ദേഹത്ത് ചാരി നിന്നത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടുവെന്ന് അര്‍ച്ചന; പ്രതിയെ തിരിച്ചറിഞ്ഞ് രണ്ട് സാക്ഷികള്‍; ആക്രമിക്കുന്നത് കണ്ടെന്നും മൊഴി; ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറിയില്ല; ആ ദേഷ്യത്തിലാണ് ചവിട്ടിയതെന്ന് പ്രതി സുരേഷ് കുമാര്‍; കേരള എക്‌സ്പ്രസിലേത് ഗുരുതര സുരക്ഷ വീഴ്ച; രണ്ടാം പ്രതി റെയില്‍വെ തന്നെ

Update: 2025-11-03 05:16 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് 19കാരിയെ ട്രാക്കിലേക്ക് ചവിട്ടി താഴെയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താന്‍ ചവിട്ടിയത് എന്നുമാണ് സുരേഷ് കുമാറിന്റെ മൊഴി. പെണ്‍കുട്ടിയുടെ പിന്നില്‍ നിന്നുമാണ് ചവിട്ടിയത്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഇതര സംസ്ഥാന തൊഴിലാളിയാണ് പെണ്‍കുട്ടിയെ തള്ളിയിട്ടതെന്ന് വരുത്തി തീര്‍ക്കാന്‍ സുരേഷ് ഇന്നലെ ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ പൊലീസുമായി മല്‍പിടിത്തവും നടത്തി. സുരേഷ് കുമാറിന്റെ പേരില്‍ മുന്‍പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ പേയാട് സ്വദേശിനി ശ്രീക്കുട്ടി (സോനു-19)യുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ചവിട്ടില്‍ തെറിച്ചുവീണ അര്‍ച്ചന കമ്പിയില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെട്ടത്. അതിസാഹസികമായിരുന്നു രക്ഷപ്പെടല്‍. അര്‍ച്ചന താന്‍ രക്ഷപ്പെട്ടത് ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. പ്രതിയായ സുരേഷ്‌കുമാര്‍ ദേഹത്ത് ചാരി നിന്നെന്നും ഇത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെയും ചവിട്ടിയെങ്കിലും അര്‍ച്ചന വാതില്‍ കമ്പിയില്‍ പിടിച്ചു കിടന്നു. സഹയാത്രികരാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയത്. സുഹൃത്തായ അര്‍ച്ചനയ്ക്ക് ശുചിമുറിയില്‍ പോകാന്‍ കൂട്ടിനാണ് ശ്രീകുട്ടി വന്നത്. കൂട്ടുകാരി ശുചിമുറിയില്‍ പോയപ്പോള്‍ തീവണ്ടിയുടെ വാതില്‍ ഭാഗത്ത് നില്‍ക്കുകയായിരുന്നു ശ്രീകുട്ടി. ഇതിനിടെയാണ് ഈ സംഭവമുണ്ടായത്. ഞായറാഴ്ച രാത്രി 8.45ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു 19 വയസ്സുകാരിയായ സോനയും സുഹൃത്ത് അര്‍ച്ചനയും ആക്രമിക്കപ്പെട്ടത്.

തിരുവനന്തപുരം പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാര്‍ കോട്ടയത്ത് നിന്ന് മദ്യപിച്ചാണ് ട്രെയിനില്‍ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നില്‍പ്പ്. അതേ സമയം ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന രണ്ട് പേരാണ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടി ഇന്നലെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ മറ്റ് ചില സാക്ഷികള്‍ കൂടി ഇപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനറല്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് പുരുഷന്‍മാരാണ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്പാനൂരുള്ള കേരള റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഈ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ തള്ളിയിട്ടതിന് ശേഷം ഒപ്പമുണ്ടായിരുന്ന കുട്ടിയുമായി ബലപ്രയോഗം നടത്തുന്നത് കണ്ടതായി സാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബോഗിയിലുണ്ടായിരുന്ന മറ്റ് ആളുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആലുവയില്‍ പഠനാവശ്യത്തിനുപോയി സുഹൃത്ത് അര്‍ച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ശുചിമുറിയില്‍ പോയി മടങ്ങുംവഴിയാണ് മദ്യപനായ ആള്‍ ആക്രമിച്ചതെന്ന് അര്‍ച്ചന പറഞ്ഞു.ഞങ്ങള്‍ ശുചിമുറിയില്‍പോയി മടങ്ങുംവഴിയാണ് പരിചയമില്ലാത്ത ഒരാള്‍ ആക്രമിച്ചത്. വാതിലിന്റെ വശത്തേക്ക് എത്തിയപ്പോള്‍ അയാള്‍ സോനയെ നടുവില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. അവള്‍ തെറിച്ചുവീഴുന്നതുകണ്ട് നിലവിളിച്ച എന്നെയും അയാള്‍ ചവിട്ടി. കമ്പിയില്‍ തൂങ്ങിക്കിടന്ന തന്നെ നിലവിളികേട്ടെത്തിയ മറ്റു യാത്രക്കാരാണ് ഉള്ളിലേക്കു പിടിച്ചു തൂക്കിക്കയറ്റിയത്', അര്‍ച്ചന പറയുന്നു. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.

അതേ സമയം, കേരള എക്‌സ്പ്രസില്‍ സുരക്ഷയ്ക്കായി ഒരു പൊലിസുകാരന്‍പോലും ഉണ്ടായിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ആര്‍പിഎഫിന്റെയോ കേരള റെയില്‍വേപൊലിസിന്റെയോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. ക്രൈംപാറ്റേണ്‍ അനുസരിച്ചാണ് പൊലിസിനെ വിന്യസിക്കുന്നതെന്ന് ആര്‍പിഎഫ് വ്യക്തമാക്കുന്നു. സാധാരണ കുറ്റകൃത്യങ്ങള്‍ നടക്കാത്ത ട്രെയിനിന്‍ പൊലിസുകാരെ വിന്യസിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

അതേ സമയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. സോനക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ സോന അപകടനില തരണം ചെയ്തു എന്ന് ഉറപ്പിക്കാനായിട്ടില്ല. വര്‍ക്കല അയന്തി മേല്‍പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിലേക്കാണ് പെണ്‍കുട്ടിയെ പ്രതി സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിട്ടത്. ആംബുലന്‍സിന് കടന്നു വരാന്‍ വഴിയില്ലാത്ത കാടുമൂടിയ വിജനമായ സ്ഥലത്തായിരുന്നു സംഭവം. വഴി സൗകര്യമൊന്നുമില്ല. മെമു ട്രെയില്‍ എത്തിയതു കൊണ്ടു മാത്രമാണ് പെണ്‍കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസിയായ യുവതി രാസി പറഞ്ഞു.

Tags:    

Similar News