അഫ്ഗാനികളെന്ന് അവകാശപ്പെട്ട് അസൈലം അപേക്ഷ നല്‍കിയ ഇന്ത്യന്‍ കുടുംബം കുരുക്കില്‍; മക്കളെ തീവ്രവാദികളാക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് തടവ് ശിക്ഷ; ബ്രിട്ടണ്‍ നടപടികള്‍ കടുപ്പിക്കുമ്പോള്‍
ലണ്ടന്‍: അഫ്ഗാനികളെന്ന വ്യാജേന നിയമവിരുദ്ധമായി അഭയത്തിനായി അപേക്ഷിച്ച ഇന്ത്യന്‍ കുടുംബം നിയമ കുരുക്കില്‍ പെട്ടു. ഗുര്‍ബക്ഷ് സിംഗ് എന്ന 72 കാരനും ഭാര്യ ആര്‍ദത് കൗര്‍ എന്ന 68 കാരിയും മകന്‍ ഗുല്‍ജീത് സിംഗ് എന്ന 44 കാരനും അയാളുടെ പത്‌നി ക്വാല്‍ജീത് സിംഗ് എന്ന 37 കാരിയുമാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. 2023 ല്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഇവര്‍ നിയമവിരുദ്ധമായി അഭയത്തിന് അപേക്ഷിച്ചത്.
ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ രണ്ട് തവണ വിസ നിഷേധിക്കപ്പെട്ട ഇവര്‍ ഒരു പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയായിരുന്നു ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായത്. അടുത്ത വര്‍ഷം ഫെബ്രുവരി 2 നാണ് ഏഴു ദിവസത്തെ വിചാരണയ്ക്കായി കേസ് മാറ്റിവെച്ചിരിക്കുന്നത്. നിയമ യുദ്ധത്തിന്റെ വഴിയെ തന്നെ നീങ്ങാന്‍ ആണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. അവര്‍ക്ക് മേല്‍ ആരോപിച്ച കുറ്റങ്ങളില്‍ എന്‍ട്രി ക്ലിയറന്‍സ് ഇല്ലാതെയാണ് എത്തിയതെന്ന കുറ്റത്തില്‍ നിന്നും യു കെയില്‍ എത്തുമ്പോള്‍ പാസ്സ്‌പോര്‍ട്ട് ഇല്ലായിരുന്നു എന്ന കുറ്റത്തില്‍ നിന്നും ഇവരെ മുക്തരാക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷം വിചാരണയ്ക്ക് ഹാജരാകണമെന്ന നിബന്ധനയോടെ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നേരത്തെ ഇവര്‍ രണ്ട് തവണ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഹാജരാക്കി വിസയ്ക്കായി അപേക്ഷിച്ചെങ്കിലും അതെല്ലാം നിരാകരിക്കപ്പെടുകയായിരുന്നു. ഇവര്‍ നാലുപേരും ഇവര്‍ക്കൊപ്പം വന്ന രണ്ട് കുട്ടികളും ഇപ്പോള്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹെമെല്‍ മെംസ്റ്റെഡില്‍ ആണ് താമസിക്കുന്നത്.
മക്കളെ തീവ്രവാദികളാക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് തടവ് ശിക്ഷ
തന്റെ നാല് മക്കളെയും ഐസിസില്‍ ചേര്‍ത്ത് രക്തസാക്ഷികളാക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് യാത്രചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനോട് വിധേയത്വം പ്രകടിപ്പിച്ച ഫരിഷ്ട ജാമി എന്ന 36 കാരിക്ക് കുട്ടികളെ യുദ്ധോപകരണങ്ങളാക്കി ഉപയോഗിക്കുന്നതില്‍ അതീവ താത്പര്യവും ഉണ്ടായിരുന്നു. കുട്ടികള്‍ ആയുധങ്ങളേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ ഓണ്‍ലൈന്‍ വഴി പങ്കുവച്ചിട്ടുണ്ട്.
ചുരുങ്ങിയത് 17 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരുന്ന രീതിയിലുള്ള ജീവപര്യന്തം തടവാണ് ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. തീവ്രവാദത്തിനായി മക്കളെ തയ്യാറാക്കുകയും, മക്കളെ ബലിനല്‍കാന്‍ തയ്യാറാവുകയും ചെയ്തതിനാണ് ശിക്ഷ. അതുകൂടാതെ എന്‍ക്രിപ്റ്റ് ചെയ്ത ടെലെഗ്രാം ചാനലുകളീല്‍ ഇവര്‍ ഐ എസ് പ്രചാരണത്തിന്റെ ഒരു പ്രധാന മുഖമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2023 നവംബറില്‍ അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുന്‍പ് അവര്‍ അഫ്ഗാനിസ്ഥാനിലേക്ക് മക്കള്‍ക്കൊപ്പം പോകുവാനായി യു കെയില്‍ നിന്നും കാബൂളിലേക്കുള്ള വണ്‍വേ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് 22 തവണയാണ് സെര്‍ച്ചിംഗ് നടത്തിയത്.
അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറോസാന്‍ എന്ന തീവ്രവാദ സംഘടനയില്‍ ചേരുന്നതിനാണ് ഇവര്‍ മക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറെടുത്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1200 പൗണ്ട് ക്യാഷ് ആയി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.