എസി കോച്ചുകളില്‍ യാത്ര; വയസായവരെ സഹായിക്കാം എന്ന തരത്തില്‍ ഓപ്പറേഷന്‍; ബ്ലെയിഡ് പോലുള്ള ചെറിയ ആയുധം ഉപയോഗിച്ച് അതിവേഗ കവര്‍ച്ച; മെറ്റല്‍ ഡിക്ടറ്ററിലൂടെ സ്വര്‍ണ്ണവും ഡയമണ്ടും തിരിച്ചറിയും; സ്വാസി ഗ്യാംഗ് ചില്ലറക്കാരല്ല; കൊയിലാണ്ടി കവര്‍ച്ചയില്‍ പ്രതികള്‍ കുടുങ്ങിയ കഥ
കോഴിക്കോട്: ട്രെയിനില്‍ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയിലാകുമ്പോള്‍ വിശദ അന്വേഷണത്തിന് റെയില്‍വേ പോലീസ്. 50 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്. 13ന് രാത്രി 8.10 നും 14ന് രാവിലെ 8.10 നും ഇടയിലാണ് സംഭവം. ചെന്നൈ - മംഗലാപുരം ട്രെയിനില്‍ വച്ചാണ് മോഷണം നടന്നത്. പിടിയിലായത് വന്‍ കവര്‍ച്ച സംഘമെന്നാണ് റെയില്‍വെ പോലീസ് പറയുന്നത്.
ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാംഗ് ആണ് പിടിയിലായത്. എസി കോച്ചുകളില്‍ റിസര്‍വേഷന്‍ ചെയ്താണ് മോഷണം. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചെന്നൈയില്‍ താമസമാക്കിയ കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്. കൊയിലാണ്ടിയില്‍ ഇറങ്ങുന്നതിന് മുമ്പായാണ് സ്വര്‍ണം കവര്‍ന്നത്. ആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്താന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
അന്തര്‍ സംസ്ഥാന മോഷണ സംഘം ഇരുപത്തിനാലു മണിക്കൂറിനകം കോഴിക്കോട് റയില്‍വേ പൊലീസിന്റെ പിടിയിലായി. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് അരക്കോടി രൂപയോളം വിലവരുന്ന ആഭരണങ്ങള്‍ നഷ്ടമായ കാര്യം ചെന്നൈയില്‍ നിന്നെത്തിയവര്‍ അറിയുന്നത്. ഉടന്‍ തന്നെ റയില്‍വേ പൊലീസിലും ആര്‍പിഎഫിലും വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങളും റിസര്‍വേഷന്‍ചാര്‍ട് വിവരങ്ങളും വെച്ച് ആര്‍പിഎഫും റയില്‍വേ പൊലീസും സംയുക്ത അന്വേഷണം തുടങ്ങി. മോഷണം നടന്ന് ഒരു ദിവസം പിന്നിടും മുമ്പ് തന്നെ ട്രെയിനില്‍ വെച്ച് മോഷ്ടാക്കള്‍ക്ക് പിടി വീണു. നിമിഷങ്ങള്‍ക്കുള്ളില്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ വിദഗ്ധരാണിവര്‍.
വലിയൊരു സംഘം ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുന്നവരാണ് ഇവര്‍. റിസര്‍വ് ചെയ്ത എസി കോച്ചുകളായിരിക്കും ഇവരുടെ യാത്ര. വിഐപി യാത്രക്കാര്‍ ഈ കോച്ചിലായിരിക്കും എന്നതിനാലാണ് ഇത്. വയസായ ആളുകളെയാണ് ലക്ഷ്യം വെക്കുന്നത്. ഇറങ്ങാന്‍ നേരം, ബാഗുകളൊക്കെ എടുത്ത് കൊടുക്കാനെന്ന മട്ടിലാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ബ്ലെയിഡ് പോലുള്ള ചെറു ആയുധം ഉപയോഗിച്ച് ബാഗ് കീറിയ ശേഷമാണ് അകത്തുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കുക. നിമിഷ നേരം കൊണ്ട് കവര്‍ച്ച നടത്തും. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് സൂചന.
'കൊയിലാണ്ടിയില്‍ വെച്ച് ബാഗ് എടുത്തുകൊടുക്കാന്‍ വേണ്ടി സഹായിച്ചതാണ്. ആ സമയത്ത് ടൂള്‍വെച്ച് സിബ് അകത്തി മുകളിലുള്ള ബാഗ് എടുക്കുകയായിരുന്നു. മദ്രാസിലുള്ള മലയാളി കുടുംബമാണ്. കല്യാണത്തില്‍ പങ്കെടുക്കാനായാണ് അവര്‍ ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. പല തീവണ്ടികളിലും സീറ്റ് റിസര്‍വ് ചെയ്താണ് ഇവരുടെ ഓപ്പറേഷന്‍. ഓപ്പറേഷന്‍ വിജയിച്ചാല്‍ ഫ്‌ലൈറ്റിലോ തൊട്ടടുത്ത ട്രെയിനോ കയറി തിരികെ പോവുകയായിരുന്നു പതിവ്'- പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ 13-ാം തീയതി രാത്രി 8.10 നും 14-ാം തീയതി രാവിലെ 8.10 നും ഇടയിലാണ് സംഭവം നടന്നതായി പോലീസ് അറിയിച്ചു. പിടിയിലായവര്‍ രാജ്യത്തെ വിവിധ ട്രെയിനുകളില്‍ മോഷണം നടത്തുന്ന 'സാസി ഗ്യാംഗ്' എന്നറിയപ്പെടുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നിവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ നിരവധി കവര്‍ച്ചകളില്‍ പങ്കാളികളാണെന്ന് വ്യക്തമായിട്ടുണ്ട്. കവര്‍ച്ചാ സംഘം വിദേശ രാജ്യങ്ങളിലും സമാനമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതികളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ ഒരു ഭാഗം കണ്ടെടുത്തു. ബാക്കിയുള്ളവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇനിയും പുറത്തുവരാത്ത വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
