'പിണറായിസത്തി'നെതിരെ തുറന്ന യുദ്ധത്തിന് ജി സുധാകരനും; അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍; സാധ്യത മുന്നില്‍ കണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പതിയെയാക്കി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് പിന്തുണക്കും; സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരം ശേഖരിച്ച് പാര്‍ട്ടിയും സ്പെഷ്യല്‍ബ്രാഞ്ചും
'പിണറായിസത്തി'നെതിരെ തുറന്ന യുദ്ധത്തിന് ജി സുധാകരനും
ആലപ്പുഴ: പാര്‍ട്ടിയംഗത്വം പുതുക്കാന്‍ തയ്യാറാകാത്ത മുന്‍മന്ത്രി ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല. 'പിണറായിസത്തി'നെതിരെ പോരാട്ടം നടത്താന്‍ സുധാകരന്‍ ശ്രമിക്കുന്നു എന്നാണ് സൂചനകള്‍. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരത്തിന് ഇറങ്ങിയേക്കും. സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നാളെ വാര്‍ത്താസമ്‌ണേനം വിളിച്ചേക്കും.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാത്തു നില്‍ക്കാതെ തന്നെ മത്സരതീരുമാനം പ്രഖ്യാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ സുധാകരന്‍ ഉറച്ചു നില്‍ക്കുന്നതായാണ് വിവരം. ഒരു പാര്‍ട്ടിക്കൊപ്പവും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പൊതുസ്വതന്ത്രനായ തന്നെ ആര്‍ക്കും പിന്തുണയ്ക്കാമെന്നുമാണ് സുധാകരന്റെ നിലപാട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫോണില്‍ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടി ചുമതലപ്പെടുത്തിയതനുസരിച്ച് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി.ഹരിശങ്കറും നേരില്‍ സന്ദര്‍ശിച്ച് സംസാരിച്ചു.
എന്നിട്ടും നിലപാടില്‍ അയവ് വരുത്താന്‍ ജി.സുധാകരന്‍ തയ്യാറാകാത്തതിനാല്‍ അനുനയ ശ്രമങ്ങള്‍ അവസാനിപ്പിച്ച മട്ടിലാണ് സി.പി.എം. ജി.സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ യു.ഡി.എഫ് പിന്തുണച്ചേക്കും. സുധാകരന്‍ സ്ഥാനാര്‍ഥിയാകുന്നത് മുന്നില്‍ കണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പതിയെയാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്.
നേരത്തെ പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും നാലുദിവസം മുന്‍പ് സുധാകരന്റെ വീട്ടിലെത്തി അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അംഗത്വം പുതുക്കുക, സര്‍ക്കാര്‍പരിപാടികളില്‍ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാല്‍, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യമാണ് ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടെടുക്കാന്‍ പ്രേരണയായെതെന്നാണു സൂചന.
ആറുദിവസം മുന്‍പാണ് അംഗത്വം പുതുക്കില്ലെന്ന് ഫെയ്സ്ബുക്കിലൂടെ സുധാകരന്‍ വെളിപ്പെടുത്തിയത്. ഇതിനുകാരണങ്ങളും വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കിയപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉള്‍പ്പെടുത്തിയത്.
അവിടെ അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍പ്പോലും ജില്ലാസെക്രട്ടറി വിവരങ്ങള്‍ അന്വേഷിച്ചില്ല. പൊതുപരിപാടികളിലേക്കു ക്ഷണിച്ചുമില്ല. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തിനും വിളിച്ചില്ല. ഇതിനു പുറമേ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയത്.
അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നതായി മനസ്സിലായതോടെ സുധാകരന്‍ നിരീക്ഷണത്തിലാണ്. സുധാകരന്റെ വീട്ടിലെത്തുന്നവരുടെയും ചര്‍ച്ചകളുടെയുമൊക്കെ വിവരങ്ങള്‍ സി.പി.എമ്മിന്റെ പ്രാദേശിക ഘടകം വഴി ശേഖരിക്കുന്നുണ്ട്. കൂടാതെ സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്. പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു കൊടുത്തിട്ടും സുധാകരന്‍ നിലപാടില്‍ അയവു വരുത്താന്‍ തയാറാകുന്നില്ല എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ മുഖംമിനുക്കുന്ന സിപിഎമ്മിന് ജി സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ചു രംഗത്തുവന്നാല്‍ അത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
