ഇന്നു രാവിലെയും ജോലിയ്ക്കു പോയി; അവധി പറഞ്ഞ് വീട്ടിലെത്തി 25കോടിയുടെ ടിക്കറ്റുമായി ബാങ്കിലേക്ക്; ആ രഹസ്യ വരവില്‍ മാനേജര്‍ക്ക് അമ്പരപ്പ്; എല്ലാം ആഗ്‌നേയന്റെ ഐശ്വര്യമെന്ന് ശരത്; അച്ഛന്‍ കോടിപതിയായത് അറിയാതെ ക്യാമറക്കണ്ണുകള്‍ നോക്കി ആ കുഞ്ഞിക്കണ്ണുകള്‍; തുറവൂര്‍ മണിയാതൃക്കലിലെ ശരതിന്റെ കുടുംബം ആഹ്ലാദത്തിലാണ്
ആലപ്പുഴ: തിരുവോണ ബമ്പര്‍ 'ഭാഗ്യശാലിനിയെ' തേടിയുള്ള മലയാളികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. തുറവൂര്‍ തൈക്കാട്ടുശേരി മണിയാതൃക്കല്‍ നെടുംചിറയില്‍ ശരത് എസ് നായര്‍ ആണ് ഭാഗ്യശാലി. ശരത് വാങ്ങിയ ടി.എച്ച് 577825 ടിക്കറ്റിനാണ് 25 കോടി അടിച്ചത്. ആദ്യമായി എടുത്ത ബമ്പര്‍ ടിക്കറ്റില്‍ ഒന്നാം സമ്മാനം അടിച്ചതിന്റെ അമ്പരപ്പൊക്കെ മാറിയെങ്കിലും ശരത്തിനും വീട്ടുകാര്‍ക്കും അമിതാവേശമില്ല. അതേ സമയം ആറുമാസം പ്രായമുള്ള ആഗ്‌നേയ് കൃഷ്ണനെയാണ് ക്യാമറക്കണ്ണുകള്‍ പൊതിയുന്നത്. അച്ഛന്‍ കോടിപതിയായത് അവന്‍ അറിഞ്ഞിട്ടുണ്ടോ എന്തോ? തന്റെ ചുറ്റും മിന്നുന്ന ക്യാമറ കണ്ണുകളിലേക്ക് ആ കുഞ്ഞിക്കണ്ണുകള്‍ നോക്കുന്നത് കാണാം. എന്നാല്‍ ആ കുടുംബം പറയുന്നതാകട്ടെ എല്ലാം ആഗ്‌നേയന്റെ ഐശ്വര്യമാണെന്നാണ്. ഓണം ബംബര്‍ നേടിയ ശരത് എസ്. നായരുടെ ഏക മകനാണ് ആഗ്‌നേയന്‍. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആഗ്‌നേയന്‍ എത്തിയത്. പിന്നാലെ 25 കോടിയുടെ ഭാഗ്യവും നേടിയെത്തിയിരിക്കുന്നു.
മണിയാതൃക്കല്‍ കവലയ്ക്ക് പടിഞ്ഞാറാണ് ശരത്തിന്റെ വീട്. ഭാര്യ അപര്‍ണ ചേര്‍ത്തല കളവംകോടം സ്വദേശിനിയാണ്. ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ അപര്‍ണ കുഞ്ഞ് ആയതോടെ ജോലി നിര്‍ത്തി. ശരത്തിന്റെ അമ്മ രാധാമണി, സഹോദരന്‍ രജ്ഞിത്ത്. മൂന്നു വര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിലാണ് താമസം. അച്ഛന്‍ ശശിധരന്‍ പക്ഷാഘാതം ബാധിച്ചിരിക്കുകയാണ്. വീട് നിര്‍മിച്ചതിന്റെ ബാധ്യതകള്‍ ഉള്‍പ്പെടെ തീര്‍ക്കണമെന്നാണ് ശരത്തിന്റെ മനസ്സില്‍.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരത്. 'ആലോചിച്ച് ചെയ്യാം. ഒരു വീടുണ്ട്. വീട് വച്ചതിന് കുറച്ചുകടങ്ങളുണ്ട്. അത് വീട്ടണം. മുമ്പ് പല തവണ ചെറിയ തുകയുടെ ലോട്ടറിയെടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ബമ്പര്‍ എടുത്തത്. ലോട്ടറി ടിക്കറ്റിന്റെ ചിത്രം ഫോണിലെടുത്തുവച്ചിരുന്നു. ഫലം വന്നയുടന്‍ അത് നോക്കി. ആദ്യം വിശ്വസിക്കാനായില്ല. രണ്ടുമൂന്നുതവണ നോക്കി. ആര്‍ക്കും ഇത് കാണിച്ചുകൊടുത്തില്ല.ഭാര്യയെ വിളിച്ച് ടിക്കറ്റ് നോക്കാന്‍ പറഞ്ഞു. ശേഷം വീട്ടില്‍ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്നിറങ്ങി. വീട്ടിലെത്തി വീണ്ടും പരിശോധിച്ചു. അച്ഛനും അമ്മയും സഹോദരനും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്.'- ശരത് വ്യക്തമാക്കി.
ആദ്യം അമ്പരപ്പ്
ലോട്ടറി കച്ചവടക്കാര്‍ സമീപിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ലോട്ടറി എടുക്കുമെങ്കിലും ഓണം ബംപര്‍ ആദ്യമായിട്ടാണ് എടുത്തത്. ലോട്ടറിയടിച്ചെന്ന് മനസിലായപ്പോള്‍ ടെന്‍ഷന്‍ തോന്നിയെന്നും ശരത് പറയുന്നു.ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതല്‍ മാദ്ധ്യമങ്ങളും പ്രദേശവാസികളും ഭാഗ്യശാലിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. നെട്ടൂരിലെ വീട്ടമ്മയ്ക്കാണ് സമ്മാനം ലഭിച്ചതെന്നും ഉച്ചയ്ക്ക് 12ന് അവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പിലെത്തുമെന്നും ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഇന്നലെ അറിയിച്ചിരുന്നു. തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ 12ന് മുമ്പേ ഏജന്‍സിയില്‍ തമ്പടിച്ചെങ്കിലും നിരാശരായി മടങ്ങി. ഒടുവില്‍ ഇന്നാണ് യഥാര്‍ത് ഭാഗ്യശാലി ആരാണെന്നറിഞ്ഞത്.
ഫലം പ്രഖ്യാപിച്ച സമയത്ത് തന്നെ ടിക്കറ്റ് നമ്പര്‍ വഴി തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ശരത് മനസിലാക്കി. ജോലി സ്ഥലത്ത് നിന്നും ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. വീട്ടില്‍ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നത് ഭാര്യ അപര്‍ണയായിരുന്നു. ടിക്കറ്റ് നോക്കിയ അപര്‍ണ ലോട്ടറി നമ്പര്‍ ഉറപ്പാക്കി. വീട്ടില്‍ അമ്മയോടും അനിയനോടും മാത്രമാണ് കാര്യം പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഒരു സ്ത്രീയ്ക്കാണ് ബംപര്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തകള്‍ കണ്ടെങ്കിലും വീട്ടുകാരുടെ ചങ്കിടിച്ചില്ല. പ്രതീക്ഷിച്ചതുമില്ല, നിരാശപ്പെട്ടുമില്ല എന്നാണ് ശരത് പറയുന്നത്.
25 കോടിയുടെ ഓണം ബംബര്‍ കൈവശമുണ്ടായിട്ടും ശരത് ഇന്നു രാവിലെയും ജോലിയ്ക്കു പോയി. അവിടെയുണ്ടായിരുന്ന ചുമതലകള്‍ രാവിലെ നിര്‍വഹിച്ച ശേഷം ബംബറിന്റെ കാര്യം പറയാതെ അവധി പറഞ്ഞ് വീട്ടിലെത്തി ടിക്കറ്റ് എടുത്ത് ബാങ്കില്‍ ഏല്‍പ്പിക്കാന്‍ പോയി. എറണാകുളം നെട്ടൂരില്‍ ബീറ്റ ട്രേഡേഴ്‌സില്‍ കാര്യര്‍ ആന്‍ഡ് ഫോര്‍ഡിങ് വിഭാഗത്തിലാണ് (സിഎഫ്എ) ശരത്തിന്റെ ജോലി. നാളെയും ജോലിയ്ക്കു പോകുമെന്ന് ശരത് പറഞ്ഞു.
എസ്ബിഐയുടെ തൈക്കാട്ടുശ്ശേരി ശാഖയിലായിരുന്നു ശരത്തിന് അക്കൗണ്ട്. എന്നാല്‍ തൈക്കാട്ടുശ്ശേരി ശാഖ അടുത്തിടെ തുറവൂര്‍ ശാഖയുമായി ലയിച്ചിരുന്നു. ലോട്ടറി അടിച്ച വിവരം രഹസ്യമായി വച്ച ശരത് ഇന്ന് അപ്രതീക്ഷിതമായാണ് ബാങ്കിലേക്ക് ടിക്കറ്റുമായി എത്തിയത്. ശരത് ക്യാബിനില്‍ വന്ന് വിവരം പറഞ്ഞതോടെ മാനേജര്‍ സുനിലിനു കൗതുകമായി. ഇവിടെ തന്നെ കൊണ്ടുവന്നതില്‍ സന്തേഷമെന്നായിരുന്നു സുനില്‍ ശരത്തിനോട് പറഞ്ഞത്.