യഥാര്‍ഥ വഖഫ് നിയമത്തിലെ നീതിരഹിത വ്യവസ്ഥകളെ എതിര്‍ക്കുന്ന മതനേതാക്കന്മാരുടെയും ബിഷപ്പുമാരുടെയും നിലപാടിനൊപ്പമാണ് താനെന്ന് ജോസ് കെ മാണി; വഖഫ് ബോര്‍ഡുകളുടെ സ്വേച്ഛാപരമായ ഭൂമി ഏറ്റെടുക്കല്‍ തടയുന്നതിനുള്ള പരിഷ്‌കാരങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും കേരളാ കോണ്‍ഗ്രസ്; ബില്ലിനെ അനുകൂലിക്കാതെ ഭേദഗതികള്‍ക്ക് മാണിയുടെ മകന്റെ അനുകൂല വോട്ട്; മുനമ്പത്ത് ആഹ്ലാദം; വഖഫ് ബില്ല് ഉടന്‍ നിയമമാകും; ഇനി കോടതി കയറും ഭേദഗതി
ന്യൂഡല്‍ഹി: 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെ വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസാകുമ്പോള്‍ മുനമ്പത്തും ആശ്വാസം. 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ സമരക്കാര്‍ മുനമ്പത്ത് മുദ്രാവാക്യം വിളിയും ആഹ്ലാദപ്രകടനവും നടത്തി. ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതി ബില്ലില്‍ ഒപ്പിടുന്നതോടെ നിയമം നിലവില്‍ വരും. അംഗീകാരത്തിനായി ഉടന്‍ രാഷ്ട്രപതിക്ക് അയക്കും. ബില്ലിനെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. വഖഫ് സ്വത്തുക്കള്‍ സുതാര്യമാക്കുന്നതിന് അനിവാര്യമായ ബില്‍ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കോടതിയില്‍ വിഷയം എത്തുമെന്നതിനാല്‍ സുപ്രീംകോടതി നിലപാട് ആയിരിക്കും ഈ ബില്ലില്‍ വ്യക്തത ഉണ്ടാക്കുക.
ചര്‍ച്ചയില്‍ ഉടനീളം മുനമ്പമുയര്‍ത്തി കേരള എംപിമാരും കേന്ദ്രമന്ത്രിമാരും ഏറ്റുമുട്ടി.. ബില്‍ ഒരു മതത്തിനും എതിരല്ലെന്നും വഖഫ് സ്വത്തുക്കള്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിന് അനിവാര്യമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണെന്നും സര്‍ക്കാരിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുപീകരണമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബില്ലിലെ ഏതു വ്യവസ്ഥയാണ് മുനമ്പം പ്രശ്‌നം പരിഹരിക്കുകയെന്ന ചോദ്യത്തിന് ഭരണപക്ഷത്തിന് മറുപടിയുണ്ടായിരുന്നില്ല. കത്തോലിക്കാ സഭ നേതൃത്വത്തിനൊപ്പം നിന്നും എല്‍ഡിഎഫിനെ പിണക്കാതെയുമായിരുന്നു ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. ബില്ലിനെ എതിര്‍ത്ത ജോസ് കെ മാണി രണ്ടു ഭേദഗതികളെ പിന്തുണച്ചു. ബില്ലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മുസ്ലിം ലീഗും ഡിഎംകെയും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രാജ്യവ്യാപക പ്രക്ഷോഭം ഉടന്‍ ആരംഭിക്കും. വഖഫ് ബോര്‍ഡുകളുടെ സ്വേച്ഛാപരമായ ഭൂമി ഏറ്റെടുക്കല്‍ തടയുന്നതിനുള്ള പരിഷ്‌കാരങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി ജോസ് കെ. മാണി രാജ്യസഭയില്‍ വിശദീകരിക്കുകയും ചെയ്തു. അതേസമയം സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും വഖഫ് ബോര്‍ഡുകളിലും മുസ്ലിംകളല്ലാത്ത അംഗങ്ങളെ അനുവദിക്കുന്ന വ്യവസ്ഥകളെ ശക്തിയായി എതിര്‍ക്കുന്നതായും വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതകാര്യങ്ങളില്‍ കൈകടത്തുന്ന ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കുന്നതായും ജോസ് കെ. മാണി പറഞ്ഞു. അതായത് ബില്ലിനെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തു. കേരളത്തിലെ ക്രൈസ്തവ രാഷ്ട്രീയം എതിരാകാതിരിക്കാനുള്ള മുന്‍ കരുതലാണ് കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി സഭയില്‍ എടുത്തത്.
തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്-എം വഖഫ് ബോര്‍ഡ് തീരുമാനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. രാജ്യം എപ്പോഴും മതങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും എന്നാല്‍, ഈ സന്തുലനത്തെ തകര്‍ക്കുന്ന ജനാധിപത്യവിരുദ്ധ ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭേദഗതികൊണ്ട് മുനന്പത്തെയും സമാനമായ മറ്റിടങ്ങളിലെയും പ്രശ്‌നം പരിഹരിക്കാനാകുമോ എന്നദ്ദേഹം ചോദിച്ചു. ഭേദഗതിയിലൂടെ മുനന്പത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനന്പം പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വ്യവസ്ഥ ബില്ലിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിലവില്‍ ട്രൈബ്യൂണലുകളുടെയും കോടതികളുടെയും പരിഗണനയിലുള്ള കേസുകളില്‍ ഇത് ആശ്വാസം നല്‍കുന്നില്ല. നിലവിലുള്ള കേസുകളിലേക്കുകൂടി നീളുന്ന വ്യവസ്ഥയില്ലെങ്കില്‍ ഉദ്ദേശിക്കുന്ന പരിഹാരം സാധ്യമല്ല. അതുകൊണ്ട് നിയമപരമായ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. നിലവില്‍ വഖഫ് ബോര്‍ഡുകള്‍ ശക്തമായ സ്വയംഭരണാവകാശത്തോടെയാണ് നിലകൊള്ളുന്നതെന്നും ഏതു ഭൂമിയും വഖഫാക്കി മാറ്റാനുള്ള അധികാരം അവര്‍ക്കുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചതുകൊണ്ട് 610 കുടുംബങ്ങള്‍ ഭൂമി നഷ്ടപ്പെടുമോയെന്നുള്ള ഭീതിയിലാണെന്നും എംപി പറഞ്ഞു.
യഥാര്‍ഥ വഖഫ് നിയമത്തിലെ നീതിരഹിത വ്യവസ്ഥകളെ എതിര്‍ക്കുന്ന മതനേതാക്കന്മാരുടെയും ബിഷപ്പുമാരുടെയും നിലപാടിനൊപ്പമാണ് താനെന്ന് എംപി വ്യക്തമാക്കി. നിലവില്‍ വഖഫ് ബോര്‍ഡുകള്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടുമ്പോള്‍ വഖഫ് ട്രൈബ്യൂണലുകളെ മാത്രമേ സമീപിക്കാന്‍ സാധിക്കൂവെന്നും ഇവര്‍ മിക്കവാറും ബോര്‍ഡുകള്‍ക്ക് അനുകൂലമായാണ് വിധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 14 മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.56നാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. കേരളത്തില്‍നിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാല്‍ ഹാജരായില്ല. വഖഫ് കൗണ്‍സില്‍ ഘടന സംബന്ധിച്ച എന്‍.കെ.പ്രേമചന്ദ്രന്റെ ഭേദഗതിനിര്‍ദേശം തള്ളി (231-288). എന്‍ഡിഎയ്ക്ക് 293 അംഗങ്ങളും ഇന്ത്യാസഖ്യത്തിന് 3 സ്വതന്ത്രരടക്കം 236 അംഗങ്ങളുമാണ് ലോക്‌സഭയിലുള്ളത്.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് ലോക്‌സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.