ഒന്ന് അടുത്തുവന്നപ്പോഴേക്കും വീണ്ടും അകന്നു! ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന് എതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്; പ്രകോപിപ്പിച്ചത് ട്രംപിന്റെ താരിഫുകളുടെ ആഘാതം ഉത്പന്നങ്ങളുടെ പ്രൈസ് ടാഗില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ; ആമസോണ്‍ ചൈനയുടെ ഉപകരണമായി മാറിയെന്ന് വൈറ്റ് ഹൗസ്

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന് എതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്

Update: 2025-04-29 17:24 GMT

വാഷിങ്ടണ്‍: ഒടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് എതിരെയും യുദ്ധം പ്രഖ്യാപിച്ചു. ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇറക്കുമതി ഉത്പന്നങ്ങളുടെ വില എത്രമാത്രം ഉയര്‍ത്തുമെന്ന് പ്രൈസ് ടാഗില്‍ ഉള്‍പ്പെടുത്താന്‍ ആമസോണ്‍ തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം.

ട്രംപിന്റെ താരിഫ് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുമെന്ന കാര്യം പരസ്യമായി പറഞ്ഞതില്‍ ട്രംപ് രോഷാകുലനാണ്. ഇത് അമേരിക്കക്ക് എതിരായ ആമസോണിന്റെ ശത്രുതാപരവും രാഷ്ട്രീയവുമായ പ്രവൃത്തി ആയി പോയെന്ന് വൈറ്റ് ഹൗസ് പരസ്യമായി വിമര്‍ശിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റാണ് ട്രംപിന്റെ അനിഷ്ടം അറിയിച്ചത്. ബൈഡന്‍ സര്‍ക്കാര്‍ 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയില്‍ പണപ്പെരുപ്പം ഉയര്‍ത്തിയപ്പോള്‍ ആമസോണ്‍ അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്, ലെവിറ്റ് ചോദിച്ചു.

ചൈനയുടെ കുപ്രചാരണത്തിന്റെ ഉപകരണമായി ആമസോണ്‍ മാറിയെന്ന് അവര്‍ ആരോപിച്ചു. ' റോയിട്ടേഴ്‌സ്‌

 അടുത്തിടെ എഴുതിയ പോലെ ആമസോണ്‍ ചൈനയുടെ പ്രചാരണ വിഭാഗവുമായി കൈകോര്‍ത്തിരിക്കുന്നു. അമേരിക്കക്കാര്‍ അമേരിക്കന്‍ സാധനങ്ങള്‍ എന്തുകൊണ്ട് വാങ്ങണം എന്നതില്‍ മറ്റൊരു കാരണവുമായി', ലെവിറ്റ് ആരോപിച്ചു.


അതേസമയം, ചൈന അടക്കം തങ്ങള്‍ ബിസിനസ് നടത്തുന്ന ഏതുരാജ്യത്തെയും നിയമങ്ങളും ചട്ടങ്ങളും തങ്ങള്‍ പാലിക്കാറുണ്ടെന്ന് ആമസോണ്‍ പ്രതികരിച്ചു. നവംബറില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടം ജയിച്ചതിന് ശേഷം ബെസോസ് അദ്ദേഹവുമായി കൂടുതല്‍ അടുത്തുവരികയായിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് 10 ദശലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുകയും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ബെസോസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. എന്തായാലും ട്രംപിന്റെ താരിഫുകളുടെ ആഘാതം വിലയില്‍ പ്രതിഫലിപ്പിക്കാനുള്ള തീരുമാനത്തോടെ ബന്ധം വീണ്ടും വഷളാവുകയാണ്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ വൈറ്റ് ഹൗസിന്റെ ആമസോണിന് എതിരെയുള്ള നിലപാടിനെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. താരിഫുകള്‍ വിലയില്‍ കാട്ടുന്നതില്‍ ആമസോണ്‍ സുതാര്യത കാട്ടുന്നതില്‍ എന്താണ് തെറ്റ്? അത് അമേരിക്കക്കാരെ അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കും, ഇല്ലേ മാഗ, ഒരാള്‍ കുറിച്ചു.

Tags:    

Similar News