പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് അഞ്ചു വയസുകാരിയുടെ മരണം; ചികിത്സ പിഴവല്ല, സാധ്യമായ എല്ലാ ചികിത്സയും നല്‍കി; കടിയേറ്റശേഷം കുട്ടിയ്ക്ക് വീട്ടില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല; സിയയുടെ മരണകാരണം തലയിലേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് വൈറസ് എത്തിയതെന്ന് ഡോക്ടര്‍മാര്‍
സിയയുടെ മരണകാരണം തലയിലേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് വൈറസ് എത്തിയത്
കോഴിക്കോട്: മലപ്പുറം സ്വദേശിയായ അഞ്ചര വയസ്സുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ മരണകാരണം ചികിത്സ പിഴവല്ലെന്ന് വ്യക്തമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍. തലയിലേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് വൈറസ് ബാധയെത്തിയതാണ് മരണകാരണമെന്ന് അധികൃതര്‍ പറയുന്നു. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത്തില്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും ചികിത്സ പിഴവിലല്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെജി സജിത്ത് കുമാര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് മരിച്ചത്. മുഖത്തും തലയിലുമേറ്റ മുറിവുകാരണം തലച്ചോറിലേക്ക് നേരിട്ട് വൈറസ് എത്തി. ഇതാണ് മരണ കാരണം. തലച്ചോറിലെ വൈറസ്ബാധയെ തുടര്‍ന്നാണ് പ്രതിരോധ വാക്‌സിന്‍ ഫലിക്കാതെ വന്നതെന്നും സജിത്ത് കുമാര്‍ പറയുന്നു.
അഞ്ചുവയസ്സുകാരിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള നാല് മുറിവുകള്‍ ഉണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമാണ് മറ്റുമുറിവുകള്‍ ഉണ്ടായത്. തലയില്‍ ആഴത്തിലുള്ള മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചത് പ്രതിരോധമരുന്ന് ഫലം ചെയ്യാതിരിക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകയാണ് ആദ്യം വേണ്ടത്. അതിലൂടെ ശരീരത്തിലെത്തുന്ന വൈറസിന്റെ എണ്ണം കുറയ്ക്കാനാകും. എന്നാല്‍, കുട്ടിയുടെ കുട്ടിയുടെ മുറിവ് വീട്ടില്‍ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം മാത്രമാണ് കുട്ടിയുടെ മുറിവ് കഴുകിയത്. കുട്ടിയ്ക്ക് ഐഡിആര്‍വി വാക്സിന്‍ നല്‍കിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനുള്ള ഇമ്മ്യൂണോ ഗ്ലോബുലിന്‍ അവിടെവെച്ച് നല്‍കിയിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഡോക്ടര്‍മാര്‍ സന്നദ്ധരായെങ്കിലും കുട്ടിയുടെ മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് ഇആര്‍ഐജി നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍ച്ച് 29-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പ്രൊട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നെന്നും മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പേ വിഷബാധ ലക്ഷണങ്ങളോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മുഖത്തും തലയിലുമടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. തലയില്‍ മാത്രം നാലു മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ മുഖത്തും കാലിനും മുറിവേറ്റിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാത്രി രണ്ട് മണിക്കാണ് സിയ മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് മരണം. കഴിഞ്ഞ മാസം 29 നാണ് സിയയ്ക്ക് നായയുടെ കടിയേല്‍ക്കുന്നത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം.
ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്‌സിന്‍ നല്‍കി. മുറിവ് ഉണങ്ങി കുട്ടി വീണ്ടും സജീവമായി തുടങ്ങുന്നതിനിടെയാണ് പനി ബാധിക്കുന്നത്. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു.
തലക്കേറ്റ കടിയിലൂടെ വൈറസ് വേഗത്തില്‍ തലച്ചോറിലെത്തിയതാണ് മരണ കാരണം. സിയയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ഉള്‍പ്പടെ മറ്റു ഏഴു പേര്‍ക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. പ്രതിരോധ വാക്‌സിനെടുത്ത ഇവര്‍ക്കാര്‍ക്കും നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും വേണമെങ്കില്‍ രക്ത പരിശോധന നടത്താവുന്നതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
തെരുവ് നായ കടിച്ചാല്‍ ഉടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുക എന്നതാണ് പ്രധാനപെട്ട കാര്യം. പലപ്പോഴും ഈ പ്രാഥമിക ചികിത്സ നല്‍കാന്‍ വൈകുന്നതാണ് വിഷബാധ ഏല്‍ക്കുന്നതിനും ജീവന്‍ നഷ്ടമാകുന്നതിനും കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.