തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേര്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം ബാലരാമപുരം സ്വദേശികള്‍; അപകടത്തില്‍ പെട്ടത് വെളാങ്കണ്ണി തീര്‍ത്ഥാടനത്തിന് ഒമ്‌നി വാനില്‍ പോയ സംഘം; അമിത വേഗതയോ ഉറക്കമോ അപകട കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍

Update: 2025-05-04 04:14 GMT

ചെന്നൈ: തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനില്‍ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടന യാത്ര പോയ സംഘമാണ് അപകടത്തില്‍പെട്ടത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരിയിലാണ് അപകടം. ഒമ്‌നി വാനാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് നിഗമനം.

ഇന്ന് രാവിലെ നാഗപട്ടണത്തില്‍ നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സും, തിരുവനന്തപുരത്ത് നിന്നുള്ള ഏഴ് വിനോദസഞ്ചാരികളുടെ സംഘവുമായി വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്നലെയാണ് മലയാളികള്‍ വേളാങ്കണ്ണിയിലേക്ക് യാത്ര പോയത്.

Similar News