നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നീക്കം പാകിസ്ഥാന് ജലബോംബായി; തൊട്ടു പിന്നാലെ ബലൂചിസ്ഥാനില്‍ ഉഗ്രസ്‌ഫോടനം; സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നിലയ്ക്കില്ലെന്നും സര്‍വ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും ബലൂച് ലിബറേഷന്‍ ആര്‍മി; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 10 പാക് സൈനികര്‍; പാക്കിസ്ഥാനില്‍ അടിമുടി പ്രതിസന്ധി
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പലവിധ പണി കിട്ടി തുടങ്ങി. ബലുചിസ്ഥാനിലെ സ്ഫോടനത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലെ പ്രാന്തപ്രദേശമായ മാര്‍ഗറ്റിലാണ് സ്ഫോടനമുണ്ടായത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോളര്‍ സഹായത്തോടെ ഐഇഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. പഹല്‍ഗാമില്‍ പാവപ്പെട്ട വിനോദ സഞ്ചാരികളെ കൊന്നത് സ്വാതന്ത്ര്യ സമരമെന്നാണ് പാക്കിസ്ഥാന്‍ നേതാക്കള്‍ വിശദീകരിക്കുന്നത്. അങ്ങനെ നിരപരാധികളെ കൊന്നു തള്ളിയവരെ ന്യായീകരിച്ചവരെ ഞെട്ടിച്ചാണ് ബലൂചിസ്ഥാനിലെ സ്‌ഫോടനം.
വല്ലാത്ത ദുര്‍ഗതിയിലാണ് പാക്കിസ്ഥാന്‍. ദാരിദ്രം മൂലം സര്‍ക്കാരിനെതിരേ നിരന്തരം തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്. ഇതിനൊപ്പം വലിയ തലവേദനയായി സ്വതന്ത്ര ബലൂചിസ്ഥാനായുള്ള പ്രക്ഷോഭങ്ങളും. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബോംബായി നില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഭരണകൂടത്തിന് അല്പകാലത്തേക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അവസരമാണ് ഇന്ത്യയുമായുള്ള സംഘര്‍ഷം. അതിന് വേണ്ടിയാണ് അവര്‍ പഹല്‍ഗാമില്‍ ഇരച്ചു കയറിയത്. പഹല്‍ഗാമില്‍ മതം തിരഞ്ഞുപിടിച്ച് തീവ്രവാദികള്‍ വിനോദസഞ്ചാരികളെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉഭയകക്ഷി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് നിലവിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന് ഒരുകണക്കിന് ഗുണമാണ്. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ ശക്തി ചോര്‍ത്തി കളയാന്‍ ഇതുവഴി സാധിക്കും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂമായി. ഇതിന് പുതിയ തലം നല്‍കുന്നതാണ് ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങളും.
ബലൂചിസ്ഥാനിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി തന്നെയാണ് അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. 'സ്ഫോടനത്തില്‍ ശത്രുവിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. സുബേദാര്‍ ഷെഹ്സാദ് അമീന്‍, നായിബ് സുബേദാര്‍ അബ്ബാസ്, ശിപായി ഖലീല്‍, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവരുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടു', ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച് പ്രസ്താവനയില്‍ പറഞ്ഞു.പാക്കിസ്ഥാന്‍ സൈന്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബലൂച് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്‍കി. ഇതോടെ പാക്കിസ്ഥാന് വെല്ലുവിളി ശക്തമാകുകയാണ്. അടുത്ത കാലത്തായി ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ വാദം പാക്കിസ്ഥാനെ വെട്ടിലാക്കുന്നുണ്ട്. ഇതിനിടെയാണ് ബലൂച് ആര്‍മിയുടെ ആക്രമണങ്ങള്‍ പാക്കിസ്ഥാന് തലവദേനയാകുന്നത്.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നിലയ്ക്കില്ല. സര്‍വശക്തിയുമുപയോഗിച്ച് ഞങ്ങള്‍ ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും അവര്‍ വ്യക്തമാക്കി.വ്യാഴാഴ്ച ബലൂചിസ്ഥാനില്‍ നടന്ന വിവിധ ആക്രമണങ്ങളിലായി ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമുരാന്‍, കോല്‍വ, കലാത്ത് ജില്ലകളിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്. ചില സ്ഥലങ്ങളില്‍ സുരക്ഷാ പോസ്റ്റുകള്‍ പിടിച്ചെടുത്തതായും സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ബലൂചിസ്ഥാനില്‍ ബലൂച് ആര്‍മി പിടിമുറുക്കുകയാണ്. പാക്കിസ്ഥാനില്‍ കടം കുമിഞ്ഞു കൂടുകയാണ്. വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലും. കടം നല്കാന്‍ ചൈനയൊഴികെ മറ്റ് രാജ്യങ്ങളൊന്നും തയാറാകുന്നില്ല. അടുത്ത കാലം വരെ സഹായിച്ച സൗദി അറേബ്യ പോലും ഇപ്പോള്‍ സഹായിക്കുന്നില്ല. ഇറാനും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. ഇതില്‍ അഫ്ഗാനിസ്ഥാനാണ് വലിയ തലവേദന. അടുത്തിടെ പാക് അതിര്‍ത്തിയില്‍ നിരന്തര ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെല്ലാം അതേരീതിയില്‍ തിരിച്ചടി നല്‍കുകയാണ് താലിബാന്‍. ഇതിനൊപ്പമാണ് ബലൂചിസ്ഥാനും.
പാക്കിസ്ഥാനില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള പ്രക്ഷോഭങ്ങളാണ് ബലൂചിസ്ഥാനില്‍ നടക്കുന്നത്. അടുത്തിടെയാണ് പാക് ട്രെയിന്‍ തട്ടിയെടുത്ത് ബലൂചിസ്ഥാനിലെ സംഘടനകള്‍ പാക് സൈന്യത്തെ വെല്ലുവിളിച്ചത്. വരും ദിവസങ്ങളില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനും ബലൂചിസ്ഥാന്‍ വലിയ തലവേദനയാകും.