ഇന്ത്യക്കോ ഡെന്‍മാര്‍ക്കിനോ തന്നെ വിട്ടു കൊടുക്കരുതെന്ന ആവശ്യം യുഎസ് കോടതി അംഗീകരിച്ച ശേഷം എല്ലാം തുറന്നു പറഞ്ഞ അമേരിക്കന്‍ വംശജന്‍; എഫ്ബിഐയോട് മുംബൈ ഭീകരാക്രമണത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത് ആ നിര്‍ണ്ണായക നീക്കത്തിന് ശേഷം; റാണയെ തന്നെങ്കിലും ഹെഡ്‌ലിയെ എന്‍ഐഎയ്ക്ക് കിട്ടില്ല

Update: 2025-04-11 07:53 GMT

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത് ചാര്‍ട്ടേഡ് ബിസിനസ് ജെറ്റില്‍. 2019ലാണ് റാണയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നല്‍കിയത്. തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാല്‍ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോര്‍ണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ റാണയുടെ ബാല്യകാല സുഹൃത്തും അമേരിക്കന്‍ പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ഇന്ത്യയ്ക്ക് അമേരിക്ക കൈമാറില്ല. മുംബൈയില്‍ ഹെഡ്ലിയുമായി ചേര്‍ന്ന് ലഷ്‌കറെ തയ്ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് റാണയ്‌ക്കെതിരെയുള്ളത്. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്തത്. ഈ കരാറുണ്ടെങ്കിലും ഹെഡ്‌ലിയെ കൈമാറില്ല. ഇതിന് കാരണം ഹെഡ്‌ലിയെടുത്ത തന്ത്രപരമായ നിലപാടാണ്. ഇന്ത്യക്കോ ഡെന്‍മാര്‍ക്കിനോ തന്നെ വിട്ടുകൊടുക്കരുതെന്ന ആവശ്യം യുഎസ് കോടതി അംഗീകരിച്ചശേഷമാണ് എഫ്ബിഐയോട് മുംബൈ ഭീകരാക്രമണമുള്‍പ്പെടെയുള്ളകാര്യങ്ങളില്‍ ഹെഡ്‌ലി കുറ്റസമ്മതംനടത്തിയത്. അതുകൊണ്ട് തന്നെ ഹെഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതികള്‍ തയ്യാറാകില്ല. അത് ഹെഡ്‌ലിക്ക് കൊടുത്ത വാക്കിന് വിരുദ്ധമാകുമെന്നതു കൊണ്ടാണ്. ഇന്ത്യയിലെ നിയമ വ്യവസ്ഥയേയും ചോദ്യം ചെയ്യലിനേയും ഹെഡ്‌ലി ഭയപ്പെട്ടുവെന്നതിന് തെളിവാണ് ഇത്.

റാണയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. ലഷ്‌കറെ തയ്ബയ്ക്കുവേണ്ടി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയന്‍ വ്യവസായി റാണയ്‌ക്കെതിരെയുള്ള കേസ്. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടന്നത്. 2009 മുതല്‍ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ. താജ് ഹോട്ടല്‍, ഒബ്റോയ് ട്രൈഡന്റ് ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനസ്, ലിയോപോള്‍ഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാന്‍ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. കടല്‍ മാര്‍ഗം മുംബൈയിലെത്തിയ 10 പാകിസ്ഥാന്‍ ഭീകരര്‍ 60 മണിക്കൂറിലധികമാണ് മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇതേ കേസില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു സുപ്രധാന പ്രതിയെ ഇന്ത്യയ്ക്ക് കിട്ടുന്നത്. അതിവേഗ വിചാരണ റാണയ്‌ക്കെതിരേയും ഉണ്ടാകും. പാകിസ്ഥാനെതിരായ തെളിവ് ശേഖരണവും റാണയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. ഡല്‍ഹി പോലീസ് 'സ്വാറ്റ് ' സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. പതിനഞ്ച് വര്‍ഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്താനാണ് സാധ്യത. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന് എന്‍ഐഎ പരിശോധിക്കും. സുപ്രീം കോടതി അനുവദിക്കുകയാണെങ്കില്‍ ഒറ്റ വിചാരണയാക്കും. അതേസമയം, മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

മുംബൈ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ പ്രധാനിയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിട്ടു കിട്ടിയിരിക്കുന്ന തഹാവൂര്‍ റാണ. തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. റാണയ്ക്ക് ലഷ്‌കര്‍ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നല്‍കിയതിം റാണയുടെ സ്ഥാപനമാണ്. റാണ 2009ല്‍ ചിക്കാഗോയില്‍ അറസ്റ്റിലായി. ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ യുഎസ് 2023 ല്‍ തീരുമാനിച്ചു.ഇതിനെതിരെ യുഎസിലെ വിവിധ കോടതികളില്‍ റാണ നല്‍കിയ അപ്പീലുകള്‍ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ കഴിഞ്ഞ ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.

Tags:    

Similar News