ദമ്പതികള്‍ക്കായി ക്രൂയിസ് ഷിപ്പ് കാത്ത് നിന്നത് അരമണിക്കൂര്‍ അധിക സമയം; ഒടുവില്‍ തുറമുഖത്ത് നിന്ന് കപ്പല്‍ നീങ്ങിയപ്പോള്‍ ഓടി കിതച്ചെത്തി; യാത്രക്കാര്‍ ചൂളമടിച്ചും കയ്യടിച്ചും പരിഹസിച്ചു: വൈകി എത്തിയ ടൂറിസ്റ്റുകള്‍ക്ക് കപ്പല്‍ നഷ്ടപ്പെട്ട കഥ

Update: 2025-04-19 04:31 GMT

സെന്റ് കീറ്റ്സ്: യാത്രകള്‍ എപ്പോഴും മനുഷ്യര്‍ക്ക് ഏറെ സന്തോഷവും മാനസികോല്ലാസവും പകരുന്നതാണ്. എന്നാല്‍ ഇത്തരം യാത്രകല്‍ ചില വ്യക്തികള്‍ അവരവരുടെ സൗകര്യങ്ങള്‍ക്ക് വേണ്ടി സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നത് പലപ്പോഴും പതിവാണ്. ഇത്തരത്തില്‍ ഒരു ക്രൂയിസ് ഷിപ്പിലെ യാത്രക്കാരായ ദമ്പതികള്‍ അവരുടെ ഒപ്പം യാത്ര ചെയ്തവരെ വട്ടം ചുറ്റിച്ചതും ഒടുവില്‍ സഹയാത്രികര്‍ അവര്‍ക്ക് എട്ടിന്റെ പണി നല്‍കിയതുമായ വാര്‍ത്തയാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നത്.

സെന്റ് കീറ്റ്സ് ആന്‍ഡ് നെവിസിലെ ഒരു തുറമുഖത്താണ് സംഭവം നടക്കുന്നത്. റോയല്‍ കരീബിയന്‍സ് എന്ന കമ്പനിയുടെ റാപ്സഡി ഓഫ് ദി സീസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാരുടെ പ്രശ്നങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും നിറയുന്നത്. കപ്പല്‍ പുറപ്പെടേണ്ട സമയമായിട്ടും ഇതിലെ യാത്രക്കാര്‍ ആയിരുന്ന ദമ്പതികള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. അര മണിക്കൂര്‍ സമയം ഇവര്‍ക്കായി കാത്തിരുന്നിട്ടും എത്താത്ത സാഹചര്യത്തില്‍ കപ്പല്‍ ജീവനക്കാര്‍ പുറപ്പെടാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് അവര്‍ കപ്പലില്‍ പ്രവേശിക്കാനുള്ള ബോര്‍ഡിംഗ് റാമ്പുകള്‍ ഉയര്‍ത്തുകയും ചെയ്തു.

കപ്പല്‍ തുറമുഖത്ത് നിന്ന് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഒരു പുരുഷനേയും സ്ത്രീയേയും വഹിച്ചു കൊണ്ട് ഒരു കറുത്ത വാഹനം കപ്പലിനടുത്തേക്ക് പാഞ്ഞെത്തുന്നത് കാണാം. കപ്പലിലെ യാത്രക്കാര്‍ ചൂളമടിച്ചും കൈയ്യടിച്ചും ഇവരെ പരിഹസിക്കുന്നതായി കാണാം. കാഴ്ച കണ്ട് ഞെട്ടിപ്പോയ ദമ്പതികള്‍ക്ക് നേരേ കപ്പലിലെ യാത്രക്കാര്‍ ഗുഡ്ബൈ എന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. ഈ മാസം മൂന്നിന് ചിത്രീകരിച്ച ഈ വീഡിയോ ഒന്നേകാല്‍ കോടിയോളം പേരാണ് ഇതിനോടകം കണ്ടത്. പ്യൂര്‍ട്ടോ റിക്കോയില്‍ നിന്ന്കഴിഞ്ഞ മാസം 30 ന് ഏഴ് ദിവസത്തെ സഞ്ചാരത്തിനായിട്ടാണ് കപ്പല്‍ യാത്ര തിരിച്ചത്.

യാത്രയുടെ അഞ്ചാം ദിവസമാണ് സംഭവം നടന്നത്. അമേരിക്കയിലെ വിര്‍ജിന്‍ ദ്വീപുകളിലെയും നെതര്‍ലാന്‍ഡ്‌സ് ആന്റിലീസിന്റെ ഭാഗമായ സെന്റ് മാര്‍ട്ടനിലെയും രണ്ട് തുറമുഖങ്ങളില്‍ കപ്പല്‍ നേരത്തേ എത്തിയിരുന്നു. പിന്നീടാണ് കപ്പല്‍ സെന്റ് കീറ്റ്സില്‍ അടുപ്പിച്ചത്. വൈകിയെത്തിയ യാത്രക്കാര്‍ കപ്പല്‍ അടുത്തതായി അടുക്കുന്ന തുറമുഖമായ ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ ബന്ധപ്പെട്ടിരുന്നോ എന്ന കാര്യം വ്യക്തമല്ല. കപ്പല്‍ ഈ മാസം ഏഴിന് പ്യൂര്‍ട്ടോറിക്കോയിലേക്ക് മടങ്ങി എത്തേണ്ടതായിരുന്നു. യാത്രക്കായി ഓരോ യാത്രക്കാരും 1342 ഡോളറാണ് നല്‍കേണ്ടത്.

ആഡംബര മുറികളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ പണം നല്‍കേണ്ടതുണ്ട്. റാപ്സഡി ഓഫ് ദി സീസ് 1997 ലാണ് പുറത്തിറക്കിയത്. 2016 ല്‍ ഇത് നവീകരിക്കുകയും ചെയ്തു. 2431 യാത്രക്കാരെയും 770 ജീവനക്കാരെയും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ആഡംബര കപ്പല്‍. ഇത്തരത്തിലുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കപ്പലുകള്‍ ഓരോ തുറമുഖത്തും എത്തുമ്പോള്‍ പുറത്തു പോകുന്ന യാത്രക്കാര്‍ എപ്പോള്‍ മടങ്ങിയെത്തണം എന്ന കാര്യത്തില്‍ ക്രൂയിസ് കമ്പനികളും യാത്രക്കാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ ആവശ്യപ്പെടുന്നത്. കപ്പല്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് എങ്കിലും തിരികെ എത്താന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കപ്പലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് കാര്‍ഡുകള്‍ തുടങ്ങിയ അവശ്യ രേഖകളുടെ ചിത്രങ്ങള്‍ എടുക്കാനും വിദഗ്ധര്‍ യാത്രക്കാരെ ഉപദേശിക്കുന്നു. എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ നാട്ടില്‍ തിരികെയെത്താന്‍ അത് ഏറെ സഹായകരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News