ദിവസങ്ങളായി തുടരുന്ന ബിന്‍ കളക്‌റ്റേഴ്സിന്റെ സമരം ബിര്‍മ്മിംഗ്ഹാമിനെ മാലിന്യത്തില്‍ മുക്കി; തെരുവ് നിറയെ പട്ടിണി രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മാലിന്യങ്ങള്‍; മാലിന്യത്തെ ചൊല്ലി അയല്‍വക്കക്കാര്‍ തമ്മില്‍ കലഹം; പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചേക്കാം; ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ ഭയപ്പെടുത്തുന്ന അവസ്ഥ
ലണ്ടന്‍: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിര്‍മ്മിംഗ്ഹാം ഇന്ന് ഉണരുന്നത് കലഹങ്ങളിലേക്കാണ്. വഴിയില്‍ മാലിന്യം കൂമ്പാരം കുട്ടിയതിന് അയല്‍ക്കാര്‍ തമ്മില്‍ പരസ്പരം പഴിചാരിക്കൊണ്ടുള്ള കലഹങ്ങള്‍ പതിവായിരിക്കുന്നു. ബല്‍സല്‍ ഹീത്ത് പ്രദേശത്തെ റണ്‍കോണ്‍ റോഡില്‍ ഒരു നടപ്പാതയിലെ യാത്ര മുടക്കുന്ന തരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണീച്ചറുകള്‍ അതിനൊരു ഉദാഹരണം മാാത്രം. നഗരത്തിലെ പിന്നോക്ക മേഖലകളില്‍ ഒന്നായി ഇവിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി മാലിന്യത്തെ ചൊല്ലിയുള്ള കലഹങ്ങളൊരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
നഗരത്തിലെ മാലിന്യം ശേഖരിക്കുന്നവര്‍ സമരത്തിലായതോടെ തെരുവുകളില്‍ 21,000 ടണ്ണോളം മാലിന്യം ശേഖരിക്കപ്പെടാതെ കിടക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ചില മൂന്നാം ലോക രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ സാഹചര്യം ഒരു പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയേക്കാം എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. നല്ല സമരിയാക്കാരായ ചില പ്രദേശവാസികള്‍ മാലിന്യം, ഡമ്പ്യാര്‍ഡ് വരെ കൊണ്ടുപോയി കളയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും തെരുവുകളില്‍ തന്നെ നിക്ഷേപിക്കുകയാണ്.
പലരും ഈ അവസരം തങ്ങളുടെ വീടുകളിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കുന്നതിനുള്ള അവസരമായി കൂടി കണ്ടിരിക്കുന്നു. ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകളും മറ്റും അവര്‍ വഴിയരുകില്‍ കൊണ്ടുപോയ് കളയുകയാണ്. ഇത് യാത്രാ തടസ്സങ്ങള്‍ക്കുമ്‌ന് മറ്റ് അസൗകര്യങ്ങള്‍ക്കും കാരണമാകുന്നതോടെ അയല്‍ക്കാര്‍ തമ്മിലുള്ള കലഹങ്ങള്‍ ആരംഭിക്കുകയായി. നഗരത്തിലെ 12 ലക്ഷത്തോളം വരുന്ന താമസക്കാരില്‍ പലരുടെയും വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാതെയായിട്ട് ഒരു മാസത്തോളം ആകുന്നു. ഇതോടെ പലയിടങ്ങളിലും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചു വരികയാണ്.
ബിന്‍ കളക്‌റ്റേഴ്സ് യൂണിയന്‍ നേതാക്കളാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് എയ്ഞ്ചല റെയ്നര്‍ ആരോപിക്കുന്നു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന, മെച്ചപ്പെട്ട ശമ്പള വര്‍ദ്ധനവ് അംഗീകരിച്ച് യുണൈറ്റ് യൂണിയന്‍ ഉടന്‍ സമരം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സമരം ആരംഭിച്ചതു മുതല്‍ ലോറികള്‍ എല്ലാം തന്നെ ഡമ്പിംഗ് യാര്‍ഡില്‍ നിശ്ചലാവസ്ഥയിലാണ്. നഗരത്തിലെയും അടുത്തുള്ള കൗണ്‍സിലുകളിലെയും നൂറോളം ലോറികള്‍ ഇപ്പോള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി അധിക സമയം ജോലി ചെയ്യുകയാണെന്നും തദ്ദേശ ഭരണ സെക്രട്ടറി കൂടിയായ റെയ്‌നാര്‍ അറിയിച്ചു.
തെരുവുകളില്‍ മാലിന്യം കുമിഞ്ഞു കൂടിയതോടെ എലികളും പെറ്റുപെരുകുകയാണ് ഇത് പത്തൊന്‍പതാം നൂറ്റാണ്ടിലേതിനു സമാനമായ ഒരു ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എത്രയും പെട്ടെന്ന് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും റെയ്നാര്‍ പറഞ്ഞു. തദ്ദേശ ഭരണ വകുപ്പും ബിര്‍മ്മിംഗ്ഹാം കൗണ്‍സിലും ഇക്കാര്യത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.