ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ പാക്കിസ്ഥാന്റെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്; വെല്ലുവിളിയായി മരുന്ന് ക്ഷാമം; ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കാന്‍ ബദല്‍ നീക്കം; സുസ്ഥിരമായ പരിഹാരമല്ലെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദര്‍; പാക്കിസ്ഥാന്റെ ആരോഗ്യവും താളം തെറ്റുന്നു

പാക്കിസ്ഥാന്റെ ആരോഗ്യവും താളം തെറ്റുന്നു

Update: 2025-04-27 06:36 GMT

ലാഹോര്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തിവച്ചതിന് പിന്നാലെ ആരോഗ്യമേഖലയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് പാക്കിസ്ഥാന്‍. ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാനും പ്രതികാര നടപടികളുയായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി വ്യാപാര ബന്ധവും അവസാനിപ്പിച്ചിരുന്നു. ഇത് പാക്കിസ്ഥാന് ക്ഷീണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മേഖലയെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. ഈ നീക്കം മരുന്ന് ക്ഷാമം വിളിച്ചുവരുത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അതിനാല്‍ തന്നെ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് പാക്കിസ്ഥാന്‍ 'അടിയന്തര തയ്യാറെടുപ്പ്' നടപടികള്‍ ആരംഭിച്ചവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. വ്യാപാരം നിര്‍ത്തിവച്ചത് പാകിസ്ഥാനിലെ മരുന്ന് ലഭ്യതയെ സാരമായി ബാധിക്കുമെന്ന ആശങ്കയില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള അടിയന്തര തയ്യാറെടുപ്പുകള്‍ അധികൃതര്‍ ആരംഭിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മരുന്നുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, അടിയന്തര പദ്ധതികള്‍ ഇതിനകം നിലവിലുണ്ടെന്ന് പാകിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തുക്കള്‍, വിവിധ നൂതന ചികിത്സാ ഉല്‍പ്പന്നങ്ങള്‍ എന്നിവയക്കായി പാക്കിസ്ഥാന്‍ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. 30% മുതല്‍ 40% വരെ ഇന്ത്യയെ ആശ്രയിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്.

ഇതില്‍ പ്രതിസന്ധി നേരിടുന്നതോടെ ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബദല്‍ സ്രോതസ്സുകള്‍ ആശ്രയിച്ച് പരിഹാരം കാണാനാണ് പാക്ക് നീക്കം. റാബിസ് വാക്‌സിനുകള്‍, പാമ്പ് കടിയേറ്റാല്‍ ഉപയോഗിക്കുന്ന ആന്റി വെനം, കാന്‍സര്‍ ചികിത്സകള്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍, മറ്റ് നിര്‍ണായക ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ തുടര്‍ച്ചയായ ലഭ്യത ഉടനടി ഉറപ്പാക്കാനാണ് പാകിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ശ്രമിക്കുന്നത്.

ഡിആര്‍എപിയുടെ നടപടി ആശ്വാസകരമാണെങ്കിലും ഇത് സുസ്ഥിരമായ പരിഹാരമല്ലെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ചൈന ഉള്‍പ്പെടെ മറ്റ് ശ്രോതസ്സുകളെ ആശ്രയിക്കുമ്പോള്‍ ചിലവേറും എന്നതും പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും, മരുന്ന് ഇറക്കുമതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന ഔദ്യോഗിക നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി ഗുരുതരമായ മരുന്ന് ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യ മേഖല ആശങ്കപ്പെടുന്നു. ഇത് കാരണം രജിസ്റ്റര്‍ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ മരുന്നുകള്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ദുബായ്, കിഴക്കന്‍ അതിര്‍ത്തിയിലൂടെ കരിഞ്ചന്തകളില്‍ പാകിസ്ഥാനിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ വ്യാപാര നിരോധനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ പ്രമുഖരുടെ ഒരു പ്രതിനിധി സംഘം വ്യാഴാഴ്ച ഇസ്ലാമാബാദിലേക്ക് പോയിരുന്നു. പാകിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ തൗഖീര്‍-ഉല്‍-ഹഖാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചതായി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ പ്രതിസന്ധി പാകിസ്ഥാന് ഒരു വഴിത്തിരിവാകുമെന്നാണ്, മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ സഫര്‍ ഇഖ്ബാല്‍ പറഞ്ഞത്.

Tags:    

Similar News