വൈദ്യുതി വിതരണം നിലച്ചതോടെ വലഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങള്‍; സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും ജനജീവിതം താറുമാറായി; റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ സ്തംഭിച്ചു; നിശ്ചലമായി തലസ്ഥാന നഗരങ്ങള്‍; അടിയന്തരമന്ത്രിസഭാ യോഗങ്ങള്‍; അന്വേഷണം നടക്കുന്നതായി അധികൃതര്‍

വൈദ്യുതി വിതരണം നിലച്ചതോടെ വലഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങള്‍

Update: 2025-04-28 16:13 GMT

മാഡ്രിഡ്: വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ പ്രതിസന്ധിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. സ്പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടതിനേത്തുടര്‍ന്ന് ജനജീവിതം താറുമാറായത്. വൈദ്യതി തടസ്സപ്പെട്ടതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി നിലച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ സ്തംഭിപ്പിക്കുകയും വലിയ ഗതാഗതകുരുക്കിന് കാരണമാകുകയും ചെയ്തു. ആഭ്യന്തര - രാജ്യാന്തര വിമാന സര്‍വീസുകളും തടസ്സപ്പെട്ടു.

വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സ്പാനിഷ് പവര്‍ ഗ്രിഡ് ഓപ്പറേറ്റായ റെഡ് ഇലക്ട്രിക്ക അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രധാനമായും വൈദ്യുതി തടസ്സം ബാധിച്ചതെന്ന് ഇ-റീഡിസ് എന്ന സ്പാനിഷ് ഇലക്ട്രിസിറ്റി ഗ്രിഡ് മോണിറ്ററിങ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വൈദ്യുതി ട്രാന്‍സ്മിഷന്‍ ഓപ്പറേറ്റര്‍ റെഡ് ഇലക്ട്രിക്കയുടെ നിയന്ത്രണ കേന്ദ്രം സന്ദര്‍ശിച്ചു.സ്‌പെയിന്‍, പോര്‍ച്ചുഗല്‍ സര്‍ക്കാരുകള്‍ അടിയന്തര മന്ത്രിസഭാ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു.


 



വൈദ്യുതി തടസ്സം നേരിട്ടതോടെ മാഡ്രിഡ് നഗരത്തില്‍ വന്‍ഗതാഗത കുരുക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പോര്‍ച്ചുഗലിലും സ്ഥിതി സമാനമായിരുന്നു. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലും പോര്‍ട്ടോ നഗരത്തിലും മെട്രോ സര്‍വീസ് പ്രവര്‍ത്തിച്ചില്ല. ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

സ്പെയിനിലും ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. വൈദ്യുതി വിതരണ തടസ്സത്തെ തുടര്‍ന്ന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും റദ്ദാക്കി. 15-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവും ബ്രിട്ടീഷ് എതിരാളി ജേക്കബ് ഫിയര്‍ലിയും കോര്‍ട്ടിന് പുറത്തേക്ക് പോകേണ്ടിവന്നു. സ്പെയിനില്‍ ആറ് മുതല്‍ പത്തുമണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദ്യുതി തടസ്സമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതേസമയം, തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ അലാറിക് മലനിരകളിലുണ്ടായ തീപ്പിടിത്തം മൂലം ഉയര്‍ന്ന വോള്‍ട്ടേജിലുള്ള പവര്‍ കേബിള്‍ തകര്‍ന്നതാണ് ഫ്രാന്‍സില്‍ വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തന രഹിതമായതോടെ രാജ്യത്ത് മൂന്ന് രാജ്യങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നത്.

ദേശീയ റെയില്‍വേ കമ്പനിയായ Renfe നല്‍കുന്ന വിവരമനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ഓടെയാണ് സ്‌പെയിനില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. ഇതോടെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതിന് ശേഷം ഒറ്റ സ്റ്റേഷനില്‍ നിന്നുപോലും ട്രെയിന്‍ പുറപ്പെട്ടിട്ടില്ല.

സ്‌പെയിനിലെ പ്രധാന നഗരങ്ങളിലൊന്നായ ബാഴ്‌സലോണയിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതി ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മാഡ്രിഡില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് മന്ദിരവും രാജ്യത്തെമ്പാടുമുള്ള മെട്രോ സ്റ്റേഷനുകളും ഇരുട്ടിലായി. സ്‌പെയിനില്‍ നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റായ മാഡ്രിഡ് ഓപ്പണിനെയും വൈദ്യുതി തടസം ബാധിച്ചു. സ്‌കോര്‍ബോര്‍ഡുകള്‍ ശൂന്യമായി. ടെന്നിസ് കോര്‍ട്ടിന് മുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ നിശ്ചലമായതോടെ മാച്ച് സ്തംഭിച്ചു. ബ്രിട്ടീഷ് താരമായ ജേക്കബ് ഫിയര്‍ലീ ടെന്നിസ് കോര്‍ട്ടില്‍ നിന്നുമടങ്ങി.

പത്ത് ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന പോര്‍ച്ചുഗലില്‍ തലസ്ഥാന നഗരമായ ലിസ്ബണിലും വൈദ്യുതി തടസം നേരിട്ടു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലുമാണ് പ്രധാനമായും വൈദ്യുതി നഷ്ടപ്പെട്ടത്. പോര്‍ച്ചുഗീസ് വൈദ്യുതി വിതരണക്കാരായ E-Redes നല്‍കുന്ന പ്രതികരണമനുസരിച്ച് വൈദ്യുതി തടസത്തിന് കാരണം യൂറോപ്യന്‍ ഇലക്ട്രിസിറ്റി സംവിധാനത്തില്‍ വന്ന തകരാറാണ്.


 



വെളിച്ചമില്ലാത്ത മെട്രോ സ്റ്റേഷനുകള്‍ക്കുള്ളിലോ പുറത്തോ 'ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന്' യാത്രക്കാര്‍ പരാതിപ്പെട്ടു, വലന്‍സിയ മെട്രോയും അതിന്റെ മുഴുവന്‍ സേവനവും നിര്‍ത്തിവച്ചു. പോര്‍ട്ടോ, ഫാരോ വിമാനത്താവളങ്ങളില്‍ അടിയന്തര ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും സര്‍വീസുകളെ ബാധിച്ചു. ലിസ്ബണ്‍ വിമാനത്താവളത്തിന് സമീപം ഗതാഗതം നിലച്ചതിനാല്‍ ഡസന്‍ കണക്കിന് വിമാന യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബെല്‍ജിയം വരെ വൈദ്യുതി തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നു.

Tags:    

Similar News