പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ക്ക് സഹായം നല്‍കുന്ന പ്രാദേശിക ഭീകരരെ ലക്ഷ്യമിട്ട് സുരക്ഷ സേന; ജമ്മു കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ഭീകരരെ സഹായിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അന്വേഷണ ഏജന്‍സികള്‍
കശ്മീരില്‍ ചോര ചിന്തിയ ഭീകരരുടെ വീടുകള്‍ തകര്‍ത്തു സുരക്ഷ സേന
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ടും ഭീകരര്‍ക്ക് സഹായം നല്‍കിയും പങ്കാളികളായ പ്രാദേശിക ഭീകരരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തുന്നത് തുടരുന്നു. ഇതുവരെ പത്ത് ഭീകരരുടെ വീടുകളാണ് ജമ്മു കശ്മീരില്‍ തകര്‍ത്തത്. 25 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയേയും അതിക്രൂരമായി വെടിവച്ച് കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പഴുതടച്ച അന്വേഷണവും തിരച്ചിലും തുടരുന്നതിനിടെയാണ് ഭീകരരുടെ വീടുകള്‍ പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പത്ത് ഭീകരവാദികളുടെ വീടുകള്‍ തവിടുപൊടിയാക്കി.
കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി സുരക്ഷാസേന ബോംബിട്ടു തകര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം. ലഷ്‌കറെ തൊയ്ബ ഭീകരനായ ജമീല്‍ അഹമ്മദിന്റെയും ജെയ്‌ഷെ മുഹമ്മദ് അംഗമായ അമീര്‍ നസീറിന്റെയും വീടുകളാണ് സുരക്ഷാസേന തകര്‍ത്തത്. ജമീല്‍ അഹമ്മദ് 2016-മുതല്‍ ഭീകരസംഘടനയില്‍ സജീവ അംഗമായിരുന്നുവെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട്‌ചെയ്തു. പഹല്‍ഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീരില്‍ മറ്റൊരു ഭീകരവാദിയുടെ വീടാണ് സുരക്ഷാ സേന തകര്‍ത്തത്. തകര്‍ത്ത വീടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ള ഭീകരവാദി അമീര്‍ നസീറിന്റെ ത്രാലിലെ വീടും കഴിഞ്ഞ തദിവസം സുരക്ഷാ സേന ബോംബിട്ട് തകര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച പുല്‍വാമ സ്വദേശി അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ക്ക്, ഷോപ്പിയാനിലെ, ലഷ്‌കറെ-തൊയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടായ്, കുല്‍ഗാം സ്വദേശി സാക്കിര്‍ അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും നേരത്തെ തകര്‍ത്തിരുന്നു. കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ അറസ്റ്റു ചെയ്തു.
പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ലഷ്‌കര്‍ ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കര്‍, സാക്കിര്‍ അഹമ്മദ് ഗാനി, അമീര്‍ഡ അഹമ്മദ് ദാര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടേയും. സഹായം ചെയ്ത പ്രാദേശിക ഭീകരരായ ഷാഹിദ് അഹമ്മദ് കട്ടേയ്, അഹ്‌സന്‍ ഉള്‍ ഹഖ് അമീര്‍ എന്നിവരുടേയും, ജയ്‌ഷെ ഭീകരരായ അമീര്‍ നസീര്‍ വാനി, ജമീല്‍ അഹമ്മദ് ഷേര്‍ ഗോജ്രി, എന്നിവരുടേയും, ടിആര്‍എഫ് ഭീകരരായ അഗ്‌നാന്‍ സാഫി ദാര്‍, ഫറൂഖ് അഹമ്മദ് തെദ്വ എന്നിവരുടേയും വീടുകളാണ് നെടുകെ പിളര്‍ത്തിയത്.
ഭീകരരെ സഹായിക്കുന്നവരുടെ പട്ടിക അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുണ്ട്. കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. അഞ്ച് എകെ 47 ഉള്‍പ്പെടെ വന്‍ ആയുധശേഖരവും സൈന്യം കണ്ടെടുത്തു. ജമ്മു-കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 14 പ്രാദേശികഭീകരരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സികള്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. 20-നും 40-നുമിടയ്ക്ക് പ്രായമുള്ളവരാണിവര്‍. മൂന്നുപേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും എട്ടുപേര്‍ ലഷ്‌കറെ തൊയ്ബയുടെയും മൂന്നുപേര്‍ ജയ്‌ഷെ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ്. പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരവാദികള്‍ക്കാവശ്യമായ പ്രാദേശികസഹായങ്ങളും നല്‍കുന്നത് ഇവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പഹല്‍ഗാമിനടുത്തുള്ള ബൈസരന്‍ വാലിയില്‍ ഇരുപത്തിയഞ്ച് വിനോദസഞ്ചാരികളെയും ഒരു പ്രാദേശിക പോണി റൈഡ് ഓപ്പറേറ്ററെയും ഭീകരര്‍ വെടിവച്ചു കൊന്നത്. കുറഞ്ഞത് അഞ്ച് തീവ്രവാദികളെങ്കിലും ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.