ബന്ദിപ്പോരയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് കൊടുംഭീകരന്‍ അല്‍ത്താഫ് ലല്ലി; രണ്ട് സൈനികര്‍ക്ക് പരുക്ക്; ബസിപോര മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ബന്ദിപ്പോരയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന

Update: 2025-04-25 06:12 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം ഇവിടം വളയുകയായിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ് ഉണ്ടായി. ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കിയയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു. ആക്രമണത്തില്‍ പങ്കെടുത്ത ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇവരുടെ കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ പ്രദേശവാസികളില്‍നിന്ന് കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ വീടുകള്‍ തകര്‍ത്തത്.

വെള്ളിയാഴ്ച നിയന്ത്രണരേഖയില്‍ വീണ്ടും പാക്ക് പ്രകോപനമുണ്ടായിരുന്നു. രാവിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. മേഖലയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും ജമ്മു-കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. 24 മണിക്കൂറിനുള്ളില്‍ ജമ്മുവില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്.

പഹല്‍ഗാമില്‍ ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഇന്ത്യ-പാക് ബന്ധം വഷളായത്. സംഭവത്തോടുള്ള പ്രതികരണമായി ഇന്ത്യ, സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ 1972-ലെ ഷിംല കരാര്‍ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപരബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും സൈനികാഭ്യാസങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

Tags:    

Similar News