ഇന്ന് വെകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും; നിയുക്ത മേല്‍ശാന്തിമാരുടെ പടി കയറ്റം; പിന്നെ അവരോധിക്കല്‍; വീണ്ടും തീര്‍ത്ഥാടന കാലം; നാളെ മുതല്‍ മണ്ഡല കാലം; ശബരിമലയില്‍ ഇനി ശരണമന്ത്രങ്ങള്‍

Update: 2025-11-16 00:35 GMT

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം നട ഇന്ന് തുറക്കും. വിശ്വാസങ്ങള്‍ക്ക് ഇനി കോട്ടമുണ്ടാകില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രഖ്യാപനം. ശബരിമല സ്വര്‍ണ്ണ പാളി കൊള്ളയില്‍ അടക്കം വിവാദം തുടരുമ്പോഴാണ് വീണ്ടും തീര്‍ത്ഥാടന കാലം തുടങ്ങുന്നത്. വൈകുന്നേരം അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറക്കും.6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങും നടക്കും.

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടും. 30,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരിക്കുന്നത്. നാളെ മുതല്‍ മണ്ഡലപൂജ വരെ പ്രതിദിനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 70,000 ആണ്. ഇതുകൂടാതെ 20,000പേര്‍ക്ക് പ്രതിദിനം സ്പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്താം. മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് നടയടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് തീര്‍ത്ഥാടനത്തിന് സമാപനമാകും. നാളെ പുലര്‍ച്ചെ 3ന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.

ശബരിമല നടതുറക്കുന്ന ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന നിയുക്ത ശബരിമല മേല്‍ശാന്തി ചാലക്കുടി വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി.പ്രസാദിനെയും മാളികപ്പുറം മേല്‍ശാന്തി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി.മനു നമ്പൂതിരിയെയും മേല്‍ശാന്തി കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിക്കും.

ഭഗവത് ദര്‍ശനത്തിനുശേഷം പ്രസാദിനെ സോപാനത്തിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിനു സമീപം ഇരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് എം.ജി.മനു നമ്പൂതിരിയെയും ഇതേരീതിയില്‍ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും.

പ്രസാദ് നമ്പൂതിരി ഇന്നലെ സന്നിധാനത്തേക്ക് പുറപ്പെട്ടു. വാസുപുരത്തെ ഇല്ലത്തായിരുന്നു കെട്ടുനിറ. മകന്‍ അച്യുത് ദാമോദറും ഭാര്യാസഹോദരന്‍ രഞ്ജിത്തും ഇരുമുടിക്കെട്ടേന്തി ഒപ്പമുണ്ട്.

Tags:    

Similar News