കടലിനടിയില്‍ 3800 മീറ്റര്‍ താഴെ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ ഡിജിറ്റല്‍ സ്‌കാനിങ് ഫലം പുറത്ത്; കപ്പലിന് സംഭവിച്ചത് എന്തെന്നും 1500 പേരുടെ മരണം എങ്ങനെയെന്നും വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ ഡിജിറ്റല്‍ സ്‌കാനിങ് ഫലം പുറത്ത്
ടൈറ്റാനിക്ക് മുങ്ങിയതിന്റെ അവസാന മണിക്കൂറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത്. കപ്പലിന്റെ പൂര്‍ണ വലിപ്പത്തിലുള്ള ഡിജിറ്റല്‍ സ്‌ക്കാനിന്റെ വിശദമായ വിശകലനത്തെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 1912 ലാണ് ഒരു മഞ്ഞുമലയില്‍ ഇടിച്ച ശേഷം കപ്പല്‍ രണ്ടായി പിളര്‍ന്ന് മുങ്ങിയത്. ദുരന്തത്തില്‍ 1,500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കപ്പലിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ അവസാന നിമിഷം വരെയും എന്‍ജിനിയര്‍മാര്‍ ശ്രമിച്ചിരുന്നു എന്നും ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്്.
ബോയിലര്‍ റൂമിലാണ് അവര്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നത്. കപ്പലിന്റെ ഹള്ളില്‍ എ ഫോര്‍ സൈസ് വലിപ്പത്തില്‍ കണ്ടെത്തിയ വിടവുകളുടെ ദൃശ്യങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. വലിയൊരു ദുരന്തത്തിന്റെ ഇപ്പോഴും അവശേഷിക്കുന്ന ദൃക്സാക്ഷിയാണ് ടൈറ്റാനിക് എന്നും ഇനിയും നിരവധി കാര്യങ്ങള്‍ അറിയാനുണ്ടെന്നുമാണ് കപ്പലില്‍ പര്യവേഷണം നടത്തുന്ന ഗവേഷക സംഘം പറയുന്നത്.
നാഷണല്‍ ജിയോഗ്രാഫിക് ആന്‍ഡ് അറ്റ്ലാന്റിക് പ്രൊഡക്ഷന്‍സ് പുറത്തിറക്കുന്ന ടൈറ്റാനിക്: ദി ഡിജിറ്റല്‍ റെസറക്ഷന്‍ എന്ന പുതിയ ഡോക്യുമെന്ററിക്കു വേണ്ടിയാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമൂടിയ വെള്ളത്തില്‍ 3,800 മീറ്റര്‍ താഴെ കിടക്കുന്ന കപ്പലിന്റെ അവശിഷ്ടം അണ്ടര്‍വാട്ടര്‍ റോബോട്ടുകള്‍ ഉപയോഗിച്ചാണ് സംഘം മാപ്പ് ചെയ്തത്. ഡിജിറ്റല്‍ ക്രിയേഷനായി ഏഴ് ലക്ഷത്തിലധികം ചിത്രങ്ങളാണ് ഉപയോഗിച്ചത്.
2023 ലാണ് ബി.ബി.സി ഇത് സംബന്ധിച്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. കപ്പലിന്റെ അവശിഷ്ടങ്ങള്‍ വളരെ വലിപ്പത്തിലാണ് കടലിനടിയില്‍ ചിതറിക്കിടക്കുന്നത്. അത്ു കൊണ്ട്് തന്നെ അത് ചിത്രീകരിക്കുക എന്ന വളരെ ബുദ്ധിമുട്ടുള്ള ഒരു സംരംഭം ആയിരുന്നു. കടലിനടിയില്‍ കപ്പല്‍ യാത്ര ചെയ്യുന്നത് പോലെ നിവര്‍ന്ന് തന്നെയാണ് കാണപ്പെടുന്നത്. കപ്പല്‍ രണ്ടായി പിളര്‍ന്നാണ് കടലിനടയിലേക്ക് മുങ്ങിയത്.
മഞ്ഞുമല ഇടിച്ചു തകര്‍ന്ന ഒരു ദ്വാരം ഉള്‍പ്പെടെയുള്ളവയുടെ പുതിയ ക്ലോസ്-അപ്പ് വിശദാംശങ്ങള്‍ സ്‌കാന്‍ കാണിക്കുന്നു. കൂട്ടിയിടിച്ച സമയത്ത് ചില ആളുകളുടെ ക്യാബിനുകളില്‍ ഐസ് കട്ടകള്‍ കടന്നു വന്നിരുന്നു എന്ന അപകടത്തെ അതിജീവിച്ച
ദൃക്സാക്ഷികളുടെ വിവരണം ഇക്കാര്യത്തില്‍ ശരിയായി എന്ന് തന്നെ പറയാം. കപ്പല്‍ മുങ്ങുമ്പോഴും അതിലെ ലൈറ്റുകള്‍ കത്തിനിന്നിരുന്നതായി രക്ഷപ്പെട്ട പലരും വ്യക്തമാക്കിയിരുന്നു.
കപ്പലിന്റെ ബോയിലറുകളും മുങ്ങുന്ന സമയത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കപ്പലിലെ ജീവനക്കാരുടെ സമയോചിതമായ പ്രവര്‍ത്തനത്തെ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദിക്കുന്നു. കപ്പലിലെ വൈദ്യുതിയും അനുബന്ധ കാര്യങ്ങളും അവസാന നിമിഷം വരെ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ജീവനക്കാര്‍ വിജയിച്ചിരുന്നു.
ലൈഫ് ബോട്ടുകള്‍ പുറത്തിറക്കാനും ഇത് ഏറെ സഹായകരമായി മാറിയിരുന്നു. ടൈറ്റാനിക്കിലെ നാല് കമ്പാര്‍ട്ടുമെന്റുകള്‍ വെള്ളം കയറിയാലും പൊങ്ങിക്കിടക്കുന്ന തരത്തിലായിരുന്നു രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍ കപ്പലിന്റെ ആറ് കമ്പാര്‍ട്ട്മെന്റുകളിലും വെള്ളം കയറിയിരുന്നു. കപ്പലിലെ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കള്‍ കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുകയാണ്. പക്ഷെ കപ്പലിന്റെ ഓരോ വിശദാംശങ്ങളും പൂര്‍ണമായി പരിശോധിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.