മുണ്ടയ്ക്കലിലെ വീട്ടില്‍ നിന്നും വാടകക്കാരെ ഒഴുപ്പിക്കാന്‍ കാര്‍ കത്തിച്ച 'വാലിബന്‍'; ആളറിയാതെ എഫ് ഐ ആര്‍ ഇട്ട ലോക്കല്‍ പോലീസിന് കാര്യം പിടികിട്ടിയപ്പോള്‍ കേസ് എഴുതി തള്ളേണ്ടി വന്നു! സ്വര്‍ണ്ണ പാളിയെ ചെമ്പാക്കിയ ശബരിമല സ്‌പോണ്‍സര്‍ ആളു ചില്ലറക്കാരന്‍ അല്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ കഥ

Update: 2025-10-06 14:00 GMT

തിരുവനന്തപുരം: മണ്ണന്തല പോലീസ് സ്‌റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിച്ചെടുത്തത് പോലീസിലെ ഉന്നതന്‍. ഈ കേസ് പോലീസ് എഴുതി തള്ളുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭൂതകാലം തേടിപോയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് ഈ എഴുതി തള്ളല്‍ ഇപ്പോള്‍ കണ്ടെത്തുന്നത്. പ്രാഥമിക അന്വേഷണം പോലും ഇക്കാര്യത്തില്‍ നടന്നില്ലെന്ന് സൂചനയുണ്ട്. മണ്ണന്തല പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ കാറു കത്തിക്കലിന് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സംഭവം നടക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ടവര്‍ ലൊക്കേഷന്‍ കൊച്ചിയില്‍ ആയിരുന്നത്രേ. അതുകൊണ്ട് തന്നെ കേസ് എഴുതി തള്ളി. ആര്‍ക്കെങ്കിലും ക്വട്ടേഷന്‍ നല്‍കി കാര്‍ കത്തിച്ചതാണോ എന്നു പോലും പോലീസ് പരിശോധിച്ചില്ല. അടിമുടി ദൂരൂഹമാണ് ഈ കേസ് എഴുതി തള്ളല്‍.

2022 ഓഗസ്റ്റിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 25 ഓഗസ്റ്റിനായിരുന്നു സംഭവം. കിണവൂര്‍ വാര്‍ഡിലെ മുണ്ടക്കല്‍ ലെയിനിലായിരുന്നു കാര്‍ കത്തിക്കല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാടകക്കാരനായിരുന്നു പരാതിക്കാരന്‍. വാടക കുടിശിക നല്‍കാത്തതിന് പ്രതികാരം തീര്‍ക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടു പേര്‍ കാറിന് തീയിട്ടുവെന്നാണ് പരാതി. രാത്രി പത്തരയോടെ കത്തിച്ചെന്ന് എഫ് ഐ ആറില്‍ പറയുന്നു. കാര്‍ പോര്‍ച്ചില്‍ ഇട്ടിരുന്ന കാറാണ് എന്തോ ഒരു രാസവസ്തു ഉപയോഗിച്ച് കത്തിച്ചതെന്നാണ് എഫ് ഐ ആര്‍. എന്നാല്‍ എഫ് ഐ ആറിന് അപ്പുറം കേസ് അന്വേഷണം പോയില്ല. ശബരിമലയിലെ ഉന്നത ബന്ധങ്ങള്‍ കാരണം കേസ് എല്ലാ അര്‍ത്ഥത്തിലും എഴുതി തള്ളി. പരാതിക്കാരന്റെ സ്വഭാവം ശരിയല്ലെന്ന വിചിത്ര ന്യായവും പോലീസ് ഇതിനായി കണ്ടെത്തി. സ്ഥലത്ത് സിസിടിവി ഇല്ലാത്തതും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് തുണയായി. മറ്റു രണ്ടു പേരെ കൊണ്ട് തന്റെ കാര്‍ കത്തിച്ചെന്നായിരുന്നു പരാതിക്കാരന്‍ ഉന്നയിച്ചത്. ഈ കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ടവര്‍ ലൊക്കേഷന്‍ കൊച്ചിയിലാണെന്ന കണ്ടെത്തലില്‍ കേസ് എഴുതി തള്ളിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ താമസിച്ചിരുന്ന ആളുമായി തര്‍ക്കമുണ്ടായിരുന്നു. രണ്ടു കൊല്ലത്തോളം ഇയാള്‍ വാടകയില്‍ കുടിശികയും വരുത്തി. ഈ പരാതിയും പോലീസിന് മുന്നിലെത്തിയിരുന്നു. ഇതിനിടെയാണ് പോര്‍ച്ചിലെ കാര്‍ കത്തിയത്. ഇതുകൊണ്ട് തന്നെ ആരാകും ഇത് ചെയ്യിപ്പിച്ചതെന്നും വ്യക്തമായിരുന്നു. അതുകൊണ്ട് കൂടിയാണ് പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ ഇട്ടത്. എന്നാല്‍ ആളാരെന്ന് മനസ്സിലായതോടെ എല്ലാം ആവിയായി. ശബരിമലയിലെ സ്വര്‍ണ്ണ പാളി കേസിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. മണ്ണന്തല പോലീസ് സ്‌റ്റേഷനിലെ കേസില്‍ നിന്നും തന്നെ രക്ഷിച്ചവര്‍ ഈ കേസിലും കാക്കുമെന്നതാണ് വിശ്വാസം. എന്നാല്‍ ഹൈക്കോടതി ഇടപെടല്‍ നിര്‍ണ്ണായകമാണ്. മണ്ണന്തല കേസ് പോലെയാകില്ല അതുകൊണ്ട് തന്നെ ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസ്.


ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നതരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം ദുരൂഹത കണ്ടെത്തിയിരിക്കെയാണ് ഉന്നതരുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ഈ ബന്ധങ്ങളും ചിത്രങ്ങളും ഇയാള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചിത്രവും പുറത്ത് വന്നതിലുണ്ട്. ഉന്നതര്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനായി ഇയാള്‍ പ്രത്യേക സന്ദര്‍ഭമൊരുക്കിയിരുന്നുവെന്നാണ് വിവരം.


ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയാണെന്നും വിജിലന്‍സിന്റെ സംശയമുണ്ട്. നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും സ്വര്‍ണപ്പാളി എത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അങ്ങനെ ഉന്നത ബന്ധങ്ങള്‍ പലതുണ്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക്. ശബരിമലയുമായി അടുത്തബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരില്‍നിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ശബരിമല ശ്രീകോവിലിന്റെ വാതിലെന്നപേരില്‍ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.

ബെംഗളൂരുവില്‍ പലിശയ്ക്ക് പണം കടംകൊടുക്കുന്നയാളെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. എട്ടുവര്‍ഷംമുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ പരികര്‍മികളിലൊരാളായാണ് ശബരിമലയില്‍ എത്തുന്നത്. പിന്നീട് ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണം നടത്താനുള്ള ഇടനിലക്കാരനാവുകയായിരുന്നു.

Tags:    

Similar News