പോര്‍ട്ടുഗലിലെ ഗ്ലോറിയ ഫ്യൂണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ പാളം തെറ്റി നിലത്ത് വീണ് വമ്പന്‍ അപകടം; മരണ സംഖ്യ 15 ആയി ഉയര്‍ന്നു; നഗരത്തിലെ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍; എങ്ങും നിലവിളിയും നിരാശയും മാത്രം
പോര്‍ട്ടുഗലിലെ ഗ്ലോറിയ ഫ്യൂണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ പാളം തെറ്റി നിലത്ത് വീണ് വമ്പന്‍ അപകടം
ലിസ്ബണ്‍: പോര്‍ച്ചുഗല്‍, ലിസ്ബണിലെ പ്രസിദ്ധമായ ഗ്ലോറിയ ഫ്യുണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ചുരുങ്ങിയത് 15 പേരെങ്കിലും മരണമടഞ്ഞു. മറ്റ് പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ, ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. റെയില്‍വേ റൂട്ടിലെ കേബിളുകളില്‍ ഒന്ന് അയഞ്ഞു പോവുകയും തത്ഫലമായി നിയന്ത്രണം നഷ്ടപ്പെട്ട കാരിയര്‍, കുത്തനെയുള്ള ഒരു കുന്നില്‍ നിന്നും താഴേക്ക് ഊര്‍ന്നിറങ്ങി ഒരു കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം 6 മണിക്കാണ് അപകടമുണ്ടായത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനത്ത് വിനോദസഞ്ചാരികളെ ഒരു മലയുടെ മുകളിലേക്കും താഴേയ്ക്കും കൊണ്ടുപോകുന്ന, ട്രാമിനോട് സമമായ ഫ്യുണികുലര്‍ ഏതാണ് പൂര്‍ണ്ണമായും തന്നെ നശിച്ച നിലയിലാണ്.
അപകടത്തില്‍ 3 പേര്‍ മരണമടഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും, കുറഞ്ഞത് 15 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പോലീസ് സ്ഥിരീകരിക്കുന്നത്. പോര്‍ച്ചുഗല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എമര്‍ജെന്‍സീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നു. അതീവ ശക്തിയോടെ അത് ഒരു കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ തെരേസ ഡി ആവോ, പോര്‍ച്ചുഗീസ് ടി വി ചാനലായ എസ് ഐ സിയോട് പറഞ്ഞത്. പിനീട് ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി പോലെ തകരുകയായിരുന്നു.
പരിക്കേറ്റ 18 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എമര്‍ജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേര്‍ കുട്ടികളാണ്. മൂന്ന് വയസ്സുള്ള ഒരു ജര്‍മ്മന്‍ കുട്ടിയ്ക്കും അപകടത്തില്‍ പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല, എന്നാല്‍, കുട്ടിയുടെ, ഗര്‍ഭിണിയായ അമ്മയുടെ നില അതീവ ഗുരുതരമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് അറിയിച്ചു. മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നു എന്നും വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരെ എല്ലാവരെയും ഫ്യുണികുലാറില്‍ നിന്നും മാറ്റിയതായും ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് അറിയിച്ചു.
പരിക്കേറ്റവരില്‍ ചിലരെ ലിസ്ബണ്‍ സാവോ ജോസ് ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റുള്ളവരെ സാന്റാ മറിയ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം രാത്രി 8 മണിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് സംഭവസ്ഥലത്തു നിന്നും കണ്ടുകിട്ടിയത് എന്നാണ്. ഫ്യൂണികുലാറിന്റെ ബ്രെയ്ക്ക്മാന്‍ കൊറിയോ ഡ മാന്‍ഹയാണ് മരിച്ചവരില്‍ ഒരാള്‍ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദുരന്തത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ലിസ്ബണ്‍ സിറ്റി കൗണ്‍സിലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്യുണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ ഇടിച്ചു കയറിയത് ഒരു ഹോട്ടലിലേക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ അതിലുണ്ടായിരുന്നവര്‍ പലരും ബോധരഹിതരായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.സംഭവം നടന്ന് അഞ്ച് മിനിറ്റിനകം തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിനുള്ള കാരണം എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ട്രാക്ഷന്‍ കേബിള്‍ പൊട്ടിയതായിരിക്കാം കാരണം എന്നാണ് മുന്‍ ലിസ്ബണ്‍ കൗണ്‍സില്‍ അംഗവും, എഞ്ചിനീയറിംഗ് സ്പെഷ്യലിസ്റ്റുമായ ഫെര്‍ണാണ്ടോ ന്യൂന്‍സ് ഡ സില്‍വ പറയുന്നത്. കേബിള്‍ പൊട്ടിയാല്‍ ട്രെയിനിന്റെ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
താഴേക്ക് ഇറങ്ങുകയായിരുന്ന ഫ്യുണീകുലാറിന് ബ്രേക്കുകള്‍ പ്രവര്‍ത്തിക്കാതായതോടെ വേഗത വര്‍ദ്ധിച്ചിരിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വളരെ ശക്തമായ ലോഹ കൂടാണ് ഇതിനുള്ളത്. ഇതുപോലെ തകരണമെങ്കില്‍ വളരെ ശക്തിയോടെയായിരിക്കണം ഇത് കെട്ടിടത്തില്‍ ഇടിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഈ സംവിധാനത്തിന് അപകടങ്ങള്‍ ഒന്നും തന്നെ പറ്റിയിട്ടില്ല. കേബിളുകള്‍ പൊട്ടി ബ്രേക്കുകള്‍ പ്രവര്‍ത്തിക്കാതായാല്‍, വാഹനത്തിനുള്ളില്‍ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ചില ഉപകരണങ്ങള്‍ ഉണ്ട് എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് പാളം തെറ്റുന്നത് ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ഇടിയുടെ ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലിസ്ബണ്‍ നഗരത്തിലെ റെസ്റ്റോറാഡോറസ് ചത്വരത്തെ, ബൈറോ ആള്‍ട്ടോയുമായി ബന്ധിപ്പിക്കുന്ന ഫ്യുണികുലാര്‍ സര്‍വീസ് 1885 ല്‍ ആണ് നിലവില്‍ വന്നത്. എന്നാല്‍, 1915 ല്‍ മാത്രമാണ് ഇത് വൈദ്യുതീകരിക്കുന്നത്. മുന്‍സിപ്പല്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ കാരിസ് ആണ് ഇത് നടത്തുന്നത്. ബ്രേക്കിംഗ് ക്ലേശകരമാക്കുന്ന രീതിയില്‍, ടെന്‍ഷന്‍ കേബിളിന് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാരിസ് തൊഴിലാളികള്‍ നേരത്തെ അറിയിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, മെയിന്റനന്‍സ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചുകൊണ്ടാണ് മെയിന്റനന്‍സുകള്‍ നടത്തുനന്തെന്ന് കാരിസ് വക്താവ് അറിയിച്ചു.