പാക്കിസ്ഥാന്റെ പ്രകോപനത്തിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന; പരീക്ഷിച്ചത് ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും പ്രഖ്യാപനം; വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയേക്കും; പ്രകോപനം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ
പാക്കിസ്ഥാന്റെ പ്രകോപനത്തിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്കിടെ അറബിക്കടലില്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന. ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകളാണ് നാവികസേന പരീക്ഷിച്ചത്. സേനയുടെ ആയുധ സംവിധാനങ്ങളുടെ ക്ഷമതയും സജ്ജതയുമാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് നാവിക സേന വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇത് രണ്ടാം തവണയാണ് അറബിക്കടലില്‍ നാവികസേന മിസൈല്‍ പരീക്ഷണം നടത്തുന്നത്.
രണ്ട് ദിവസം മുമ്പ് ഐഎന്‍എസ് സൂറത്ത് എന്ന യുദ്ധക്കപ്പലില്‍ നിന്ന് സേന മധ്യദൂര മിസൈല്‍ പരീക്ഷിച്ചിരുന്നു.70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഈ മിസൈല്‍ ഇസ്രയേലുമായി സഹകരിച്ച് വികസിപ്പിച്ചതാണ്. സി സ്‌കിമ്മിങ് മിസൈലുകളെതകര്‍ക്കുന്ന മിസൈലായിരുന്നു അന്ന് പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചിരുന്നു.
പി15ബി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ പദ്ധതിയിലെ നാലാമത്തെ കപ്പലാണ് ഐഎന്‍എസ് സൂറത്ത്. ലോകത്ത് തന്നെ ഏറ്റവും വലുതും നൂതനവുമായ ഡിസ്‌ട്രോയറുകളില്‍ ഒന്നാണിത്. നാവികസേന കപ്പലുകളില്‍ എഐ ഇന്റലിജന്‍സ് സംവിധാനമുള്ള ആദ്യത്തെ യുദ്ധക്കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്. ഐഎന്‍എസ് സൂറത്തിന്റെ 75 ശതമാനവും തദ്ദേശീയ നിര്‍മിതിയാണ് അത്യാധുനിക ആയുധ-സെന്‍സര്‍ പാക്കേജുകളും വിപുലമായ നെറ്റ്വര്‍ക്ക് കേന്ദ്രീകൃത സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പാക്കിസ്ഥാനെതിരെ കടുത്ത തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ സൈനികമായി ആക്രമിക്കുമെന്ന് ഭയന്ന് പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ ആണവാക്രമണ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ മിസൈല്‍ പരീക്ഷണം അറബിക്കടലില്‍ നടത്തി കരുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ അതിര്‍ത്തിയിലും ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. പാകിസ്ഥാന്‍ പലയിടത്തും വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്ഥാന്‍ വെടിവയ്പ് നടത്തി. കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.നിയന്ത്രണ രേഖയില്‍ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്ഥാന്റെ വിരട്ടല്‍ വേണ്ടെന്നും പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യന്‍ സൈന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും. ഇന്നലെ രാത്രി ഒരു ഭീകരന്റെ വീട് സൈന്യം ബോംബിട്ട് തകര്‍ത്തു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ കുപ്വാരയിലുള്ള വീടാണ് തകര്‍ത്തത്. ഉഗ്ര സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അതിര്‍ത്തിയിലുള്ള ബങ്കറിലേക്ക് ആളുകളെ മാറ്റാന്‍ സൈന്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശക്തമായ തിരിച്ചടി ഭീകരര്‍ക്ക് നല്‍കുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അതേസമയം പാകിസ്ഥാന്റെ പിടിയിലായ ബിഎസ്ഫ് ജവാന്റെ മോചനത്തിന് മൂന്ന് തവണ ഫ്‌ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാന്‍ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാന്‍ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാന്‍മാര്‍ പറയുന്നത്. സൈനികനെ വിട്ടുകിട്ടിയില്ലെങ്കില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുക തന്നെ ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കി.