അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന്‍ ഇനി സംയുക്ത സേനാ നീക്കം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് ആ ദുഷ്ടര്‍ പാഠം പഠിക്കില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യ; ദേശീയ സുരക്ഷാ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ മോദിക്ക് തിരിച്ചടി തീരുമാനമെടുക്കാന്‍ കരുത്താകുമെന്നും വിലയിരുത്തല്‍; പാക് നുഴഞ്ഞു കയറ്റും പരിധി വിടുമ്പോള്‍

Update: 2025-04-23 01:27 GMT

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗംചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും ചേരും. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയിരുന്നു. തിരികെ ഡല്‍ഹിയിലെത്തുന്ന മോദി കാശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല യോഗം ചേരും. ഇതില്‍ നിര്‍ണ്ണായക തീരുമാനം എടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്. മൂന്ന് സൈനിക തലവന്‍മാരുമായും ഡോവല്‍ സംസാരിച്ചിട്ടുണ്ട്, സംയുക്ത തിരിച്ചടിക്ക് സൈന്യം തയ്യാറാകുമെന്നാണ് സൂചന. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അപ്പുറത്തേക്ക് ഭീകര താവളത്തിലേക്ക് കരമാര്‍ഗ്ഗവും ആക്രമണം ഉണ്ടാകും. അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് പഹല്‍ഗാമിലേത് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. പാക് നുഴഞ്ഞു കയറ്റമാണ് ഇതിന് കാരണമെന്നും വിലയിരുത്തല്‍ സജീവമാണ്.

അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നു. കശ്മീരിലെ ഭീകരാക്രമണം അത്യന്തം വേദനാജനകമാണെന്നും ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. 'കശ്മീരില്‍ നിന്നുള്ള വാര്‍ത്ത അത്യന്തം വേദനാജനകമാണ്. ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുന്നു. കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ക്കായും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കാനും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ മഹത്തായ ജനതയ്ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. അനുശോചനം അറിയിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ എല്ലാവരോടുമൊപ്പവുമുണ്ട്.' ട്രംപ് ട്രൂത്തില്‍ കുറിച്ചു.

കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാരനിലാണ് ചൊവ്വാഴ്ച ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ മലയാളിയുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനും മരിച്ചവരിലുണ്ട്. കശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ജമ്മു കാഷ്മീരില്‍ അടുത്ത നാളില്‍ നാട്ടുകാര്‍ക്കു നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി അപലപിച്ചു. വിദേശസന്ദര്‍ശനത്തിലായ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം അമിത് ഷായും ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും ശ്രീനഗറിലേക്ക് കുതിച്ചു.

എന്‍ഐഎ സംഘം ബുധനാഴ്ച ശ്രീനഗറിലെത്തും. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തോത് കുറഞ്ഞെന്നും 370-ാം അനുച്ഛേദം പിന്‍വലിച്ചതിനുശേഷം കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്നും കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടയിലുണ്ടായ കൂട്ടക്കൊലയില്‍ രാജ്യത്തെ ഞെട്ടിച്ചു. വിനോദസഞ്ചാരസീസണായതിനാല്‍ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതിനിടയിലായിരുന്നു ആക്രമണം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് നേരെ പൊടുന്നനെയുണ്ടായ ആക്രമണം ടൂറിസം ഗ്രാമത്തെ ഞെട്ടിച്ചു. സംഭവമറിഞ്ഞ ഉടന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ എം.വി സുചേന്ദ്രകുമാര്‍ ശ്രീനഗറിലേക്ക എത്തി. ഭീകരരെ തുരത്താന്‍ ആന്റി ടെറര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News