തളിപ്പറമ്പിലെ 'വഖഫ്' ചര്‍ച്ചയാക്കാന്‍ സിപിഎം; കാനനൂര്‍ ഡിസ്ട്രിക്ട് മുസ്ലിം എജുക്കേഷണല്‍ അസോസിയേഷനെതിരെ ജയരാജന്‍ ഉയര്‍ത്തുന്ന ഭൂമി തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങള്‍; അടിസ്ഥാന രഹിതമെന്ന് വിശദീകരിച്ച് സിഡിഎംഇഎ എക്‌സിക്യൂട്ടീവ്; തളിപ്പറമ്പിലും 'മുനമ്പം മോഡല്‍'; വഖഫിലെ ചൂഷണം ചര്‍ച്ചയാക്കാന്‍ എംവി ജയരാജന്‍ എത്തുമ്പോള്‍

Update: 2025-04-16 04:14 GMT

കണ്ണൂര്‍: മുനമ്പത്തിന് ശേഷം തളിപ്പറമ്പ്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോതെ തളിപ്പറമ്പില്‍ വഖഫ് ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്‍. വഖഫ് നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി പരിശ്രമിക്കുമ്പോഴാണ് ഈ നീക്കമെന്നും ജയരാജന്‍ പറഞ്ഞു. തളിപ്പറമ്പ് മുസ്ലിം ജമാഅത്ത് പള്ളിയുടെ വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമമെന്നാണ് ആരോപണം. പള്ളിയുടെ ഖാസി ലീഗ് സംസ്ഥാന പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങളാണ്. തളിപ്പറമ്പ് മണ്ഡലം ലീഗ് പ്രസിഡന്റായ സി.പി.വി. അബ്ദുള്ള പള്ളിക്കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി. മഹമൂദ് ലീഗ് ജില്ലാ കമ്മിറ്റി അംഗവും സെക്രട്ടറി അള്ളാംകുളം മഹമൂദ് ലീഗ് ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭയുടെ മുന്‍ ചെയര്‍മാനുമാണെന്ന് ജയരാജന്‍ വിശദീകരിക്കുന്നു. ബംഗാളില്‍ വഖഫ് നിയമ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സിപിഎമ്മുകാരടക്കം കൊല്ലപ്പെട്ടിരുന്നു. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്പോഴാണ് പുതിയ ആരോപണവുമായി സിപിഎം നേതാവ് തന്നെ എത്തുന്നത്.

കാനനൂര്‍ ഡിസ്ട്രിക്ട് മുസ്ലിം എജുക്കേഷണല്‍ അസോസിയേഷനെ ഇന്ന് നയിക്കുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയ ലീഗ് നേതാക്കളാണെന്ന് ജയരാജന്‍ പറയുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി തട്ടിപ്പിന് നേതൃത്വംകൊടുത്തവര്‍ മുഴുവന്‍ ലീഗ് നേതാക്കളാണ്. 1967-ല്‍ 25 ഏക്കര്‍ വഖഫ് ഭൂമി ഒരേക്കറിന് അഞ്ചുരൂപ നിരക്കിലാണ് അസോസിയേഷന് പള്ളിക്കമ്മിറ്റി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. തുച്ഛമായ തുകയായിട്ടും 2004 വരെ കരാര്‍പ്രകാരമുള്ള പാട്ടത്തുകയായ 4525 രൂപ പോലും തളിപ്പറമ്പ് ജമാഅത്ത് പള്ളി കമ്മിറ്റിക്ക് അസോസിയേഷന്‍ നല്‍കിയില്ല. 2004-ല്‍ പാട്ടത്തുക 3000 രൂപയായും 2016-ല്‍ മൂന്ന് ലക്ഷമായും വര്‍ധിപ്പിച്ചു. 58 വര്‍ഷത്തിനിടെ ആകെ നാല് വര്‍ഷം മാത്രമാണ് പാട്ടത്തുക അടച്ചത്. പാട്ടത്തുക അടച്ചില്ലെങ്കില്‍ത്തന്നെ കരാര്‍ റദ്ദാക്കപ്പെടാം. എന്നിട്ടും ഭൂമി കൈവശംവെക്കാന്‍ അനുവദിച്ചു -ജയരാജന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് എംവി ജയരാജന്റെ ആരോപണങ്ങള്‍. സിപിഎം നേതൃത്വത്തിന്റെ അറിവും നിര്‍ദ്ദേശവും മാനിച്ചാണ് ഈ ആരോപണങ്ങളെന്നും സൂചനയുണ്ട്.

1967-ല്‍ വഖഫ് ബോര്‍ഡ് പാട്ടവ്യവസ്ഥപ്രകാരം അനുമതി നല്‍കിയത് 21.53 ഏക്കര്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ അസോസിയേഷന്റെ കൈവശം 30 ഏക്കറുണ്ട്. പാട്ടത്തിനെടുത്തും കൈയേറിയതുമായ ഈ ഭൂമിയിലാണ് സര്‍ സയ്യിദ് കോളേജ് ഉള്‍പ്പടെയുള്ള അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഏകദേശം 10 ഏക്കര്‍ കൈയേറി. അങ്ങനെ കൈവശപ്പെടുത്തിയ ഭൂമിയില്‍ 1973-ല്‍ ഹോസ്റ്റല്‍ പണിതു. ഹോസ്റ്റല്‍ ഭൂമി വഖഫിന്റേതാണെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവിറക്കി. പാട്ടവ്യവസ്ഥയില്‍ ലഭിച്ച വഖഫ് ഭൂമി വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താനായിരുന്നു ലീഗ് നേതൃത്വം പരിശ്രമിച്ചത്. രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വെവ്വേറെ ഭൂമികള്‍ വേണം. എന്നാല്‍ ഒരേഭൂമി തന്നെ രണ്ടുതവണ കാണിച്ചാണ് ട്രെയിനിങ് കോളേജിനും സ്‌കൂളിനും അനുമതി വാങ്ങിയതെന്ന് ജയരാജന്‍ പറയുന്നു. അതിനിടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സിഡിഎംഇഎ എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു.

1966-ല്‍ വഖഫ് ബോര്‍ഡിന്റെ അന്നത്തെ സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയമാനുസൃതമായ അനുമതിപ്രകാരമാണ് 1967-ല്‍ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കുവേണ്ടി അന്നത്തെ മുതവല്ലി കെ.വി. സൈനുദ്ദീന്‍ ഹാജി ഭൂമി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തറവാടക നല്‍കിയാണ് കോളേജും മറ്റു സ്ഥാപനങ്ങളും നടത്തുന്നത് -യോഗം വ്യക്തമാക്കി. സര്‍ സയ്യിദ് കോളേജ് നിലനില്‍ക്കുന്ന വസ്തുവിന്റെ നിയമപ്രകാരമുള്ള ഹോള്‍ഡര്‍ എന്നനിലയില്‍ കൈവശക്കാരായിട്ടുള്ള സിഡിഎംഇഎയുടെ പേരിലുള്ള രേഖകള്‍ മാറ്റാന്‍ ചിലര്‍ നീക്കംനടത്തിയത് കേസിലേക്ക് നയിച്ചു. തളിപ്പറമ്പ് ആര്‍ഡിഒ മുന്‍പാകെയുള്ള കേസില്‍ വിധിപറയുന്നതുവരെ വിഷയത്തില്‍ നടപടിയെടുക്കരുതെന്ന ആവശ്യത്തോടെയാണ് സിഡിഎംഇഎ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി കോളേജിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ചിലര്‍ നടത്തിവരുന്ന കുത്സിതശ്രമങ്ങളെ സിഡിഎംഇഎ നിയമസഹായത്തോടെയും തളിപ്പറമ്പിലെ ജനങ്ങളുടെ നിരുപാധിക പിന്തുണയോടെയും തടഞ്ഞിട്ടുണ്ട്.

വസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്പിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോള്‍ഡര്‍ എന്നനിലയില്‍ നിയമാനുസൃതം വസ്തു കൈവശംവെച്ച് കോളേജ് നടത്തുക മാത്രമാണ് സിഡിഎംഇഎ ചെയ്യുന്നതുമെന്ന വാദമാണ് എല്ലാകാലത്തും എടുത്തുപോന്നിരുന്നത്. ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലും ഈ വാദം ഒന്നിലധികം സ്ഥലങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും യോഗം വിശദീകരിച്ചു.

Tags:    

Similar News