ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയിരിക്കുന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു; സര്‍ക്കാരിനെ വെല്ലുവിളിച്ച് കലാമണ്ഡലം ചാന്‍സലര്‍; 'പിണറായിസം' അംഗീകരിക്കില്ലെന്ന പരോക്ഷ സൂചന നല്‍കി മല്ലികാ സാരാഭായ്; ആശ പ്രവര്‍ത്തകര്‍ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകല്‍ സമര യാത്ര; പിന്തുണ കൂടുന്നു
തിരുവനന്തപുരം: ആശ പ്രവര്‍ത്തകര്‍ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി രാപ്പകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരാഹാര സമരം ആരംഭിച്ച് 43-ാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്ളാഗ് ഓഫും നടന്നു. രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറി. മെയ് അഞ്ച് മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര.
അതിനിടെ ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി രംഗത്ത് വന്നു. തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി മല്ലിക സാരാഭായി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ചാന്‍സിലര്‍ ആയാല്‍ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയര്‍ത്തി ഫേസ്ബുക്കില്‍ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു. നിലവില്‍ അനിശ്ചിതകാല നിരാഹാരം ആശമാര്‍ പിന്‍വലിച്ചിരിക്കുകയാണ്. രാപ്പകല്‍ സമരം തുടരും. നിരാഹാര സമരം തുടങ്ങി 43 ദിവസമാണ് സമരം പിന്‍വലിച്ചത്. സമരത്ത പിന്തുണച്ചതിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.
'ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയിരിക്കുന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. മിണ്ടാതിരിക്കണോ, ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുന്നുണ്ട്. എല്ലായിടത്തും ഇവര്‍ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്, നാളുകളായി അവര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നു. ഇവരുടെ വേതന വര്‍ധനവിനായി പൗരാവലിയുടെ സഹായത്തോടെ സാറാ ജോസഫ് ജോസഫിന്റെ നേതൃത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്, എന്റെ അഭിപ്രായം ചോദിച്ചു, മറുപടിയും നല്‍കി. ഇനി ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല.' മല്ലിക സാരാഭായ് ഫെയ്സ്ബുക്കില്‍ കുറിച്ചു.