ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ......! യുവാവ് കാറുമായി കുടുങ്ങിയത് ചെങ്കുത്തായ മലഞ്ചെരുവില്‍; അപകടാവസ്ഥ മനസിലായത് 50 മീറ്ററോളം മുന്നോട്ട് കയറിയ ശേഷം; ഇന്റര്‍നെറ്റ് നോക്കി ഫയര്‍ഫോഴ്‌സിനെ വിളിച്ചു; റോപ്പിന്റെ സഹായത്തോടെ ആളെയും വണ്ടിയേയും രക്ഷിച്ച് ഫയര്‍ഫോഴ്‌സ്
അടൂര്‍: വലിയ അപകടം അല്‍പം വഴി മാറിയതോടെ ഒഴിവായി. ഗൂഗിള്‍ മാപ്പ് പിന്തുടര്‍ന്ന് യാത്ര ചെയ്ത സോഫ്ട്വെയര്‍ എന്‍ജിനീയര്‍ കാറുമായി മലഞ്ചെരുവില്‍ കുടുങ്ങിയ സംഭവത്തില്‍ ഫയര്‍ഫോഴ്സ് എത്തി വാഹനം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ബംഗളൂരുവിലെ കമ്പനിയിലുണ്ടായ ഐറ്റി പ്രൊഫഷണലും കൊല്ലം കൊടുമണ്‍ ഐക്കാട് സ്വദേശിയുമായ ഷൈബി എന്ന യുവാവാണ് അപകടത്തില്‍ നിന്നും അല്‍പത്തിലും രക്ഷപെട്ടത്.
അവധി കഴിഞ്ഞ് തിരിച്ചുപോകാനായി നൂറനാട് ഭാഗത്തുനിന്ന് ബംഗ്ലൂരുവിലേക്കുള്ള യാത്രക്കിടയില്‍ ഷൈബി ഗൂഗിള്‍ മാപ്പ് പിന്തുടര്‍ന്ന് കുടശനാടില്‍ നിന്നും വഴിതെറ്റി ആദിക്കാട്ടുകുളങ്ങര വഴി കരിമാന്‍കാവ് മറ്റപ്പള്ളി റബ്ബര്‍ എസ്റ്റേറ്റിലെ അപകടകരമായ മലഞ്ചെരുവിലേക്ക് കയറിപ്പോയി. വാഹനം തിരിക്കാനാകാതെ ചെങ്കുത്തായ സ്ഥലത്ത് 50 മീറ്ററോളം കയറിയ ശേഷമാണ് അപകടാവസ്ഥ മനസ്സിലായത്.
ഇന്റര്‍നെറ്റ് വഴി അടൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍ സജാദ്, ഓഫീസര്‍മാരായ സാനിഷ്, ദീപേഷ്, ഹോം ഗാര്‍ഡ് പി.എസ്. രാജന്‍ എന്നിവര്‍ സ്ഥലത്തെത്തി റോപ്പിന്റെ സഹായത്തോടെ വാഹനം താഴേക്കിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ഈ ഭാഗത്ത് മുന്‍പും വാഹനങ്ങള്‍ വഴിതെറ്റി വന്നിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങള്‍ തലകീഴായി മറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരെ തിരിച്ചു വിടാറുള്ളതായി നാട്ടുകാര്‍ വ്യക്തമാക്കി.
വഴിതെറ്റിയ കാറിന് സഹായം ആവശ്യപ്പെട്ടതോടെ പരിസരത്തുണ്ടായിരുന്ന ചില നാട്ടുകാരാണ് ലൊക്കേഷന്‍ വ്യക്തമായി ഫയര്‍ഫോഴ്സിനെ അറിയിച്ചത്. വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായും, ഭാവിയില്‍ മാപ്പ് കാണുമ്പോള്‍ വിജനമായ വഴികളിലൂടെയാണെങ്കില്‍ കൂടുതല്‍ ജാഗ്രത ആവശ്യമെന്നറിഞ്ഞതായും ഷൈബി പറഞ്ഞു. ഗൂഗിള്‍ മാപ്പ് വഴി സഞ്ചരിക്കുമ്പോള്‍ വിജനമായ സ്ഥലത്ത് കുടി ആണ് പോകുന്നതെങ്കില്‍ ഇത് ശരിയാണോ എന്ന് മറ്റു മാര്‍ഗങ്ങളില്‍ കൂടി അന്വേഷിച്ചു പോകുന്നത് രക്ഷപ്പെടാന്‍ ഉചിതമാകുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍അറിയിച്ചു.