അബുദാബിയിലെ ജോലി മതിയാക്കി നാട്ടിലെത്തി പൊതുപ്രവര്‍ത്തനത്തില്‍ അടക്കം സജീവമായ രാമചന്ദ്രന്‍; ദുബായില്‍ നിന്നും മകളെത്തിയപ്പോള്‍ കുടുംബ സമേതം കാശ്മീരിലേക്ക് പോയി; മകളുടെ മുമ്പില്‍ വെടിയേറ്റ് പിടഞ്ഞു മരണം; ഇടപ്പള്ളിയിലും പഹല്‍ഗാം വേദന; നേരത്തെ മടങ്ങിയത് ജഡ്ജിമാര്‍ക്ക് രക്ഷയായി

Update: 2025-04-23 00:56 GMT

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് (65) വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച് കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. കുടുംബത്തോടൊപ്പം കശ്മീരിലേക്ക് വിനോദയാത്രപോയ രാമചന്ദ്രന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണ്. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു. എറണാകുളം ഇടപ്പള്ളി മോഡേണ്‍ ബ്രഡിനടുത്ത് മങ്ങാട്ട് റോഡ് നീരാഞ്ജനത്തില്‍ എന്‍ രാമചന്ദ്രന്‍ താമസിച്ചിരുന്നത്. ദുബായില്‍ ജോലിചെയ്തിരുന്ന മകള്‍ നാട്ടിലെത്തിയത് കഴിഞ്ഞദിവസമാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മകള്‍ അമ്മുവാണ് നാട്ടിലേക്ക് വിളിച്ചത്. ദീര്‍ഘകാലം വിദേശത്തായിരുന്ന രാമചന്ദ്രന്‍, ജോലി മതിയാക്കി നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രിതന്നെ ബന്ധുക്കളും അയല്‍വാസികളും നാട്ടുകാരും ഇടപ്പള്ളിയിലെ വീട്ടിലേക്കെത്തി. മകന്‍ അരവിന്ദ് ബംഗളൂരുവിലാണ്. കൊച്ചിയില്‍ ജോലിചെയ്യുന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും (26) ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ 16നായിരുന്നു. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് വിനയും ഭാര്യ ഹിമാന്‍ഷിയും കശ്മീരിലെത്തിയത്.

കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുന്‍പാണ് ഇവര്‍ കുടുംബസമേതം പഹല്‍ഗാമില്‍ നിന്നു പോയത്. അവധിക്കാലം ചെലവഴിക്കാനായി ഈ മാസം 17നാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും കശ്മീരില്‍ എത്തിയത്. ജസ്റ്റിസുമാരായ അനില്‍ .കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍, ജി.ഗിരീഷും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

മരിച്ചവരുടെ വിവരങ്ങള്‍ മഞ്ജുനാഥ്, ശുഭം ദ്വിവേദി, ദിലീപ് ജയറാം ഡിസാലെ, സുന്ദീപ് നെയ്പാനെ, ബിദന്‍ അദ്‌കേരി, ഉദ്വനി രദീപ് കുമാര്‍, അതുല്‍ ശ്രീകാന്ത്, സഞ്ജയ് ലഖാന്‍ ലെലെ, സയദ് ഹുസൈന്‍ ഷാ, ഹിമത് ഭായ് കലതിയാ, പ്രശാന്ത് കുമാര്‍ ബാലേശ്വര്‍, മനീഷ് രഞ്ജന്‍, ഷാലീന്ദര്‍ കല്‍പിയ, ശിവം മൊഗ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇതില്‍ സുന്ദീപ് നെയ്പാനെ നേപ്പാള്‍ പൗരനും ഉദ്വനി രദീപ് കുമാര്‍ യുഎഇ പൗരനുമാണ്. ഏഴംഗ സംഘമാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിവരം.

Tags:    

Similar News