കണ്ണിൽ എന്തോ..തട്ടുന്നതുപോലെ തോന്നൽ; മാറുമെന്ന് പ്രതീക്ഷിച്ചത് വിനയായി; ഓരോ ദിവസം കഴിയുതോറും സഹിക്കാൻ കഴിയാത്ത വേദനയും ചൊറിച്ചിലും; ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞത്; 43 കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കോഴിക്കോട്: കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ 43 കാരിയുടെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിയാണ് ചികിത്സ തേടിയെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പ് തുടങ്ങിയ അസ്വസ്ഥതയെ തുടർന്ന് യുവതിയെ ആദ്യമായി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ, അസ്വസ്ഥത കുറയാതിരുന്നതിനെ തുടർന്ന് ഇന്നലെ വീണ്ടും കോംട്രസ്റ്റ് ആശുപത്രിയിലെത്തി. സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്തായി വളർന്നു വലുതായ വിരയെ കണ്ടെത്തിയത്. തുടർന്ന്, ഒ.പി.യിൽ വെച്ച് തന്നെ നടത്തിയ ചെറിയ ശസ്ത്രക്രിയയിലൂടെ വിരയെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിക്ക് കാര്യമായ ആശ്വാസം ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
രോഗാണുബാധയുടെ കാരണം, അപകട സാധ്യത
ശരീരത്തിൽ പ്രവേശിക്കുന്ന ഡൈലോ ഫൈലോറിയ വിഭാഗത്തിൽ പെട്ട കീടങ്ങൾ വളർന്ന് കണ്ണിൽ വിരയായി രൂപപ്പെടാറുണ്ട്. കൊതുകുകടി വഴിയോ, വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം വഴിയോ ഇത്തരം രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാമെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. അത്യന്തം അപകടകരമായ ഈ അവസ്ഥയിൽ, വിര കണ്ണിന്റെ റെറ്റിനയിലേക്ക് പ്രവേശിക്കാതെ കൃത്യസമയത്ത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ സാധിച്ചതാണ് യുവതിയുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ കാരണമെന്ന് ഡോ. സുഗന്ധ സിൻഹ പറഞ്ഞു.
കണ്ണിലെ അസ്വസ്ഥതയും വേദനയും തുടർച്ചയായി അനുഭവിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ സാധിച്ചത് ഏറെ ആശ്വാസകരമായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ യുവതിയുടെ കണ്ണിലെ അസ്വസ്ഥതകൾക്ക് ശമനമുണ്ടായി. കാഴ്ചക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർമാർ ഉറപ്പുനൽകി.