ഓസ്‌ട്രേലിയയെ കോരിത്തരിപ്പിച്ച മോഡല്‍; റിയാലിറ്റി ടിവി ഷോ സ്റ്റാര്‍; ചുറ്റിനും അവസരങ്ങള്‍ ഏറെ; 27-ആം വയസ്സില്‍ ലൂസി മരണത്തിന് കീഴടങ്ങിയപ്പോള്‍ കണ്ണീരൊഴുക്കി ആരാധകര്‍
സിഡ്‌നി: ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖ അന്താരാഷ്ട്ര മോഡലും റിയാലിറ്റി ഷോ താരവുമായ ലൂസി മര്‍ക്കോവിക്ക് മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയെ കോരിത്തരിപ്പിച്ച ഈ സുന്ദരിയുടെ അകാല വേര്‍പാടില്‍ കണ്ണീരൊഴുക്കുകയാണ് ആരാധക വൃന്ദം. ഇരുപത്തിയേഴാം വയസിലാണ് ലൂസി മരണത്തിന് കീഴടങ്ങുന്നത്. അവരുടെ ജീവിതപങ്കാളി ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.
വളരെ സമാധാനത്തോടെയാണ് ലൂസി മരിച്ചതെന്നും മരണ സമയത്ത് താനും തങ്ങളുടെ രണ്ട് പേരുടേയും അമ്മമാരും ഒപ്പമുണ്ടായിരുന്നതായും ഇത് സംബന്ധിച്ച സന്ദേശത്തില്‍ ജീവിത പങ്കാളി വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഈ ഘട്ടത്തില്‍ എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ലൂസിയുടെ ആത്മാവിന് നിത്യശാന്തി നേരുകയാണെന്നും അദ്ദേഹം കുറിച്ചു. റിയാലിറ്റി ടിവി പരമ്പരയുടെ സീസണ്‍ 9-ല്‍ റണ്ണറപ്പായിരുന്നു ലൂസി. ബ്രെയിന്‍ ആര്‍ട്ടീരിയോവെനസ് മാല്‍ഫോര്‍മേഷന്‍ എന്ന ആരോഗ്യ പ്രശ്നമാണ് അവരെ ബാധിച്ചിരുന്നത്. ഈയാഴ്ച ആദ്യം തന്നെ ലൂസിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് അവര്‍ കോമാ സ്റ്റേജിലേക്ക് പോകുകയായിരുന്നു.
രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന അസാധാരണമായ കുരുക്കുകളാണ് ആര്‍ട്ടീരിയോവെനസ് മാല്‍ഫോര്‍മേഷന്‍ എന്നറിയപ്പെടുന്നത്. ഇത് പലപ്പോഴും തലച്ചോറിലും സുഷുമ്നാ നാഡിയിലും വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ലൂസിയുടെ പങ്കാളി അവര്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരാധകരോട് അപേക്ഷിക്കുകയും ചെയ്തു. ലൂസിയുടെ സ്വന്തം സ്ഥാപനമായ എലൈറ്റ് മോഡല്‍ മാനേജ്‌മെന്റ് എന്‍വൈസിയും സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
ലൂസി ഒരു തിളക്കമുള്ള പ്രകാശമായിരുന്നു എന്നും അവിശ്വസനീയമായ നര്‍മ്മബോധം ഉണ്ടായിരുന്നതായും മോഡലിംഗ് ലൂസിയുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു, എന്നും അവരോടൊപ്പം ആ യാത്രയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2015 ല്‍ ഓസ്‌ട്രേലിയയുടെ നെക്സ്റ്റ് ടോപ്പ് മോഡലില്‍ പങ്കെടുത്ത ലൂസി പിന്നീട് വെര്‍സേസ്, ഗിവഞ്ചി, ഓസ്‌ട്രേലിയന്‍ ബ്രാന്‍ഡുകളായ ഡിയോണ്‍ ലീ, സുബി, സാസ്, ബിഡെ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ മോഡലായിരുന്നു.
കഴിഞ്ഞ മാസം ലൂസി തന്റെ ആരോഗ്യനിലയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. പല തവണ റേഡിയേഷന വിധേയയായതിന് ശേഷം ശസ്ത്രക്രിയ നടത്താനിരിക്കുകയാണ് എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ നെക്സ്റ്റ് ടോപ്പ് മോഡലില്‍ മത്സരിക്കുമ്പോള്‍ ലൂസിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ഒപ്പം മല്‍സരിച്ച ബ്രിട്ടാനി ബീറ്റിക്കെതിരെ അത്ഭുതകരമായ വിജയമാണ് അവര്‍ നേടിയത്. പത്തൊമ്പതാം വയസില്‍ സിഡ്നിയില്‍ നടന്ന ഫാഷന്‍ പാലറ്റ് 2018ലും ലൂസി തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഇനിയും എത്രയോ അവസരങ്ങള്‍ ലഭിക്കാന്‍ ബാക്കിനില്‍ക്കേ ആണ് ലൂസിയുടെ ഈ വിടവാങ്ങല്‍.