ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്ഫോടനം; കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ച് നാല് മരണം; 500 ലധികം പേര്‍ക്ക് പരിക്കേറ്റു; തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി; സ്‌ഫോടനം, ഒമാനിലെ ഇറാന്‍ - അമേരിക്ക മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്കിടെ
ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്ഫോടനം
ടെഹ്റാന്‍: തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്ഫോടനം. ഇറാനിലെ ഏറ്റവും വലിയ തുറമുഖമായ രജായിയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ ഒരു വലിയ സ്‌ഫോടനത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും 500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ ഇറാന്‍ ആരംഭിച്ചപ്പോഴാണ് തുറമുഖത്തില്‍ സ്‌ഫോടനം ഉണ്ടായത്. രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉടനടി സൂചനകളൊന്നുമില്ല.
തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. സ്ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്തില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
'ഷഹീദ് രജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണം. ഞങ്ങള്‍ നിലവില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുന്നു,' എന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
സ്ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജനാലകള്‍ തകര്‍ന്നു. സ്ഫോടനത്തിന് ശേഷം ഒരു കൂണ്‍ മേഘം രൂപപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. തുറമുഖത്തിന് 26 കിലോമീറ്റര്‍ (16 മൈല്‍) തെക്കുള്ള ഒരു ദ്വീപായ ഖേഷ്മില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.
ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്തായി, ടെഹ്‌റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്.
2020ല്‍ ഷഹീദ് രജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. നേരത്തെ ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി ഇസ്റാഈലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒമാനില്‍ വച്ച് ഇറാനും അമേരിക്കയുമായി നടക്കുന്ന മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്ഫോടനം നടന്നത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും നേതൃത്വം നല്‍കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ഇരുവിഭാഗങ്ങളിലെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന പുതിയ കരാറില്‍ എത്തിച്ചേരുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം.
2020-ല്‍ ഇതേ തുറമുഖം വലിയ ആക്രമണം നേരിടുകയുണ്ടായി. അത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ഇസ്രയേലാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ ഹാക്കര്‍മാര്‍ ഇസ്രയേലില്‍ നടത്തിയ സൈബര്‍ ആക്രമണത്തിന് പകരമായിരുന്നു ആ സംഭവം.