാടി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അയല്‍വാസിയായ അഴൂര്‍ തെക്കേതില്‍ വലിയ വീട്ടില്‍ ശരത്തിനെ്(23) ഇന്നലെ രാത്രിയില്‍ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചത്.

ഉത്സവം കണ്ടു മടങ്ങുന്ന വഴി പിതാവും സഹോദരങ്ങളും അയല്‍വാസിയായ യുവാവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ട് മനോവിഷമം കാരണം കുട്ടി പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ എഫ്ഐആര്‍. പിതാവ് പ്രകാശിന്റെ മൊഴി അനുസരിച്ച് എടുത്ത കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. 31 ന് രാത്രി 8.45 നാണ് സംഭവം. പെണ്‍കുട്ടി, പിതാവ് പ്രകാശ്, മാതാവ് ബീന, സഹോദരന്‍ അശ്വിന്‍, പ്രകാശിന്റെ സഹോദര പുത്രന്‍ അനു എന്നിവര്‍ക്കൊപ്പം രാത്രി ഏഴിന് വലഞ്ചുഴി ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു.

ഉത്സവം കണ്ട് മടങ്ങും വഴി വലഞ്ചുഴി താല്‍ക്കാലിക പാലത്തില്‍ വച്ചാണ് സംഘട്ടനം ഉണ്ടായത്. ശരത്ത് നേരത്തേ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാണ് പിതാവ് പ്രകാശ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പോലീസും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്ന് പറഞ്ഞു തീര്‍ത്തതാണ്. ശരത്തിനെ കണ്ടപ്പോള്‍ പ്രകാശ് ആണ് ആദ്യം മര്‍ദിച്ചത്. ശരത്തും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് പ്രകാശിനെയും സഹോദരങ്ങളായ അശ്വിനെയും അനുവിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ ശരത് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടി എടുത്ത് അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി. ശരതും കല്ലറക്കടവ് സ്വദേശിയായ പ്രവീണും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. പ്രകാശിന്റെ പരാതിയില്‍ ശരത്തിനെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ ശരത്തിന് നന്നായി മര്‍ദനമേറ്റുവെന്ന് കണ്ടെത്തി.

പ്രകാശും കൂട്ടരുമാണ് പ്രശ്നമുണ്ടാക്കിയത് എന്ന ശരത്തിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തു. അടിപിടി കണ്ട് മനോവിഷമം വന്ന പെണ്‍കുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Tags:    

Similar News