ആ കുരിശിൽ വിധി നടപ്പിലായതും പാറകൾ പിളർന്നു ജെറുസലേം ദേവാലയത്തിലെ തിരശീല രണ്ടായി കീറി!! ഇസ്രയേലിന്റെ മിസൈലുകൾ പാഞ്ഞപ്പോൾ ഇറാൻ ആകാശത്തും അത്തരമൊരു കാഴ്ച; 'മാനം' പേടിപ്പെടുത്തുന്ന രീതിയിൽ ഇരുണ്ടുകയറി; ഞൊടിയിടയിൽ പെയ്തിറങ്ങിയത് കറുത്ത മഴ; രാജ്യത്തിന്റെ ഹൃദയഭാഗത്ത് ആശങ്ക

Update: 2026-03-08 11:09 GMT

ടെഹ്റാൻ: പൗരാണിക ഇതിഹാസങ്ങളെയും ബൈബിൾ വചനങ്ങളെയും ഓർമ്മിപ്പിക്കും വിധം ഇറാൻ ആകാശത്ത് ദൃശ്യമായ ഭീതിജനകമായ പ്രതിഭാസം ലോകത്തെ ഞെട്ടിക്കുന്നു. ഇസ്രയേൽ തൊടുത്തുവിട്ട മിസൈലുകൾ ഇറാന്റെ പ്രതിരോധക്കോട്ടകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് പ്രകൃതിപോലും പകച്ചുനിന്ന നിമിഷങ്ങൾ അരങ്ങേറിയത്.

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ഹൃദയഭാഗമായ ടെഹ്‌റാനിൽ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം. അർദ്ധരാത്രിയോടെ നടന്ന അപ്രതീക്ഷിത നീക്കത്തിൽ ടെഹ്‌റാനിലെയും അൽബോർസ് പ്രവിശ്യയിലെയും പ്രധാന എണ്ണ ഉൽപ്പാദന-കൈമാറ്റ കേന്ദ്രങ്ങളും സംഭരണശാലകളും തകർക്കപ്പെട്ടു. ആക്രമണത്തിൽ നാല് ടാങ്കർ ഡ്രൈവർമാർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എണ്ണ കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വടക്കുകിഴക്കൻ ടെഹ്‌റാനിലെ അഗ്ദാസീ ഓയിൽ വെയർഹൗസ്, ടെഹ്‌റാൻ റിഫൈനറി, കിഴക്കൻ ടെഹ്‌റാനിലെ ഷഹ്‌റാൻ ഓയിൽ ഡിപ്പോ, കരജ് സിറ്റിയിലെ ഓയിൽ ഡിപ്പോ എന്നിവിടങ്ങളിലാണ് മിസൈലുകൾ പതിച്ചത്. സ്ഫോടനത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ആകാശത്തോളം ഉയരത്തിൽ തീഗോളങ്ങൾ ഉയർന്നു. ഷഹ്‌റാൻ ഡിപ്പോയിൽ ഉണ്ടായ തകർച്ചയെത്തുടർന്ന് വൻതോതിൽ എണ്ണ നിരത്തിലൂടെ ഒഴുകിയതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. "ലോകാവസാനം എത്തിയതുപോലെ തോന്നി, അല്ലെങ്കിൽ നരകം നേരിൽ കാണുന്നതുപോലെ ഭീകരമായിരുന്നു സ്ഫോടനങ്ങൾ," എന്നാണ് പ്രദേശവാസികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആക്രമണത്തിന് പിന്നാലെ ടെഹ്‌റാൻ നഗരത്തിൽ ദൃശ്യമായത് വിചിത്രവും ഭീതിജനകവുമായ കാഴ്ചകളാണ്. എണ്ണ സംഭരണശാലകൾ കത്തിയമർന്നതിനെത്തുടർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച കനത്ത പുകയും രാസവസ്തുക്കളും കലർന്ന് നഗരത്തിൽ 'കറുത്ത മഴ' പെയ്തു. സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം, പെയ്തിറങ്ങിയ വെള്ളത്തിൽ എണ്ണയുടെ അംശം വ്യക്തമായിരുന്നു. കറുത്ത പുകപടലങ്ങൾ മൂടി നഗരം പകൽസമയത്തും ഇരുട്ടിലായ അവസ്ഥയിലാണ്.

വിഷലിപ്തമായ ഈ മഴ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ഇറാനിയൻ റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി. രാസവസ്തുക്കൾ കലർന്ന മഴ ഏൽക്കാതിരിക്കാൻ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും കോൺക്രീറ്റ് അല്ലെങ്കിൽ മെറ്റൽ മേൽക്കൂരകൾക്ക് താഴെ അഭയം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ആക്രമണം രാജ്യത്തെ എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതോടെ ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യക്തിഗത കാർഡുകൾ ഉപയോഗിച്ച് വാങ്ങാവുന്ന എണ്ണയുടെ പ്രതിദിന ക്വാട്ട 30 ലിറ്ററിൽ നിന്ന് 20 ലിറ്ററായി കുറച്ചു.

വരും ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലാകുമെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തിയിലാണ്. യുദ്ധസമാനമായ ഈ സാഹചര്യം പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്. ഇസ്രയേലിന്റെ ഈ കടന്നാക്രമണത്തിന് ഇറാൻ എങ്ങനെ മറുപടി നൽകുമെന്ന ഉത്കണ്ഠയിലാണ് ലോകരാജ്യങ്ങൾ.

Tags:    

Similar News