ഓപ്പറേഷന്‍ കഴിഞ്ഞു, രോഗി ജീവനോടെ ഉണ്ടെന്ന് ട്രംപ്; ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ആഗോള വിപണി; കടുത്ത തകര്‍ച്ചയെ നേരിട്ട് വാള്‍സ്ട്രീറ്റ്; യുഎസ് വിപണിയില്‍ ഏകദേശം 2 ട്രില്യന്‍ ഡോളറിന്റെ നഷ്ടം; യുഎസ് വാഹനങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തി കാനഡ; യുഎസില്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം മരവിപ്പിച്ച് ഫ്രാന്‍സ്; ഇന്ത്യക്ക് സമ്മിശ്ര ഫലം; നീങ്ങുന്നത് ആഗോള മാന്ദ്യത്തിലേക്കോ?
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ആഗോള വിപണി
വാഷിങ്ടണ്‍: 'ഓപ്പറേഷന്‍( ശസ്ത്രക്രിയ) കഴിഞ്ഞു, രോഗി ജീവനോടെയുണ്ട്, സുഖം പ്രാപിച്ചുവരുന്നു. രോഗി ഇനി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കും' ഇറക്കുമതി തീരുവ വര്‍ദ്ധനയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാക്കുകളാണിത്. പക്ഷേ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലാണ് ആഗോള വിപണിയുടെ അവസ്ഥ. ട്രംപിന്റെ ചരിത്രപ്രധാന താരിഫ് പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണികള്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. അതോടെ അമേരിക്കയിലും ലോകമെമ്പാടും മാന്ദ്യം കടന്നുവരുമോയെന്ന ആശങ്കയേറി.
വാള്‍സ്ട്രീറ്റില്‍ ഒരു സ്‌റ്റോക്കിന്റെ മൂല്യമേറിയാല്‍, പത്തെണ്ണത്തിന്റെ മൂല്യം തകരുന്ന അവസ്ഥയായിരുന്നു. ഏകദേശം 2 ട്രില്യന്‍ ഡോളറിന്റെ നഷ്ടമാണ് യുഎസ് വിപണിയില്‍ ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. നിര്‍മ്മാണത്തിനായി പുറം രാജ്യങ്ങളെ ആശ്രയിക്കുന്ന കമ്പനികളാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ആപ്പിള്‍ ഇന്‍കിന്റെ മൂല്യം ഓഹരി വിപണി തുറന്നതിന് പിന്നാലെ 8 ശതമാനം ഇടിഞ്ഞു ചൈനയിലാണ് ആപ്പിളിന്റെ ഡിവൈസുകള്‍ ഏറെയും നിര്‍മ്മിക്കുന്നത്. വിയറ്റ്‌നാമില്‍ നിര്‍മ്മാണ ബന്ധങ്ങളുള്ള നൈക്ക്, ലൂലൂലേമുന്‍ അത്‌ലറ്റിക്ക, എന്നിവയുടെ മൂല്യം 10 ശതമാനവും, വാള്‍മാര്‍ട്ട്, ഡോളര്‍ ട്രീ എന്നിവയുടേത് 2 ശതമാനവും ഇടിഞ്ഞു.
11 മണിയോടെ ന്യൂയോര്‍ക്കില്‍ നാസ്ഡക് 5.59 ശതമാനവും ഡോ ജോണ്‍സ് 3.74 ശതമാനവും ഇടിഞ്ഞു. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. ട്രില്യന്‍ കണക്കിന് ഡോളറിന്റെ നഷ്ടം സാധാരണ അമേരിക്കക്കാരെയും ബാധിക്കും. കാരണം പലരുടെയും വിരമിക്കല്‍ സമ്പാദ്യങ്ങള്‍ വിപണിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. വലിയ കമ്പനികള്‍ വില കൂട്ടുന്നതോടെ ഷോപ്പിങ്ങിനും കൂടുതല്‍ പണം കയ്യില്‍ നിന്ന് ചെലവാക്കേണ്ടി വരും. ഇറക്കുമതിയെ ആശ്രയിക്കുന്ന കമ്പനികളെയാണ് താരിഫ് വര്‍ദ്ധന ഏറ്റവും ബാധിച്ചതെന്ന് പറയേണ്ടതില്ല. ഏഷ്യയില്‍ നിന്ന് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന അത്തരം കമ്പനികള്‍ക്ക് 54 ശതമാനം വരെ ഉയര്‍ന്ന ചുങ്കം നല്‍കേണ്ടി വരും.
മറ്റുരാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തി വരുന്നത് കൊണ്ടും, അതുവഴി താരിഫുകള്‍ ന്യായമായ നിലയിലേക്ക് താഴുമെന്നും ഉള്ള പ്രതീക്ഷയാണ് ഇപ്പോള്‍ നിക്ഷേപകര്‍ വച്ചുപുലര്‍ത്തുന്നത്.
തീരുവയുടെ പ്രത്യാഘാതങ്ങള്‍
കാനഡ-യുഎസ്-മെക്‌സികോ കരാറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇറക്കുമതി ചെയ്യുന്ന യുഎസ് വാഹനങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു. ഒട്ടാവയില്‍, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഇതുപ്രഖ്യാപിച്ചത്. താരിഫുകളുടെ കാര്യത്തില്‍ വിശദീകരണം കിട്ടും വരെ യുഎസിലെ എല്ലാ നിക്ഷേപങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉത്തരവിട്ടു.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ശരാശരി 52% ഇറക്കുമതി ചുങ്കം ഉള്ള ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 27% ഇറക്കുമതിച്ചുങ്കമാണ് ഏര്‍പ്പെടുത്തിയത്. അതേസമയം ചൈനക്ക് 34%വും വിയറ്റ്‌നാമിന് 46%വും തായ്ലാന്‍ഡിന് 36%വും ബംഗ്ലാദേശിന് 37%വും തീരുവ ഏര്‍പ്പെടുത്തിയത് ഇന്ത്യക്ക് അനുകൂലമാണെന്ന് കരുതാം. ജപ്പാനും, സൗത്ത് കൊറിയക്കും 24%വും 25%വും വീതം തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ബ്രസീലിനും യൂറോപ്യന്‍ യൂണിയനും 10% വീതമാണ് അമേരിക്കന്‍ തീരുവകള്‍.
നഷ്ടവ്യാപ്തി കുറച്ച് ഇന്ത്യന്‍ വിപണി
അമേരിക്കന്‍ താരിഫുകള്‍ ഏഷ്യന്‍ വിപണികള്‍ക്കും യൂറോപ്യന്‍ വിപണികള്‍ക്കും വലിയ ആഘാതമേല്പിച്ചു. ഏഷ്യന്‍ വിപണികളില്‍ 2.73% വീണ ജാപ്പനീസ് വിപണിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം കുറിച്ചത്. എന്നാല്‍ ഐടി സെക്ടറിന്റെ വന്‍ വീഴ്ചയെ ഫാര്‍മ, ബാങ്കിങ് മേഖലകളുടെ പിന്ബലത്തില്‍ മറികടന്ന് ഇന്ത്യന്‍ വിപണി നഷ്ടവ്യാപ്തി കുറച്ചു.
നിഫ്റ്റി 82 പോയിന്റ് നഷ്ടത്തില്‍ 23250 പോയിന്റിലും, സെന്‍സെക്‌സ് 322 പോയിന്റ് നഷ്ടമാക്കി 76295 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ജീവന്‍രക്ഷാമരുന്നുകളെ അധിക ഇറക്കുമതി തീരുവയില്‍ നിന്നും ട്രംപ് തത്കാലം ഒഴിവാക്കിയത് ഇന്ത്യന്‍ ഫാര്‍മ സെക്ടറിന് ആശ്വാസമുന്നേറ്റം നല്‍കി. നിഫ്റ്റി ഫാര്‍മ സൂചിക 2.25% നേട്ടത്തില്‍ 21423 പോയിന്റിലാണ് ക്‌ളോസ് ചെയ്തത്. ലുപിന്‍ 4%വും, സണ്‍ ഫാര്‍മയും, സിപ്ലയും, മാര്‍ക്സന്‍സും 3% വീതവും നേട്ടത്തില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
ഏറ്റവും കൂടുതല്‍ യുഎസ് താരിഫ് ആഫ്രിക്കന്‍ രാജ്യമായ ലോസോത്തോയ്ക്കാണ്. 50 ശതമാനം നിരക്ക്. ബുധനാഴ്ചത്തെ ട്രംപിന്റെ പ്രഖ്യാപനത്തില്‍ നിന്ന് കാനഡയെയും മെക്‌സികോയെയും ഒഴിവാക്കിയിരുന്നു. നേരത്തെ 25 ശതമാനം താരിഫ് ഈ രാജ്യങ്ങള്‍ക്ക് ചുമത്തിയിരുന്നതാണ് കാരണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമ്മിശ്രഫലമെന്നും തിരിച്ചടിയല്ലെന്നുമാണ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചത്. ഇന്ത്യ-അമേരിക്ക വാണിജ്യ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പുതിയ ധാരണകളില്‍ എത്തുമെന്നതും അനുകൂല ഘടകമാണ്.
ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കും. പക്ഷേ മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയുടെ നില ഭദ്രമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷന്‍സ് പറഞ്ഞു. ശരിയായ രീതിയില്‍ കാര്‍ഡിറക്കി കളിച്ചാല്‍, ഇന്ത്യക്ക് ജേതാക്കളാകാമെന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്‌സ് റിപ്പോര്‍ട്ടില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു.